പ്രവാസികള്‍ക്ക് ആശ്വാസം: തീരുവയില്ലാതെ 40 ഗ്രാം സ്വര്‍ണാഭരണം കൊണ്ടുപോകാം; സ്ത്രീകള്‍ക്ക് ഒരു ലക്ഷവും പുരുഷന്‍മാര്‍ക്ക് 50,000 രൂപയുമെന്ന വിലപരിധി ഒഴിവാക്കി; നികുതിയില്ലാതെ ഇന്ത്യയിലേക്കു കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വര്‍ധിപ്പിച്ചതിനും പ്രവാസികളുടെ കയ്യടി; നിര്‍മ്മലയുടെ ബജറ്റ് പ്രവാസികളെ സന്തോഷിപ്പിക്കുന്നത് ഇങ്ങനെ
നിര്‍മ്മലയുടെ ബജറ്റ് പ്രവാസികളെ സന്തോഷിപ്പിക്കുന്നത് ഇങ്ങനെ
ദുബായ്: നിര്‍മ്മല സീതാരാമന്റെ ബജറ്റില്‍ കേരളത്തിന് നിരാശയെന്നതാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍, പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന നിരവധി കാര്യങ്ങള്‍ ഈ ബജറ്റിലുണ്ട്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് വരുന്ന പ്രവാസികളുടെ സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട കസ്റ്റംസ് പരിശോധനകളില്‍ ഏറെക്കാലമായി നിലനിന്ന ആശയക്കുഴപ്പത്തിനും ദുരിതത്തിനും പരിഹാരമായി എന്നതാണ് ഇതില്‍ പ്രധാനകാര്യം. നിലവിലെ കസ്റ്റംസ് ബാഗേജ് നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച പുതിയ ബജറ്റിലാണ് നിയമം പരിഷ്‌കരിച്ചത്.
പുതിയ നിയമം അനുസരിച്ച് വിദേശത്തുനിന്ന് നാട്ടിലേക്ക് പോകുന്ന പ്രവാസികളായ സ്ത്രീകള്‍ക്ക് 40 ഗ്രാമും പുരുഷന്‍മാര്‍ക്ക് 20 ഗ്രാമും വരെ തൂക്കമുള്ള സ്വര്‍ണാഭരണങ്ങള്‍ നികുതിരഹിതമായി കൊണ്ടുപോകാം. സ്ത്രീകള്‍ക്ക് ഒരു ലക്ഷവും പുരുഷന്‍മാര്‍ക്ക് 50,000വും വില വരുന്ന ആഭരണങ്ങള്‍ മാത്രമേ നികുതി രഹിതമായി കൊണ്ടുപോകാനാവൂ എന്ന പരിധി ഒഴിവാക്കിയിരിക്കുകയാണ്.
2016ല്‍ അന്നത്തെ വിപണി വില അടിസ്ഥാനമാക്കിയാണ് സ്ത്രീകള്‍ക്ക് 40 ഗ്രാം (ഒരു ലക്ഷം രൂപ), പുരുഷന്‍മാര്‍ക്ക് 20 ഗ്രാം (50,000 രൂപ) എന്ന പരിധി നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിലവില്‍ സ്വര്‍ണം ഗ്രാമിന് 15,000 രൂപക്ക് അടുത്തും യു.എ.ഇയില്‍ ഏകദേശം 600 ദിര്‍ഹുമാണ് വില. ഈ സാഹചര്യത്തില്‍ 2016ല്‍ വില അടിസ്ഥാനമാക്കി നിശ്ചയിച്ച നികുതി രഹിത സ്വര്‍ണാഭരണ പരിധി ഒട്ടും പര്യാപ്തമായിരുന്നില്ല.
ഇതു മൂലം പ്രവാസികള്‍ കൊണ്ടുപോയിരുന്ന സാധാരണ ആഭരണങ്ങള്‍ പോലും കസ്റ്റംസ് പരിശോധനക്ക് വിധേയമാകുന്ന അവസ്ഥയും നിലനിന്നിരുന്നു. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ചൂണ്ടി യു.എ.ഇയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ (ഐ.എ.എസ്) ഉള്‍പ്പെടെ നിരവധി പ്രവാസി കൂട്ടായ്മകളും സംഘടനകളും കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. പുതിയ പരിഷ്‌കാരം പ്രവാസികളെ സംബന്ധിച്ച് വലിയ ആശ്വാസമാണെന്നാണ് വിലയിരുത്തല്‍.
ഇതിനോടൊപ്പം ഡിജിറ്റല്‍ സെല്‍ഫ് ഡിക്ലറേഷന്‍ പോര്‍ട്ടല്‍ ഏര്‍പ്പെടുത്താനുമുള്ള തീരുമാനമാണു മറ്റൊരു നേട്ടമാണ്. നികുതിയില്ലാതെ ഇന്ത്യയിലേക്കു കൊണ്ടുവരാവുന്ന സാധനങ്ങളുടെ പരിധി വര്‍ധിപ്പിക്കുന്നതിനും പ്രവാസികള്‍ കയ്യടിച്ചു. താരിഫ് നിരക്കു 10 ശതമാനമാക്കി കുറയ്ക്കുന്നതു വിദേശത്തു നിന്നു ലാപ്‌ടോപ്, മൊബൈല്‍ തുടങ്ങിയ സാധനങ്ങള്‍ നാട്ടിലേക്കു കൂടുതല്‍ കൊണ്ടുപോകാന്‍ പ്രേരിപ്പിക്കും.
വിമാനത്താവളങ്ങളിലെ പരിശോധനകളും ബുദ്ധിമുട്ടുകളും ഒഴിവാക്കാന്‍ സഹായിക്കുന്നതാണു ഡിജിറ്റല്‍ സെല്‍ഫ് ഡിക്ലറേഷന്‍ പോര്‍ട്ടല്‍. വിശദാംശങ്ങള്‍ സ്വന്തമായി ഓണ്‍ലൈന്‍ വഴി ഡിക്ലയര്‍ ചെയ്യാമെന്നതാണു നേട്ടം. ലഗേജും കാര്‍ഗോയും വേഗത്തില്‍ ക്ലിയര്‍ ചെയ്യാന്‍ വര്‍ഷാവസാനത്തോടെ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനവും നിലവില്‍ വരും.
വിദേശത്തേക്കു പണമയയ്ക്കുമ്പോഴുള്ള ടാക്‌സ് കലക്ഷന്‍ അറ്റ് സോഴ്‌സ് (ടിസിഎസ്) പരിധി 7 ലക്ഷത്തില്‍ നിന്നു 10 ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചതു വിദേശ രാജ്യങ്ങളില്‍ ബിസിനസ് നടത്തുന്നവരെ സന്തോഷിപ്പിക്കുന്നതാണ്. അടിയന്തര ഘട്ടങ്ങളില്‍ നാട്ടില്‍ നിന്നു വിദേശത്തേക്കു പണം കൊണ്ടുപോകുന്നവര്‍ക്കാണ് ആനുകൂല്യം. പേയ്‌മെന്റ് ഗേറ്റ് വേ ഇന്റര്‍ലിങ്ക് കൂടുതല്‍ സുതാര്യമാക്കുന്നതോടെ എന്‍ആര്‍ഇ അക്കൗണ്ട് ഉള്ളവര്‍ക്കു ബാങ്ക് കാര്‍ഡുകള്‍ വിദേശത്തും ഉപയോഗിക്കാം. വിദേശത്തെ ആസ്തികളില്‍ നിന്നു വരുമാനമുള്ള പ്രവാസികളും വിദ്യാര്‍ഥികളും വരുമാനം വെളിപ്പെടുത്തണമെന്ന ഫോറിന്‍ അസറ്റ് ഡിസ്‌ക്ലോഷര്‍ നിയമം ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റിയിട്ടുമുണ്ട്.
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി നേരത്തെ 15 ശതമാനമായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഇത് 6 ശതമാനമാക്കി കുറച്ചു. ഇനിയും കുറയ്ക്കും എന്നായിരുന്നു ഇത്തവണ പ്രതീക്ഷ. എന്നാല്‍ കസ്റ്റംസ് നികുതിയില്‍ മാറ്റം വരുത്തുന്ന പ്രഖ്യാപനം ബജറ്റില്‍ ഇല്ല. സ്വര്‍ണവില കൂടിയ സാഹചര്യത്തില്‍ ജ്വല്ലറി വ്യാപാരികള്‍ കടുത്ത പ്രതിസന്ധി നേരിടുന്നുണ്ട്. വിപണിക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഇല്ലെന്ന് വ്യാപാരികള്‍ പറയുന്നു.
