സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; പോക്‌സോ വിവാദത്തില്‍ പെട്ട പത്തനംതിട്ട എസ്പി വിനോദ് കുമാറിനെ മാറ്റി; റൗഡി ലിസ്റ്റിലുള്ളയാളെ കൊലക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ എസ്പി ഇടപെട്ടെന്നും ആക്ഷേപം; ഇഡി ഉദ്യോഗസ്ഥനെ വിജിലന്‍സ് കേസില്‍ കുടുക്കിയ സൂപ്രണ്ട് എസ് ശശിധരന് പൊലീസ് അക്കാദമിയിലേക്ക് മാറ്റം
സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി
തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. ഇഡിയും വിജിലന്‍സും നേര്‍ക്കുനേര്‍ വന്ന സംഭവത്തില്‍ ഇഡി അസി.ഡയറക്ടര്‍ ശേഖര്‍ കുമാറിനെ കൈക്കൂലി കേസില്‍ പ്രതിയാക്കിയ എറണാകുളം റേഞ്ച് വിജിലന്‍സ് സൂപ്രണ്ട് എസ് ശശിധരനെ പോലീസ് അക്കാദമിയിലേക്ക് അസി.ഡയറക്ടറായി മാറ്റി. രമേഷ് കുമാര്‍ പി എന്‍ ആണ് പുതിയ എറണാകുളം റേഞ്ച് വിജിലന്‍സ് സൂപ്രണ്ട്.
പോക്‌സോ കേസ് വിവാദത്തില്‍പെട്ട പത്തനംതിട്ട എസ്പി വിനോദ് കുമാറിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ ഓഫീസിലെ അസിസ്റ്റന്റ് ഐജി ആയി നിയമിച്ചു. പകരം ആര്‍ ആനന്ദ് പത്തനംതിട്ട എസ്പി ആകും. പോക്‌സോ കേസ് അട്ടിമറി കൂടാതെ, റൗഡി ലിസ്റ്റിലുള്ളയാളെ കൊലക്കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാക്കാന്‍ എസ്പി ഇടപെട്ടെന്നാരോപിച്ച് ആലപ്പുഴ ഡിവൈഎസ്പി മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. വി.ജി. വിനോദ് കുമാറിനെതിരേ ആലപ്പുഴ ഡിവൈഎസ്പി മധുബാബുവാണ് പരാതി നല്‍കിയത്. വിനോദ് കുമാറിനെ മാറ്റാന്‍ റേഞ്ച് ഐജി ശുപാര്‍ശ ചെയ്തിരുന്നു.
പി.വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പെട്ട് പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിന് സ്ഥലംമാറ്റം കിട്ടിയപ്പോഴാണ് വി.ജി. വിനോദ് കുമാറിനെ പത്തനംതിട്ട എസ്പിയായി നിയമിച്ചിരുന്നത്.
കൊല്ലം റൂറല്‍ പോലീസ് സൂപ്രണ്ട് സാബു മാത്യുവിനെ ഇടുക്കിയിലേക്ക് മാറ്റി. പകരം വിഷ്ണുപ്രദീപ് കൊല്ലം റൂറല്‍ പോലീസ് സൂപ്രണ്ടായി ചുമതലയേക്കും.
അരുള്‍ ആര്‍ ബി കൃഷ്ണയെ പോലീസ് ബറ്റാലിയന്‍ ഡിഐജി ചുമതലയിലേക്കും മാറ്റിയിട്ടുണ്ട്.