അമേരിക്കയുടെ ഭീഷണിക്ക് തല്‍ക്കാലം വഴങ്ങില്ല; വീണ്ടും റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; 'മുന്‍ഗണന ദേശീയ താല്‍പര്യം സംരക്ഷിക്കുന്നതിന്, മികച്ച ഡീല്‍ ലഭിക്കുന്നിടത്ത് നിന്ന് എണ്ണ വാങ്ങുന്നത് തുടരും' എന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍; ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടരും

അമേരിക്കയുടെ ഭീഷണിക്ക് തല്‍ക്കാലം വഴങ്ങില്ല; വീണ്ടും റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ

Update: 2025-08-25 02:10 GMT

മോസ്‌കോ: അമേരിക്കയുടെ ഭീഷണി തള്ളി റഷ്യയുമായി എണ്ണ വ്യാപാരം തുടരാന്‍ ഇന്ത്യ. മികച്ച ഡീല്‍ ലഭിക്കുന്നത് എവിടെയാണോ, അവിടെ നിന്നും എണ്ണ വാങ്ങുമെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാര്‍ വ്യക്തമാക്കി. ദേശീയ താല്‍പര്യം സംരക്ഷിക്കുന്ന നടപടികള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്ന് വിനയ് കുമാര്‍ പറഞ്ഞു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിന് നല്‍കിയ അഭിമുഖത്തിലാണ് വിനയ് കുമാറിന്റെ പ്രസ്താവന.

രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങള്‍ക്ക് ഊര്‍ജ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിനയ് കുമാര്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 50 ശതമാനം ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയാലും , ഇന്ത്യന്‍ സര്‍ക്കാര്‍ ദേശീയ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത് തുടരും. റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയതിന് പിഴയായി ഇന്ത്യക്ക് 25 ശതമാനം അധിക തീരുവ ചുമത്താനുള്ള യുഎസ് തീരുമാനം അന്യായവും യുക്തിരഹിതവുമാണെന്നും വിനയ് കൂട്ടിച്ചേര്‍ത്തു.

വാണിജ്യാടിസ്ഥാനത്തിലാണ് വ്യാപാരം നടക്കുന്നതെന്ന് വിനയ് കുമാര്‍ എടുത്തുപറഞ്ഞു. വാണിജ്യ ഇടപാട് വ്യാപാര ഇറക്കുമതിയുടെ അടിസ്ഥാനം ശരിയാണെങ്കില്‍, ഇന്ത്യന്‍ കമ്പനികള്‍ ഏറ്റവും മികച്ച ഡീല്‍ ലഭിക്കുന്നിടത്ത് നിന്ന് വാങ്ങുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് യുക്രെയ്‌നന്‍ സംഘര്‍ഷത്തിന് ധനസഹായം നല്‍കുന്നുണ്ടെന്ന് നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. എന്നാല്‍, അത്തരം അവകാശവാദങ്ങളെ ശക്തമായി നിരാകരിച്ചിരിക്കുകയാണ് ഇന്ത്യ.

അതേസമയം രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയിലും ഭാരത് പെട്രോളിയവും റഷ്യയില്‍നിന്നുള്ള ക്രൂഡ് ഓയില്‍ വീണ്ടും വാങ്ങിത്തുടങ്ങി. യുറാള്‍ ക്രൂഡ് ഓയിലിന് ബാരലിന് കൂടുതല്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചതോടെയാണ് നടപടി. സെപ്തംബര്‍, ഒക്ടോബര്‍ വിതരണത്തിനുള്ള ഇന്ധനമാണ് വാങ്ങുന്നത്. ചൈനയും കൂടുതലായി റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട്.

അമേരിക്ക ഇന്ത്യക്കുമേല്‍ തീരുവ ചുമത്തിയതോടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് കമ്പനികള്‍ കുറച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും തമ്മില്‍ ചര്‍ച്ചനടത്തിയതിനുപിന്നാലെയാണ് ഇന്ത്യന്‍ കമ്പനികള്‍ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങിത്തുടങ്ങിയിരിക്കുന്നത്.

റഷ്യയുടെ എണ്ണവിലയിലെ ഇളവ് കുറഞ്ഞതും ജൂലായില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്താന്‍ ഇന്ത്യന്‍ കമ്പനികളെ പ്രേരിപ്പിച്ചിരുന്നു. ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചപ്പോള്‍ ചൈന കൂടുതലായി വാങ്ങാന്‍ രംഗത്തുവന്നിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതുതുടര്‍ന്നാല്‍ ഇന്ത്യക്കുമേല്‍ ഓഗസ്റ്റ് 27 മുതല്‍ 25 ശതമാനം പിഴത്തീരുവ ചുമത്തുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുനിലനില്‍ക്കെയാണ് ഇന്ത്യന്‍ പൊതുമേഖലാക്കമ്പനികള്‍ കൂടുതല്‍ എണ്ണ വാങ്ങാന്‍ രംഗത്തുവന്നിരിക്കുന്നത്. വിപണിയിലെ വിലയും സാഹചര്യവും നോക്കി റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

റഷ്യയില്‍നിന്ന് ഇന്ത്യ കൂടുതല്‍ എണ്ണ വാങ്ങാന്‍ സന്നദ്ധമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍നിന്ന് കൂടുതല്‍ ഉത്പന്നങ്ങള്‍ ഇറക്കുമതിചെയ്യാന്‍ റഷ്യ സന്നദ്ധതയറിയിച്ചിട്ടുണ്ട്. എണ്ണയുടെ പേരില്‍ യുഎസ് വിപണിയില്‍ പ്രവേശിക്കാന്‍ ഇന്ത്യക്ക് തടസ്സങ്ങളുണ്ടെങ്കില്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യാമെന്ന് റഷ്യന്‍ നയതന്ത്ര പ്രതിനിധി റോമന്‍ ബാബുഷ്‌കിന്‍ വ്യക്തമാക്കി. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്ക് ഏകപക്ഷീയമായി നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഉപരോധങ്ങള്‍ അത് ഏര്‍പ്പെടുത്തുന്ന രാജ്യങ്ങള്‍ക്കുതന്നെയാകും തിരിച്ചടിയാകുക. ഇന്ത്യ വലിയ വെല്ലുവിളി നേരിടുന്ന സാഹചര്യമാണിത്. എന്നാല്‍, ഇന്ത്യയുമായുള്ള ബന്ധത്തില്‍ വിശ്വസിക്കുന്നു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഊര്‍ജ സഹകരണം തുടരും. ഇതില്‍ വിദേശസമ്മര്‍ദം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News