രജിസ്റ്റേര്‍ഡ് പോസ്റ്റിനെ പൂര്‍ണമായും ഒഴിവാക്കുന്നതല്ല; സ്പീഡ് പോസ്റ്റുമായി സംയോജിപ്പിച്ച് നവീകരിക്കും; പുതിയ സംവിധാനത്തില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റിന്റെ എല്ലാ സവിശേഷതകളും തുടരും; സ്പീഡ് പോസ്റ്റിന്റെ വേഗതയും വിശ്വാസ്യതയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്ന് തപാല്‍ വകുപ്പ്

Update: 2025-08-20 07:09 GMT

ന്യൂഡല്‍ഹി: 50 വര്‍ഷത്തിലേറെ പഴക്കമുള്ള രജിസ്റ്റേര്‍ഡ് പോസ്റ്റ് സേവനം നിര്‍ത്തലാക്കുന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വ്യക്തത നല്‍കി തപാല്‍ വകുപ്പ്. രജിസ്റ്റേര്‍ഡ് പോസ്റ്റിനെ പൂര്‍ണമായും ഒഴിവാക്കുന്നതല്ല, മറിച്ച് സ്പീഡ് പോസ്റ്റുമായി സംയോജിപ്പിച്ച് നവീകരിക്കുന്നതാണെന്ന് വകുപ്പ് വ്യക്തമാക്കി. തപാല്‍ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും വിതരണം വേഗത്തിലാക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുമുള്ള പദ്ധതിയുടെ ഭാഗമായാണ് മാറ്റം. സോഷ്യല്‍ മീഡിയയില്‍ വന്ന ഊഹാപോഹങ്ങള്‍ക്കിടെ തപാല്‍ വകുപ്പിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് വിശദീകരണം പുറത്ത് വിട്ടത്.

പുതിയ സംവിധാനത്തില്‍ രജിസ്റ്റേര്‍ഡ് പോസ്റ്റിന്റെ എല്ലാ സവിശേഷതകളും തുടരുമെന്നും, സ്പീഡ് പോസ്റ്റിന്റെ വേഗതയും വിശ്വാസ്യതയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുമെന്നും വകുപ്പ് അറിയിച്ചു. ഇതിനായി തപാല്‍ വകുപ്പ് സോനങ്ങള്‍ നവീകരിക്കുകയും സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വ്യക്തിഗത വിതരണം, കൈപ്പറ്റിയതിന്റെ രസീത്, നിയമപരമായ സാധുത തുടങ്ങിയ രജിസ്റ്റേര്‍ഡ് പോസ്റ്റിന്റെ പ്രധാന സവിശേഷതകള്‍ നിലനില്‍ക്കും. പുതിയ ഏകീകൃത സേവനത്തിന് കീഴില്‍ തത്സമയ ട്രാക്കിംഗ്, ഒടിപി അടിസ്ഥാനത്തിലുള്ള സുരക്ഷ, ക്യാഷ് ഓണ്‍ ഡെലിവറി (സിഒഡി), കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്കായി ദേശീയ അക്കൗണ്ട്, വലിയ തോതില്‍ ഉപയോഗിക്കുന്നവര്‍ക്ക് ക്രെഡിറ്റ് സൗകര്യം തുടങ്ങി നിരവധി പുതുമകള്‍ ഉള്‍പ്പെടുത്തുന്നുണ്ട്.

കൂടാതെ രജ്‌സ്‌ട്രേഷനോടെ സ്പീഡ് പോസ്റ്റായി ബുക്ക് ചെയ്യുന്ന പോസ്റ്റുകള്‍ക്ക് ഇനിമുതല്‍ വിലാസക്കാരന് മാത്രമായി അയയ്ക്കും. അതേസമയം രജിസ്റ്റേര്‍ഡ് പോസ്റ്റിന്റെ മാറ്റമില്ലതെ തുടരുന്ന സവിശേഷതകള്‍ ഇതൊക്കെയാണ്. വ്യക്തിഗത വിതരണം, വിലാസക്കാരനോ അദ്ദേഹം അധികാരപ്പെടുത്തിയ വ്യക്തിക്കോ മാത്രമേ പോസ്റ്റ് കൈപ്പറ്റാന്‍ സാധിക്കു. വിതരണം ചെയ്തതിന്റെ രസീത് ഉണ്ടായിരിക്കും. നിയമപരമായ സാധുതയും കൈപ്പറ്റിയതിന്റെ രസീതും. പോസ്റ്റുകള്‍ തത്സമയം ട്രാക്ക് ചെയ്യാന്‍ സാധിക്കും.

പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിബിഐ) പുറത്തിറക്കിയ പത്രക്കുറിപ്പനുസരിച്ച്, രജിസ്റ്റേര്‍ഡ്-സ്പീഡ് പോസ്റ്റ് ലയനം യാത്രാമധ്യേയുള്ള കാലതാമസം കുറയ്ക്കുമെന്നും സേവനം കൂടുതല്‍ വിശ്വാസ്യതയോടെ ലഭ്യമാക്കുമെന്നും പ്രതീക്ഷിക്കുന്നു. സ്പീഡ് പോസ്റ്റുമായി സംയോജിപ്പിക്കുന്നതിലൂടെ രജിസ്റ്റാര്‍ഡ് പോസ്റ്റിന്റെ പഴയ സുരക്ഷാ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ ഉപഭോക്താക്കള്‍ക്ക് വേഗതയേറിയ വിതരണം ഉറപ്പാക്കുകയെന്നതാണ് വകുപ്പ് ലക്ഷ്യമാക്കുന്നത്. ഉപയോക്താക്കളുടെ പ്രതീക്ഷകളും നിലവിലെ വിപണി ആവശ്യങ്ങളും കണക്കിലെടുത്താണ് ഏറ്റവും പുതിയ ഈ നവീകരണം നടത്തിയിരിക്കുന്നത്.

Tags:    

Similar News