ഇന്ത്യക്ക് എതിരായ ഏതുഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും; പുതിയ തീവ്രവാദവിരുദ്ധ നയവുമായി ഇന്ത്യ; നിലപാട് കടുപ്പിച്ച് പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പ്; തീരുമാനം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍; വൈകിട്ട് 6 മണിക്ക് സംയുക്ത വാര്‍ത്താ സമ്മേളനം; സംഘര്‍ഷം രൂക്ഷമായതോടെ രാജ്യമാകെ കനത്ത ജാഗ്രതാ നിര്‍ദ്ദേശം

ഇന്ത്യക്ക് എതിരായ ഏതുഭീകരാക്രമണവും ഇനി യുദ്ധമായി കണക്കാക്കും

Update: 2025-05-10 10:57 GMT

ന്യൂഡല്‍ഹി: ഇന്ത്യക്ക് എതിരായ ഏതുഭീകരാക്രമണവും യുദ്ധമായി കണക്കാക്കാന്‍ മോദി സര്‍ക്കാരിന്റെ തീരുമാനം. യുദ്ധമായി കണക്കാക്കി ആയിരിക്കും പ്രതികരണം. പാക്കിസ്ഥാനുള്ള ശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കിയത്.

സൈനിക താവളങ്ങള്‍ക്കും, ജനവാസ കേന്ദ്രങ്ങള്‍ക്കും നേരേ പാക്കിസ്ഥാന്‍ കഴിഞ്ഞ മൂന്നുരാത്രികളില്‍ തുടര്‍ച്ചയായി പാക് സേന വ്യോമാക്രമണം നടത്തുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും, സൈനിക മേധാവിമാരും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തില്‍ പങ്കെടുത്തു. ഇന്ന് വൈകിട്ടുള്ള പ്രതിരോധ-വിദേശകാര്യ വകുപ്പുകളുടെ സംയുക്തവാര്‍ത്താസമ്മേളനത്തില്‍ കാര്യങ്ങള്‍ വിശദീകരിക്കും.

സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യമാകെ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ഒഡീഷയിലെ തീര മേഖലകളില്‍ സുരക്ഷാ വിന്യാസം ശക്തമാക്കി. പട്രോളിംഗ് കൂട്ടുകയും ഡ്രോണ്‍ നിരീക്ഷണം തുടങ്ങുകയും ചെയ്‌തെന്ന് അഡീഷണല്‍ ഡിജിപി അറിയിച്ചു. ബിഹാറിലെ നളന്ദയില്‍ അടക്കം പുറത്തുനിന്നും വരുന്നവരുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച ശേഷം ഹോട്ടലുകളില്‍ താമസ സൗകര്യം നല്‍കാവൂ എന്ന് നിര്‍ദേശമുണ്ട്. രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളില്‍ കനത്ത ജാഗ്രത, ആവശ്യമില്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശം.

രാജസ്ഥാനിലേക്കുള്ള പല ട്രെയിനുകളും റദ്ദാക്കിയെന്ന് പടിഞ്ഞാറന്‍ മേഖലാ റെയില്‍വേ അറിയിച്ചിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് നടപടി. പഞ്ചാബ് അതിര്‍ത്തി മേഖലയിലേക്കുള്ള ട്രെയിനുകള്‍ ബ്ലാക്കൗട്ട് പരിഗണിച്ച് നിര്‍ത്തിവയ്ക്കും. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ദീര്‍ഘദൂര ട്രെയിനുകളെയും സംഘര്‍ഷം ബാധിച്ചിട്ടുണ്ടെന്നും റെയില്‍വേ വ്യക്തമാക്കി.

ഗുജറാത്തിലെ പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മുഴുവന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും അതീവ സുരക്ഷ ഏര്‍പ്പെടുത്തി. ഇത്തരം കേന്ദ്രങ്ങള്‍ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ വാഹനങ്ങളും നീക്കി. പൊതുജനങ്ങള്‍ അതുവഴി യാത്ര ചെയ്യരുത് എന്ന് പ്രത്യേക നിര്‍ദ്ദേശവും നല്‍കി. പഞ്ചാബിലെ മൊഹാലിയില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആളുകള്‍ കൂട്ടം കൂടരുത്, കൂട്ടത്തോടെ പുറത്തിറങ്ങരുത്, വലിയ കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കണം, സൈറണുകള്‍ കേട്ടാല്‍ ജാഗരൂകരാകണം. രക്ഷാ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണം. മാളുകള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക, പരിഭ്രാന്തരാകരുത് എന്നീ നിര്‍ദേശങ്ങളാണ് മുന്നോട്ടു വെച്ചിട്ടുള്ളത്.

Tags:    

Similar News