വൂള്‍ഫ്, കൊക്കേഷ്യന്‍, ഷെപ്പേര്‍ഡ് എന്നീ നായകളുടെ സങ്കര ഇനം; ബ്രീഡ് ചെയ്തത് അമേരിക്കയില്‍; 50 കോടി നല്‍കി ബംഗളുരുവിലെ സതീഷ് വാങ്ങിയത് അപൂര്‍വ്വ ഇനം നായയെ; എട്ടു മാസം പ്രായമായ ഒകാമി ദിവസവും അകത്താക്കുന്നത് മൂന്ന് കിലോ മാംസം
50 കോടി നല്‍കി ബംഗളുരുവിലെ സതീഷ് വാങ്ങിയത് അപൂര്‍വ്വ ഇനം നായയെ;
ബംഗളുരു: വളര്‍ത്തു മൃഗങ്ങളെ ഇഷ്ടപ്പെടുന്നവര്‍ എത്ര വലിയ വില നല്‍കിയും അതിനെ സ്വന്തമാക്കാന്‍ മടിക്കാത്തവരാണ്. ലക്ഷങ്ങള്‍ നല്‍കി നായ്ക്കളെ സ്വന്തമാക്കുന്നവരെ നമുക്കറിയാം. എന്നാല്‍ കോടികള്‍ നല്‍കി ഒരു അപൂര്‍വ്വ ഇനം നായയെ സ്വന്തമാക്കിയ ഇന്ത്യക്കാരനാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ബംഗളൂരു സ്വദേശിയായ എസ്. സതീഷ് എന്ന നായപ്രേമിയാണ് 50 കോടി രൂപ നല്‍കി നായയെ സ്വന്തമാക്കിയത്.
വൂള്‍ഫ് ഡോഗ് ഇനത്തില്‍ പെട്ട കഡബോംബ് ഒകാമി എന്ന നായയെയാണ് ഈ മോഹവില നല്‍കി സതീഷ് വാങ്ങിയത്. ഇതോടെ ലോകത്തെ ഏറ്റവും വിലകൂടിയ നായ എന്ന അപൂര്‍വ്വ ബഹുമതിയും ഒകാമി സ്വന്തമാക്കിയിരിക്കുകയാണ്. വൂള്‍ഫ്, കൊക്കേഷ്യന്‍, ഷെപ്പേര്‍ഡ് എന്നീ നായകളുടെ സങ്കര ഇനമാണിത്. സതീഷിന്റെ നായശേഖരത്തിലെ ഏറ്റവും പുതിയ അതിഥിയാണ് ഒകാമി. അമേരിക്കയില്‍ ബ്രീഡ് ചെയ്ത ഈ നായയെ കഴിഞ്ഞ മാസമാണ് ഇന്ത്യയില്‍ എത്തിച്ചത്. ഒകാമിയുടെ പ്രായം എട്ട് മാസമാണ്. 75 കിലോ തൂക്കവും 30 ഇഞ്ച് ഉയരവുമാണ് ഇതിനുള്ളത്.
ദിവസവും മൂന്ന് കിലോ മാംസമാണ് ഒകാമി അകത്താക്കുന്നത്. ചെന്നായ്ക്കളുമായി രൂപ സാദൃശ്യമുള്ള കാഡബോംസ് ഇനത്തില്‍ പെട്ട നായ്ക്കള്‍ ലോകത്ത് മുമ്പൊരിക്കലും ഇത്തരത്തില്‍ വിറ്റുപോയിട്ടില്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ ഇത്തരം നായ്ക്കളെ ഇന്ത്യക്കാര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും കാരണമാണ് ഇത്രയും വലിയ വില കൊടുത്ത് ഈ നായയെ സ്വന്തമാക്കിയതെന്നും സതീഷ് വ്യക്തമാക്കി. നായകളെ വളര്‍ത്തുന്നതിനും ബ്രീഡിംഗിലും തല്‍പ്പരനായ സതീഷിന് 150 ഇനങ്ങളില്‍ പെട്ട നായകള്‍ സ്വന്തമായിട്ടുണ്ട്.
വലിയ ചടങ്ങുകളില്‍ തന്റെ നായകളെ പ്രദര്‍ശിപ്പിച്ച് കോടികളാണ് ഇദ്ദേഹം സമ്പാദിക്കുന്നത്. ഇന്ത്യന്‍ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയാണ് സതീഷ്. ഫെബ്രുവരിയില്‍ ഒരു ബ്രോക്കര്‍ വഴിയാണ് സതീഷ് ഈ നായയെ വാങ്ങിയത്. നായകള്‍ക്ക് പാര്‍ക്കാനായി ആറ് ഏക്കര്‍ സ്ഥലമാണ് ഇദ്ദേഹം മാറ്റി വെച്ചിരിക്കുന്നത്. ഇവയെ സംരക്ഷിക്കാനായി ആറ് ജീവനക്കാരേയും നിയോഗിച്ചിട്ടുണ്ട്. ഒകാമിയെ കുറിച്ചുള്ള സതീഷ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോ കണ്ടത് മുപ്പത് ലക്ഷം പേരാണ്.
ആളുകള്‍ ഒകാമിയും ഒത്ത് സെല്‍ഫിയെടുക്കാനും ധാരാളമായി എത്തുന്നുണ്ട്. പല സിനിമാതാരങ്ങള്‍ക്കും ഉള്ളതിനേക്കാള്‍ ആരാധകരമാണ് ഒകാമിക്ക് ഉള്ളതെന്നാണ് സതീഷ് മാധ്യമങ്ങളോട് അവകാശപ്പെടുന്നത്. നേരത്തേ നായ്ക്കളുടെ ബ്രീഡിംഗ് നടത്തിയിരുന്ന സതീഷ് ഇപ്പോള്‍ അത് നിര്‍ത്തി വെച്ചിരിക്കുകയാണ്. അമേരിക്കന്‍ കെന്നല്‍ ക്ലബ് വ്യക്തമാക്കിയിരിക്കുന്നത് വൂള്‍ഫ് ഡോഗ് ഇനത്തില്‍ പെട്ട നായ്ക്കളെ സുരക്ഷാ ജോലികള്‍ക്കായി ഏറ്റവുമധികം പ്രയോജനപ്പെടുത്താന്‍ കഴിയും എന്നാണ്. കഴിഞ്ഞ വര്‍ഷം സതീഷ് 28 കോടി ചെലവാക്കി ചൗചൗ ഇനത്തില്‍ പെട്ട ഒരപൂര്‍വ്വ ഇനം നായയെയും സ്വന്തമാക്കിയിരുന്നു.