ആ ഹെലികോപ്ടര്‍ തള്ള് കണ്ട് ആശ്ചര്യപ്പെട്ട് ലോക മാധ്യമങ്ങളും; രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്റെ ടയറുകള്‍ കോണ്‍ക്രീറ്റില്‍ പുതഞ്ഞ സംഭവം ബിബിസിയിലും ഡെയ്ലി മെയിലിലും വാര്‍ത്ത; സുരക്ഷാ വീഴ്ച്ചക്കൊപ്പം 'എയറിലായി' കോന്നി എംഎല്‍എ ജനീഷ് കുമാറും
ആ ഹെലികോപ്ടര്‍ തള്ള് കണ്ട് ആശ്ചര്യപ്പെട്ട് ലോക മാധ്യമങ്ങളും
തിരുവനന്തപുരം: ശബരിമലയില്‍ ദര്‍ശനം നടത്താനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്റെ ടയറുകള്‍ പത്തനംതിട്ട പ്രമാടത്ത് ഹെലിപാഡിലെ കോണ്‍ക്രീറ്റില്‍ താഴ്ന്ന സംഭവം ഇപ്പോള്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ ചര്‍ച്ചയായി മാറുകയാണ്. ബി.ബി.സിയും ഡെയ്ലി മെയിലും ഉള്‍പ്പെടെയുള്ള പാശ്ചാത്യ മാധ്യമങ്ങളും ഈ വാര്‍ത്ത വലിയ പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്.
ഇന്ത്യന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ പുതുതായി ഒഴിച്ച കോണ്‍ക്രീറ്റില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അത് തള്ളിമാറ്റാന്‍ ഓടുകയായിരുന്നു എന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. moment emergency services have to push indian president's helicopter after it landed on freshly poured concrete എന്നാണ് അവര്‍ ഇതിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്.
ഫയര്‍ഫോഴ്‌സും പോലീസും ഹെലികോപ്റ്റര്‍ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് സോഷ്യല്‍ മീഡിയയിലെ ദൃശ്യങ്ങള്‍ അവര്‍ കാണിക്കുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ നിലയ്ക്കലിലെ അതിന്റെ യഥാര്‍ത്ഥ ലക്ഷ്യസ്ഥാനത്തുനിന്ന് വഴിതിരിച്ചുവിടാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് രാത്രി മുഴുവന്‍ താല്‍ക്കാലിക ഹെലിപാഡ് തയ്യാറാക്കിയിരുന്നതായി പ്രദാശിക മാധ്യമങ്ങളെ ഉദ്ധരിച്ചു കൊണ്ട് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കാര്യത്തില്‍ നിരവധി പേര്‍ കേരള സര്‍ക്കാരിനെ കളിയാക്കി കൊണ്ട് ഇട്ട പോസ്റ്റുകളും ഡെയ്ലി മെയില്‍, നല്‍കിയിട്ടുണ്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സിയും ഈ വാര്‍ത്ത വളരെ പ്രാധാന്യത്തോടെയാണ് നല്‍കിയിരിക്കുന്നത്. പ്രമുഖ
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തു വിട്ട ദൃശ്യങ്ങളില്‍ ഉദ്യോഗസ്ഥര്‍ ഹെലികോപ്ടര്‍ തള്ളിമാറ്റുന്നതും ബി.ബി.സി പങ്ക് വെച്ചിട്ടുണ്ട്.
അതേസമയം പ്രമാടത്ത് രാഷ്ട്രപതി ഹെലികോപ്റ്ററിന്റെ ടയറുകള്‍ ഹെലിപാഡിലെ കോണ്‍ഗ്രീറ്റില്‍ താഴ്ന്നെന്ന വാര്‍ത്ത തള്ളി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ രംഗത്തുവന്നതും സോഷ്യല്‍ മീഡിയിയല്‍ വലിയ ട്രോളായ മാറിയിരുന്നു. നിരവധി പേരാണ് ജനീഷ് കുമാറിനെ ട്രോളി രംഗത്തുവന്നത്. ദൂരെ നിന്ന് കാണുമ്പോള്‍ അങ്ങനെ തോന്നുന്നതാണെന്നും പൈലറ്റ് പറഞ്ഞത് അനുസരിച്ച് എച്ച് മാര്‍ക്കില്‍ ഹെലികോപ്റ്റര്‍ ഇടാന്‍ വേണ്ടിയാണ് തള്ളിയതെന്നും ജനീഷ് കുമാര്‍ പറഞ്ഞു. കോണ്‍ഗ്രീറ്റില്‍ ടയര്‍ താഴ്ന്നാല്‍ എന്താണ് കുഴപ്പമെന്നും ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും ജനീഷ് കുമാര്‍ പ്രതികരിക്കുകയുണ്ടായി.
'ദൂരെ നിന്ന് നോക്കിയപ്പോള്‍ തോന്നിയതാകാം. ഞാന്‍ സ്ഥലത്ത് തന്നെ ഉണ്ടായിരുന്നല്ലോ. തെറ്റിദ്ധാരണയുടെ പുറത്താണ് അത്തരമൊരു വാര്‍ത്ത വന്നത്. വല്ലാത്ത അപമാനമായിപ്പോയി. ഹെലിപ്പാഡില്‍ എച്ച് മാര്‍ക്ക് ചെയ്തിട്ടുണ്ട്. അവിടെയാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത്. ലാന്‍ഡ് ചെയ്തപ്പോള്‍ അല്‍പ്പം പുറകിലേക്ക് ആയിപ്പോയി. ഉയര്‍ത്തുന്ന ഘട്ടത്തില്‍ ഫാന്‍ കറങ്ങി പിറകുവശത്തെ ചളിയും പൊടിയും ഉയരാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് പൈലറ്റ് തന്നെയാണ് സുരക്ഷാ ജീവനക്കാരോട് ഹെലികോപ്റ്റര്‍ സെന്‍ട്രലിലേക്ക് നീക്കി നിര്‍ത്തണമെന്ന് പറഞ്ഞത്. ഹെലിപ്പാഡില്‍ ഒരു കേടുപാടും ഉണ്ടായിട്ടില്ല', ജനീഷ് കുമാര്‍ പറഞ്ഞു.
എയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷമാണ് എല്ലാം ചെയ്തത്. സുരക്ഷാവീഴ്ച ഉണ്ടായിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തിലാണ് എല്ലാം ഒരുക്കിയത്. കോണ്‍ഗ്രീറ്റ് ഇച്ചിരി താഴ്ന്നാല്‍ എന്താ കുഴപ്പം. ഹെലികോപ്റ്റര്‍ മുകളിലോട്ട് അല്ലേ ഉയരുന്നതെന്നും ജനീഷ് കുമാര്‍ ചോദിച്ചു. അതേസമയം സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തി. സംസ്ഥാനം വേണ്ട ജാഗ്രത കാണിച്ചില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരോട് മന്ത്രാലയം വിശദീകരണം തേടുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ സംഭവത്തില്‍ സുരക്ഷാവീഴ്ചയില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ നിലപാട്.