ഇറാനില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നോ? നഗരങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് ഷായുടെ മകന്‍ റിസാ പഹ്ലവി; താന്‍ സ്വരാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നുവെന്നും പഹ്ലവി; തെരുവുകളില്‍ ചോരപ്പുഴ; 62 മരണം, 2270 അറസ്റ്റ്; ഇന്റര്‍നെറ്റില്ല; പ്രക്ഷോഭകര്‍ ഗൂണ്ടകളെന്ന് ഖമേനി; ആകാശനിരീക്ഷണവുമായി അമേരിക്കന്‍ വിമാനങ്ങള്‍; ഇറാനെ ആക്രമിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നോ?

ഇറാനെ ആക്രമിക്കാന്‍ ട്രംപ് തയ്യാറെടുക്കുന്നോ?

Update: 2026-01-10 16:13 GMT

ടെഹ്‌റാന്‍: ഇറാനില്‍ പ്രക്ഷോഭങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്നതിനിടെ, രാജ്യത്തെ നഗരകേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്ത് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഷാ മുഹമ്മദ് റിസാ പഹ്ലവിയുടെ മകന്‍ റിസാ പഹ്ലവി രംഗത്തെത്തി. താന്‍ രാജ്യത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയാണെന്നും വര്‍ഷങ്ങളായി യുഎസില്‍ കഴിയുന്ന റിസാ പഹ്ലവി വിഡിയോ സന്ദേശത്തിലൂടെ അറിയിച്ചു. തെരുവിലിറങ്ങുക എന്നതിലുപരി നഗരകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗതാഗതം, ഇന്ധനം, വൈദ്യുതി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പണിമുടക്കണമെന്നും റിസാ പഹ്ലവി അഭ്യര്‍ഥിച്ചു. ഇറാനിലെ സിംഹാസനത്തിന്റെ അവകാശിയായി വളര്‍ന്ന റിസാ പഹ്ലവി, 1979-ലെ വിപ്ലവത്തിലൂടെ പിതാവ് ഷാ മുഹമ്മദ് റിസാ പഹ്ലവിയുടെ ഭരണം അവസാനിക്കുമ്പോള്‍ യുഎസില്‍ യുദ്ധവിമാന പൈലറ്റ് പരിശീലനത്തിലായിരുന്നു. പിന്നീട് അദ്ദേഹത്തിന് യുഎസില്‍ തുടരേണ്ടിവന്നു. നിരവധി പ്രക്ഷോഭകാരികള്‍ റിസാ പഹ്ലവിയോട് രാജ്യത്തേക്ക് മടങ്ങിവരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പാശ്ചാത്യ ഉപരോധം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ ഇറാനില്‍, നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയായതോടെയാണ് കഴിഞ്ഞ മാസാവസാനം ജനങ്ങള്‍ തെരുവിലിറങ്ങിയത്. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഇറാന്‍ ഭരണകൂടം കര്‍ശന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഇന്റര്‍നെറ്റ് വിലക്കിയ സര്‍ക്കാര്‍, വിദേശത്തുനിന്നുള്ള ഫോണ്‍ വിളികളും തടഞ്ഞു. ഏതാനും വിമാനസര്‍വീസുകളും റദ്ദാക്കി. പ്രക്ഷോഭത്തിനിടെ 62 പേര്‍ കൊല്ലപ്പെടുകയും 2270 പേര്‍ അറസ്റ്റിലാവുകയും ചെയ്തതായി യുഎസ് ആസ്ഥാനമായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനകീയ പ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമേനി വ്യക്തമാക്കി.

അതേസമയം, മേഖലയില്‍ യുഎസ് സൈനിക വിമാനങ്ങള്‍ നിരീക്ഷണം ശക്തമാക്കുകയും കൂടുതല്‍ യുദ്ധോപകരണങ്ങള്‍ എത്തിക്കുകയും ചെയ്യുന്നത് ഇറാനെ ആക്രമിക്കാന്‍ യുഎസ് തയ്യാറെടുക്കുകയാണോ എന്ന സംശയം വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രക്ഷോഭകരെ കൊന്നൊടുക്കിയാല്‍ ശക്തമായി ഇടപെടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആഭ്യന്തര പ്രക്ഷോഭങ്ങള്‍ രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ റിസാ പഹ്ലവിയുടെ ആഹ്വാനം ഇറാനിലെ രാഷ്ട്രീയ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കാന്‍ സാധ്യതയുണ്ട്.

രണ്ടാഴ്ച മുന്‍പ് ആരംഭിച്ച ജനകീയ പ്രക്ഷോഭം ഭരണകൂടത്തെത്തന്നെ പിടിച്ചുലയ്ക്കുന്ന രാഷ്ട്രീയ പോരാട്ടമായി മാറുന്നു. പ്രക്ഷോഭം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍, ഖമേനി ഭരണകൂടം താഴെയിറങ്ങണമെന്ന മുദ്രാവാക്യങ്ങളുമായി തെരുവുകള്‍ ഇരമ്പുകയാണ്. തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളും പൊതുമുതലും സംരക്ഷിക്കുമെന്ന് ഇറാനിയന്‍ സൈന്യം വ്യക്തമാക്കി. 'ശത്രുക്കളുടെ ഗൂഢാലോചനയെ' പരാജയപ്പെടുത്താന്‍ അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഖമേനിയുടെ നിലപാട്

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി പ്രക്ഷോഭകരെ 'ഗുണ്ടകള്‍' (Vandals) എന്ന് വിളിച്ചാണ് ആക്ഷേപിച്ചത്. അമേരിക്കന്‍ പ്രസിഡന്റിനെ പ്രീണിപ്പിക്കാനാണ് പ്രക്ഷോഭകര്‍ സ്വന്തം തെരുവുകള്‍ നശിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഒരു കാരണവശാലും ഭരണകൂടം പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആശങ്ക ഉയര്‍ത്തി ആശയവിനിമയ നിരോധനം

പ്രക്ഷോഭ മേഖലകളില്‍ ആശയവിനിമയ സംവിധാനങ്ങള്‍ (ഇന്റര്‍നെറ്റ് ഉള്‍പ്പെടെ) റദ്ദാക്കി വലിയൊരു കൂട്ടക്കൊലയ്ക്ക് സുരക്ഷാ സേന തയ്യാറെടുക്കുകയാണോ എന്ന് ഇറാനിയന്‍ നൊബേല്‍ പുരസ്‌കാര ജേതാവ് ഷിറിന്‍ ഇബാദി ആശങ്ക പ്രകടിപ്പിച്ചു. ടെഹ്റാനു പടിഞ്ഞാറ് കരാജില്‍ മുനിസിപ്പല്‍ കെട്ടിടത്തിന് തീയിട്ടതായും ഷിറാസ്, ക്വോം തുടങ്ങിയ നഗരങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാന്‍ ഭരണകൂടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായി ഈ പ്രക്ഷോഭം മാറിയിരിക്കുകയാണ്.


Tags:    

Similar News