പി.ടി. ഉഷയ്ക്കെതിരേ ഒളിംപിക് അസോസിയേഷനില്‍ പടയൊരുക്കം; 15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേര്‍ക്കും എതിര്‍പ്പ്; അവിശ്വാസ പ്രമേയത്തിന് നീക്കം; പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും ചര്‍ച്ചയില്‍

പി.ടി ഉഷ ഒളിമ്പിക് അസോസിയേഷന്റെ ഭരണഘടന ലംഘിച്ചുവെന്ന് ആരോപണം

Update: 2024-10-10 06:20 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നും പി.ടി ഉഷയെ പുറത്താക്കാന്‍ നീക്കം. ഉഷയ്‌ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കമാണ് നടക്കുന്നത്. ഒക്ടോബര്‍ 25-ന് ചേരുന്ന ഐ.ഒ.എ യോഗത്തില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യും. ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍ ഇത്തരത്തില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സാധിക്കില്ലെന്നാണ് പി.ടി.ഉഷയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

എക്സിക്യൂട്ടീവ് കൗണ്‍സില്‍ തയ്യാറാക്കിയ 26 ഇന അജണ്ടയില്‍ അവസാനത്തേതായാണ് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യുന്ന കാര്യം ഉള്‍പ്പെടുത്തിയിരിക്കുന്നത്. രേഖാമൂലം ഏതെങ്കിലും അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ ഇത് പരിഗണിക്കാന്‍ സാധിക്കൂ. അത്തരത്തില്‍ അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് അവിശ്വാസ പ്രമേയം പരിഗണിക്കാനാവില്ലെന്നും അവര്‍ പറഞ്ഞു.

15 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേരും പി.ടി ഉഷയ്ക്ക് എതിരാണെന്നാണ് മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. പി.ടി ഉഷ അസോസിയേഷന്റെ ഭരണഘടന ലംഘിച്ചുവെന്നും ഏകപക്ഷീയമായി പെരുമാറുന്നു എന്നതുള്‍പ്പടെ ആരോപണമുണ്ട്. ജനുവരിയില്‍ രഘുറാം അയ്യരെ സി.ഇ.ഒ ആയി നിയമിച്ചതിലും അംഗങ്ങള്‍ക്ക് വിയോജിപ്പുണ്ട്.

സിഇഒയുടെ നിയമനം പുനഃപരിശോധിക്കണം, ട്രഷറര്‍ സഹദേവ് യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടിസ് അയച്ചത് പരിശോധിക്കണം, ഉഷ ഏകപക്ഷീയമായി പെരുമാറുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് ഉഷയ്‌ക്കെതിരെ അജന്‍ഡയില്‍ പറയുന്നത്.

ഒളിംപിക്‌സിന് അധിക പണം ചെലവഴിച്ചു, സ്‌പോണ്‍സര്‍ഷിപ്പ്, പ്രസിഡന്റിന്റെ ആഡംബര മുറിയിലെ താമസം, പ്രതിനിധി സംഘത്തില്‍ അനധികൃതമായി പലരെയും തിരുകിക്കയറ്റി തുടങ്ങി നിരവധി ആരോപണങ്ങള്‍ അടുത്തിടെ ഉഷയ്‌ക്കെതിരെ ഉയര്‍ന്നിരുന്നു. ഒളിംപിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നേരത്തേ തന്നെ ഭിന്നത നിലനിന്നിരുന്നു.

പി.ടി ഉഷയും ട്രഷറര്‍ സഹ്‌ദേവ് യാദവും തമ്മില്‍ കുറച്ചുനാളുകളായി ഭിന്നതയുണ്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ (ഐ.ഒ.എ.) ഒപ്പുവെച്ച സ്പോണ്‍സര്‍ഷിപ്പ് കരാറില്‍ ക്രമക്കേടുണ്ടെന്ന ട്രഷറര്‍ സഹ്‌ദേവ് യാദവ് ആരോപിച്ചിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം ആരോപണങ്ങള്‍ക്ക് മറുപടിയുമായി പി.ടി ഉഷ തന്നെയെത്തി. തന്നെ വ്യക്തിപരമായി താറടിക്കാനുള്ള ശ്രമത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ഉഷ പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു.

2022-ലെ കരാര്‍പ്രകാരം റിലയന്‍സ് രണ്ട് ഏഷ്യന്‍ ഗെയിംസ് (2022, 26), കോമണ്‍വെല്‍ത്ത് ഗെയിംസ് (2022, 26), ഒളിമ്പിക്സ് (2024, 28) എന്നിവയുടെ പ്രിന്‍സിപ്പല്‍ പാര്‍ട്ണറാവും. ഗെയിംസ് വേദികളില്‍ ഇന്ത്യ ഹൗസ് നിര്‍മിച്ചുനല്‍കുന്നത് റിലയന്‍സായിരിക്കും. അസോസിയേഷന് 24 കോടിയുടെ നഷ്ടമുണ്ടാക്കുന്നതാണ് കരാറെന്നാണ് യാദവിന്റെ ആരോപണം. എക്സിക്യുട്ടീവ് കൗണ്‍സിലിന്റെ അറിവോടെയല്ല ധാരണയുണ്ടാക്കിയത്. കൂടാതെ രണ്ട് വിന്റര്‍ ഒളിമ്പിക്സും (2026, 30) യൂത്ത് ഒളിമ്പിക്സും (2026, 30) പിന്നീട് കരാറില്‍ ഉള്‍പ്പെടുത്തിയതായി സി.എ.ജി. റിപ്പോര്‍ട്ടിലുണ്ടെന്നും ഐ.ഒ.എ. ട്രഷറര്‍ പറയുന്നു.

എന്നാല്‍, എക്സിക്യുട്ടീവ് അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്കായി കരാര്‍വ്യവസ്ഥകള്‍ വിതരണം ചെയ്തിട്ടുണ്ടെന്നും നിയമോപദേശത്തിനു ശേഷമാണ് കരാര്‍ ഭേദഗതി ചെയ്തതെന്നും ഉഷ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ ആദ്യ വനിത പ്രസിഡന്റാണ് പി.ടി ഉഷ.

Tags:    

Similar News