ടിക്കറ്റ് ബുക്ക് ചെയ്ത് ബോര്‍ഡിങ് പാസും ലഭിച്ചു; എയര്‍ലൈന്‍സ് സീറ്റ് നല്‍കിയത് മറ്റൊരാള്‍ക്ക്; യാത്രാ ദിവസം വിമാനത്താവളത്തിലെത്തിയ കുടുംബത്തിന് ലഭിച്ചത് വിചിത്ര മറുപടി; ഒടുവില്‍ മാപ്പ് പറഞ്ഞ് മറ്റൊരു വിമാനത്തില്‍ സീറ്റ് തരപ്പെടുത്തി; ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്ക് മറക്കാനാവാത്ത 'ഒരു ഇന്‍ഡിഗോ യാത്ര'; എയര്‍ലൈന്‍സിന്റെ 'ബോര്‍ഡിങ് പാസ്' പിശകില്‍ പെട്ടത് മലയാളി കുടുംബം
തിരുവനന്തപുരം: ടിക്കറ്റ് ബുക്ക് ചെയ്ത് ബോര്‍ഡിങ് പാസും ലഭിച്ച ശേഷം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കിയെന്ന് അറിയിപ്പ് ലഭിച്ചതോടെ യാത്ര വൈകിയതായി പരാതി. കടയ്ക്കാവൂര്‍ സ്വദേശി സാം ഹാര്‍ട്ടറിനും കുടുംബത്തിനുമാണ് എയര്‍ലൈന്‍സിന്റെ അനാസ്ഥ കാരണം യാത്ര വൈകിയത്. ഇന്‍ഡിഗോ എയര്‍ലൈന്‍സിനെതിരെയാണ് ഗുരുതര ആരോപണവുമായി സാം രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തില്‍ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയിരിക്കുകയാണ് സാം. ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രയാണ് മുടങ്ങിയത്. ജോലി സംബന്ധവുമായ ആവശ്യവുമായി കൊച്ചിയില്‍ എത്തുന്നതിനായാണ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. ഒപ്പം ഭാര്യയും കുട്ടിയുമുണ്ടായിരുന്നു. പകരം മറ്റൊരു വിമാനത്തില്‍ സീറ്റ് തരപ്പെടുത്തിയെങ്കിലും വൈകിയാണ് കൊച്ചിയിലെത്താന്‍ സാധിച്ചതെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ യാത്ര വൈകിയതോടെ ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പരാതിക്കാരന്‍ പറയുന്നത്. മലയാള സിനിമ ഇന്‍ഡസ്ട്രയില്‍ പ്രോജക്ട് ഡിസൈനറായി ജോലി ചെയ്യുന്ന സാം പ്രോജക്ട് മീറ്റിംഗില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹിയില്‍ നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. കഴിഞ്ഞ നവംബര്‍ 11 ന് ജോലി സംബന്ധമായ ആവശ്യവുമായി കൊച്ചിയില്‍ എത്തേണ്ടതായി ഉണ്ടായിരുന്നതായി പരാതിയില്‍ പറയുന്നു. പരാതിക്കാരന്‍ വിമാനം കഴിഞ്ഞ സെപ്റ്റംബര്‍ 11നാണ് ബുക്ക് ചെയ്തിരുന്നത്. അതായത് യാത്രക്ക് രണ്ട് മാസം മുന്‍പാണ് സാം വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നത്. യാത്രയ്ക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്യാന്‍ മതിയായ സമയം ലഭിക്കുമെന്നതിനാലാണ് യാത്രാ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്തതെന്ന് പരാതിക്കാരന്‍ പറയുന്നു.
യാത്രയ്ക്ക് മുന്‍പ് എയര്‍ലൈനിന്റെ വെബ്സൈറ്റ് വഴി ചെക്ക്-ഇന്‍ പ്രക്രിയ പൂര്‍ത്തിയാക്കാനുള്ള സംവിധാനമുണ്ട്. കഴിഞ്ഞ നവംബര്‍ 10ന് യാത്രാ നടപടിക്രമങ്ങള്‍ക്കനുസൃതമായി വിമാനത്താവളത്തില്‍ എത്തുന്നതിനുമുമ്പ് താനും കുടുംബാംഗങ്ങളും ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ നടത്തിയതായും, ഇത് എയര്‍ലൈന്‍ സ്ഥിരീകരിച്ചതായും പരാതിയില്‍ പറയുന്നു. കൂടാതെ യാത്രയ്ക്ക് ആവശ്യമായ ബോര്‍ഡിംഗ് പാസുകള്‍ നല്‍കിയിരുന്നു. ഓണ്‍ലൈന്‍ ചെക്ക്-ഇന്‍ സമയത്ത് വിമാനത്തിന്റെ ഷെഡ്യൂള്‍ ചെയ്ത മാറ്റങ്ങളെക്കുറിച്ചോ എയര്‍ലൈന്‍ ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ല. യാത്രാ ദിവസം പരാതിക്കാരനും കുടുംബവും വളരെ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തിയിരുന്നു.
എന്നാല്‍ പരാതിക്കാരനും കുടുംബവും കയറാന്‍ ഉദ്ദേശിച്ചിരുന്ന വിമാനം പൂര്‍ണ്ണമായും ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനാല്‍ അവര്‍ക്ക് ആ വിമാനത്തില്‍ യാത്ര ചെയ്യാന്‍ കഴിയില്ലെന്നും എയര്‍ലൈനിലെ ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍ലൈന്‍സ് ജീവനക്കാര്‍ ഇവര്‍ക്ക് മറ്റൊരു വിമാനത്തില്‍ ടിക്കറ്റ് തരപ്പെടുത്തി നല്‍കി. ഡല്‍ഹിയില്‍ നിന്ന് കൊച്ചിയിലേക്കുള്ളതായിരുന്നു ടിക്കറ്റ്. എന്നാല്‍ ടിക്കറ്റ് ലഭിച്ച വിമാനത്തിന് ഹൈദരാബാദില്‍ സ്റ്റോപ്പ് ഓവര്‍ ഉണ്ടായിരുന്നതിനാല്‍ ഉദ്ദേശ സമയം കൊച്ചിയിലെത്താന്‍ സാധിച്ചില്ലെന്നും ഇത് കാരണം യാത്രക്കാരന് ലക്ഷങ്ങളുടെ പ്രോജക്ട് നഷ്ടമായെന്നും പരാതിയില്‍ പറയുന്നു. നഷ്ടപരിഹാരം നല്‍കാമെന്ന വാഗ്ദാനവുമായി എയര്‍ലൈന്‍സ് ബന്ധപ്പെട്ടിരുന്നു. എന്നാല്‍ വളരെ ചെറിയ തുകയായിരുന്നു നഷ്ടപരിഹാരമായി എയര്‍ലൈന്‍സ് നല്‍കാമെന്ന് പറഞ്ഞിരുന്നതെന്നും സാം പറയുന്നു.