എന്‍ പ്രശാന്തിന് എതിരെ അന്വേഷണം പ്രഖ്യാപിച്ചത് 9 മാസത്തിന് ശേഷം; ആറുമാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷന്‍ പാടില്ലെന്ന് കേന്ദ്രചട്ടം; ജോലിയെ ബാധിക്കാത്ത വിഷയങ്ങളില്‍ സസ്‌പെന്‍ഷന്‍ പാടില്ലെന്നും കോടതി വിധികള്‍; അഴിമതി തുറന്നുകാട്ടിയതിന് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചെന്ന പേരില്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ അടിമുടി വീഴ്ചകള്‍
എന്‍.പ്രശാന്തിനെതിരായ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് അടിമുടി വീഴ്ചകള്‍
തിരുവനന്തപുരം: എന്‍ പ്രശാന്ത് ഐ എ എസിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത് സിവില്‍ സര്‍വീസ് ചട്ട വിരുദ്ധമായി. സസ്‌പെന്‍ഡ് ചെയ്ത് ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത് സസ്‌പെന്‍ഡ് ചെയ്ത് ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ്. ഇതിനിടയില്‍ മൂന്ന് തവണ സസ്‌പെന്‍ഷന്‍ നീട്ടുകയും ചെയ്തിരുന്നു.
മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്താനൊരുങ്ങുന്നത്. അഡീ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ ആണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ ആണ് പ്രസന്റിംഗ് ഓഫീസര്‍. മൂന്ന് മാസമാണ് അന്വേഷണ സമയ പരിധി. രണ്ട് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറി ഡോ.ജയതിലകിന് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന കീഴുദ്യോഗസ്ഥരാണ്.
കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവില്‍ പറയുന്നു. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം നിഷേധിച്ചുവെന്നും ഇതിന് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ പറയുന്നു. മാസങ്ങള്‍ക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുമ്പോഴും എന്‍.പ്രശാന്തിനെതിരായ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിന് അടിമുടി വീഴ്ചകളാണ്.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്താല്‍, സസ്‌പെന്‍ഷന്‍ ശരിയാണോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത് സാധാരണ നടപടിക്രമമാണ്. ആറുമാസമാണ് ഇതിന്റെ പ്രാഥമിക ഘട്ടമായി കണക്കാക്കുന്നത്. ഈ സമയപരിധിക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി, കാരണം ശരിയാണെങ്കില്‍ തുടര്‍നടപടിയോ അല്ലെങ്കില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാനോ നടപടിയെടുക്കണം. എന്നാല്‍, പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്ത് ഒമ്പത് മാസത്തിനു ശേഷമാണ് സര്‍ക്കാര്‍ സമിതിയെ രൂപീകരിച്ചിരിക്കുന്നത്. ചീഫ് സെക്രട്ടറിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ നടപടി.
എ ജയതിലക് ചീഫ് സെക്രട്ടറി ആകുന്നതിന് മുമ്പ് തന്നെ പ്രശാന്തുമായി സ്വരചേര്‍ച്ചയിലായിരുന്നില്ല. മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ കാലത്ത് പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാന്‍ റിവ്യു കമ്മിറ്റി തീരുമാനിച്ചെങ്കിലും പിന്നീട് ജയതിലക് ചീഫ് സെക്രട്ടറി ആയപ്പോള്‍ അത് അട്ടിമറിച്ചുവെന്നാണ് ആക്ഷേപം. അന്വേഷണ സമിതിയിലെ രണ്ട് ഉദ്യോഗസ്ഥരും ചീഫ് സെക്രട്ടറിയുടെ കീഴിലുള്ളവരായ സാഹചര്യത്തില്‍ അന്വേഷണം നീതിപൂര്‍വ്വമാകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. രണ്ടംഗ സമിതിയുട റി്‌പ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതടക്കം ഉള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുക.
ഓള്‍ ഇന്ത്യ സര്‍വീസസ് (ഡിസിപ്ലിന്‍ & അപ്പീല്‍) റൂള്‍സ്, 1969-ലെ റൂള്‍ 3(1) പ്രകാരമാണ് പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇതേ നിയമത്തിലെ റൂള്‍ 8(6)(a) തുടര്‍ നടപടികള്‍ വ്യക്തമാക്കുന്നുണ്ട്. നടപടി അവസാനിപ്പിക്കുന്നില്ലെങ്കില്‍ ഒരു മാസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണം എന്നാണ് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ (DoPT) ഉത്തരവ്. ആറുമാസത്തില്‍ കൂടുതല്‍ സസ്‌പെന്‍ഷന്‍ പാടില്ല എന്നും ചട്ടത്തില്‍ പറയുന്നു. ഇതെല്ലാം ലംഘിച്ചുകൊണ്ടാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചത്.
ജോലി ചെയ്യുന്ന വകുപ്പുമായി ബന്ധപ്പെടാത്ത, ജോലിയെ ബാധിക്കാത്ത വിഷയങ്ങളില്‍ സസ്‌പെന്‍ഷന്‍ പാടില്ലെന്നും കോടതി വിധികളുണ്ട്. എന്നാല്‍, മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചതിലാണ് സര്‍ക്കാര്‍ അന്വേഷണം നടത്താനൊരുങ്ങുന്നത്.
അതുപോലെ തന്നെ കുറ്റപത്രം നല്‍കുന്നത്, അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കുന്നത്, അന്വേഷണ നടപടികള്‍, റിപ്പോര്‍ട്ട്, അന്തിമ തീരുമാനം, ഇതെല്ലാം 6 മാസത്തില്‍ തീരേണ്ടതാണെന്ന് റൂള്‍ 25 പറയുന്നു.
നടപടി തുടങ്ങി 6 മാസത്തിനുള്ളില്‍ എല്ലാം പൂര്‍ത്തിയാവേണ്ടിയിരുന്നിടത്താണ് 9 ാംമാസം അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നയങ്ങളെയോ സര്‍ക്കാര്‍ നടപടികളെയോ വിമര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന മറുപടി 2025 ജനുവരിയില്‍ തന്നെ പ്രശാന്ത് സമര്‍പ്പിച്ചതായി സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുന്നു. എന്‍.പ്രശാന്ത് ഫേസ് ബുക്കില്‍ ഡോ.ജയതിലകിന്റെയും കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെയും അഴിമതിയും ഗൂഢാലോചനയും പുറത്ത് പറഞ്ഞതിനെ കുറിച്ച് ഡോ.ജയതിലകിന്റെ ജൂനിയറായ ആരോഗ്യവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ഡോ.രാജന്‍ ഖോബര്‍ഗഡെ അന്വഷിക്കുന്നത് നീതിപൂര്‍വ്വമാകുമോ എന്നതാണ് ആശങ്ക.
ചീഫ് സെക്രട്ടറിയായ ജയതിലക് അടുത്ത ജൂണില്‍ വിരമിക്കും. അതുവരെ പ്രശാന്തിനെ സര്‍വ്വീസില്‍ കയറ്റാതിരിക്കാനാണ് നീക്കം. അതിന് വേണ്ടിയാണ് ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി അന്വേഷണം പ്രഖ്യാപിക്കുന്നത്. തന്റെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരായ കൂടുതല്‍ തെളിവുകള്‍ പ്രശാന്ത് പുറത്ത് വിട്ടിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഇന്നലെ പ്രശാന്ത് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. 2025 ഏപ്രില്‍ 23ന് ചേര്‍ന്ന സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തതിന്റെ മിനിട്‌സാണ് പുറത്തുവിട്ടത്. ജയതിലക് ഇടപെട്ട് സസ്പെന്‍ഷന്‍ വീണ്ടും നീട്ടിയെന്നാണ് പ്രശാന്തിന്റെ ആരോപണം.
അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ആഭ്യന്തരവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. വിഷയത്തില്‍ പ്രശാന്ത് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഇതു പരിഗണിച്ച് സസ്‌പെന്‍ഷന്‍ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ കമ്മിറ്റി തീരുമാനിച്ചുവെന്നുമാണ് മിനിട്‌സില്‍ പറയുന്നത്. എന്നാല്‍ ശാരദാ മുരളീധരന്‍ ഒഴിഞ്ഞ് ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷം വീണ്ടും ചട്ടവിരുദ്ധമായി കമ്മിറ്റി ചേര്‍ന്ന് സസ്‌പെന്‍ഷന്‍ നീട്ടാന്‍ തീരുമാനമെടുത്തു.
പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിന് എതിരെ ആയതിനാല്‍ റിവ്യൂ കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിക്കു പകരം അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡയെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പുതിയ അംഗത്തെ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും രണ്ടംഗ കമ്മിറ്റി വിളിച്ചുചേര്‍ത്ത് നിര്‍ദേശം നല്‍കാന്‍ ബിശ്വനാഥ് സിന്‍ഹയെ ചുമതലപ്പെടുത്തിയെന്നും കാട്ടി ജയതിലക് മേയ് 3ന് ഫയല്‍നോട്ടില്‍ വ്യക്തമാക്കി. തുടര്‍ന്ന് രണ്ടംഗ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം മേയ് 7ന് പ്രശാന്തിന്റെ 6 മാസത്തെ സസ്‌പെന്‍ഷന്‍ 180 ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. ചീഫ് സെക്രട്ടറി ഇല്ലെങ്കില്‍ കമ്മിറ്റിയില്‍ മുതിര്‍ന്ന അഡീ. ചീഫ് സെക്രട്ടറി ഉണ്ടായിരിക്കണമെന്ന നിയമം അട്ടിമറിച്ചാണ് രണ്ടംഗ സമിതി കൂടിയതെന്നാണ് ആക്ഷേപം. ഇതിനിടെയാണ് സസ്പെന്‍ഷന്‍ നീട്ടാന്‍ വേണ്ടി അന്വേഷണ പ്രഖ്യാപനം.
ഇതുമായി ബന്ധപ്പെട്ട പ്രശാന്തിന്റെ കുറിപ്പ് കൂടി വായിക്കാം:
എന്തായിരുന്നു ഈ 'അധിക്ഷേപം' എന്ന് അറിയാന്‍ വലിയ ആകാംക്ഷയുണ്ട്. അഴിമതിയും വ്യാജരേഖ ചമയ്ക്കലും സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തില്‍ ഇടുന്നതിനെ എന്തിനാണാവോ 'അധിക്ഷേപിച്ചു' എന്ന് വിശേഷിപ്പിക്കുന്നത്? ഞാനെന്താണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതെന്ന് അവിടെപ്പോയി വായിച്ചാല്‍ ഇപ്പോഴും കാണാം. ചെയ്തത് പുറത്തറിഞ്ഞതിലുള്ള ജാള്യതയാണോ ഈ 'അധിക്ഷേപം'? നരേറ്റീവ് മാറ്റാനും ഉന്നയിച്ച വിഷയം കുഴിച്ച് മൂടാനും ഇതുകൊണ്ടാവില്ല.
ആരോപണങ്ങള്‍ തെളിവ് സഹിതം നല്‍കിയിട്ടും അന്വേഷിക്കില്ലെന്നും, അത് സംബന്ധിച്ച വിവരങ്ങള്‍ പരാതിക്കാരനായ എനിക്ക് നല്‍കാന്‍ യാതൊരു ബാധ്യതയുമില്ലെന്നും മുന്‍ ചീഫ് സെക്രട്ടറി ഒരു അഭിമുഖത്തില്‍ പറഞ്ഞത് എല്ലാവരെയും ഞെട്ടിച്ചതാണ്. എന്നാല്‍ ഒന്നോര്‍ക്കുക, കേവലം ഐ.എ.എസ് പോരെന്നും അധിക്ഷേപമെന്നും വരുത്തിത്തീര്‍ത്ത് ഡോ. ജയതിലകും (സ്പൈസസ് ബോര്‍ഡ് ഫേം) ഗോപാലകൃഷ്ണനും (വര്‍ഗീയ വാട്സാപ് ഗ്രൂപ്പ് ഫേം) ചെയ്ത ഗുരുതരമായ കുറ്റങ്ങള്‍ എക്കാലവും മറയ്ക്കാന്‍ സാധിക്കില്ല.
2008 ല്‍ മസൂറി ട്രെയിനിങ് കഴിഞ്ഞ്, ബഹു. മുന്‍ മുഖ്യമന്ത്രി വി.എസിന്റെ മുന്നിലാണ് ഞാനും എന്റെ ബാച്ച് മേറ്റ് അജിത് പാട്ടേലും റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടുതല്‍ പറയുന്നില്ല, വസ്തുനിഷ്ഠമായ ആരോപണവും അധിക്ഷേപവും തമ്മിലുള്ള വ്യത്യാസം നാട്ടുകാര്‍ക്ക് നന്നായറിയാം.