നഗ്നമായ ചുമലുകളും മാറിടം പാതി പുറത്തുകാട്ടുന്ന സ്ട്രാപ്പില്ലാത്ത പാശ്ചാത്യ ഗൗണും ധരിച്ച് വധു; ആനയിക്കുന്നത് ഹിജാബ് ധരിക്കാത്തതിന് മെഹ്‌സ അമിനിയെ തല്ലിക്കൊന്ന ആയത്തൊള്ള ഖമേനിയുടെ ഉപദേഷ്ടാവും; ഇറാനില്‍ സാധാരണ സ്ത്രീകള്‍ ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ ചാട്ടവാറടിയും വധശിക്ഷയും വരെ; ഭരണകൂടത്തിന്റെ ഹിപോക്രസിക്ക് എതിരെ ജനരോഷം

ഇറാനില്‍ ഭരണകൂടത്തിന്റെ ഹിപോക്രസിക്ക് എതിരെ ജനരോഷം

Update: 2025-10-21 11:37 GMT

ടെഹ്റാന്‍: ഇറാനില്‍, ഹിജാബ് ധരിക്കാത്ത സാധാരണക്കാരായ സ്ത്രീകള്‍ക്ക് ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ കിട്ടാം. കുറ്റം ആവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ, വധശിക്ഷയോ കിട്ടാം. ഇറാനില്‍ ഹിജാബ് ധരിക്കാത്തവര്‍ക്ക് അനുഭവിക്കേണ്ടി വരുന്ന കടുത്ത ശിക്ഷ നിശ്ചയിച്ച് കഴിഞ്ഞ വര്‍ഷമാണ് നിയമം പുതുക്കിയത്. എന്നാല്‍, നേതാക്കന്മാരുടെ മക്കള്‍ക്ക് ഇതൊന്നും ബാധകമല്ല. ഈ ഹിപ്രോക്രസിയാണ് ഇപ്പോള്‍ അവിടുത്തെ വലിയ ചര്‍ച്ചാവിഷയമെന്ന് മാത്രമല്ല, വലിയ ജനരോഷവും ഉയര്‍ന്നുകഴിഞ്ഞു. സാധാരണക്കാര്‍ക്ക് ഒരു നിയമം നേതാക്കള്‍ക്ക് മറ്റൊരു നിയമം.

ഇറാനിയന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവായ അലി ഷംഖാനിയുടെ മകളുടെ വിവാഹമാണ് ഏറെ വിവാദമായത്. അടുത്തിടെ പുറത്തുവന്ന വിവാഹ വീഡിയോയില്‍, വധു പാശ്ചാത്യ രീതിയിലുള്ള വെളുത്ത ഓഫ്-ഷോള്‍ഡര്‍ ഗൗണ്‍ ധരിച്ചതും ശിരോവസ്ത്രം ധരിക്കാത്തതുമാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. സാധാരണ ജനങ്ങളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്ന ഇറാനിയന്‍ ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ് ഈ സംഭവം എന്ന് വ്യാപകമായി വിമര്‍ശനം ഉയരുന്നു.

ലോ നെക്ക്‌ലൈനുള്ള സ്ട്രാപ്പില്ലാത്ത വെള്ള ഗൗണാണ് വധുവിന്റെ വേഷം. വധു ചടങ്ങ് നടക്കുന്ന ഹാളില്‍ പ്രവേശിക്കുമ്പോള്‍, ഉച്ചത്തിലുള്ള സംഗീതവും ആര്‍പ്പുവിളികളും കേള്‍ക്കാം. ടെഹ്റാനിലെ എസ്പിനാസ് പാലസ് ഹോട്ടലിലാണ് ആഡംബര വിവാഹ ചടങ്ങുകള്‍ നടന്നത്.

വധുവിന് പുറമേ മറ്റ് ചില സ്ത്രീകളും ശിരോവസ്ത്രം ധരിക്കാതെയാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇറാനിയന്‍ ഭരണകൂടം പാശ്ചാത്യ സംസ്‌കാരത്തെ എതിര്‍ക്കുകയും ഇസ്ലാമിക ആചാരങ്ങള്‍ പിന്തുടരാന്‍ സാധാരണക്കാരെ നിര്‍ബന്ധിക്കുകയും ചെയ്യുമ്പോള്‍, ഉന്നതതലങ്ങളില്‍ ഇത്തരം ഉദാരമായ രീതികള്‍ പിന്തുടരുന്നത് നീതിയല്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. നിര്‍ബന്ധിത ഹിജാബ് പാലിക്കാത്തതിന് ഇറാനില്‍ റെസ്റ്റോറന്റുകളും ഹാളുകളും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ അധികൃതര്‍ അടച്ചുപൂട്ടിയിരുന്നു.

അലി ഷംഖാനി ആരാണ്?

അലി ഖമേനിയുടെ മുതിര്‍ന്ന ഉപദേഷ്ടാവും സൈനിക കമാന്‍ഡറുമാണ് അലി ഷംഖാനി. ഇറാനില്‍ കര്‍ശനമായ ഹിജാബ് നിയമവും പൊതുസ്ഥലത്തെ സദാചാര നിയമങ്ങളും അടിച്ചേല്‍പ്പിക്കന്ന നേതാവാണ്. 2013 നും 2023 നും ഇടയില്‍, ഇറാനിലെ പരമോന്നത സുരക്ഷാ സമിതി ( എസ് എന്‍ എസ് സി) സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു.

ഹിജാബ് ധരിക്കാത്തതിനെ തുടര്‍ന്ന് മതപൊലീസ് തല്ലിച്ചതച്ച മഹ്‌സ അമേനിയുടെ മരണത്തെ തുടര്‍ന്ന് അരങ്ങേറിയ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ ശക്തമായ രീതിയില്‍ അടിച്ചമര്‍ത്തിയത് എസ് എന്‍ എസ് സി ആയിരുന്നു. 22 കാരിയായ അമീനിയുടെ മരണം ഇറാനില്‍ മാത്രമല്ല പുറത്തും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.

അമീനിയുടെ മരണത്തെ തുടര്‍ന്ന രാജ്യവ്യാപകമായി മാസങ്ങളോളം പ്രതിഷേധങ്ങള്‍ അലയടിച്ചു. 68 കുട്ടികള്‍ അടക്കം 500 ലേറെ പേര്‍ കൊല്ലപ്പെട്ടു. നാട്ടുകാരായ വനിതകളുടെ ഡ്രസ് കോഡ് ശക്തമായി നടപ്പാക്കാന്‍ 80,000 സദാചാര പൊലീസുകാരെ നിയോഗിക്കാന്‍ ഇറാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നത്.


കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ആഡംബര വിവാഹം

രാജ്യം ഉപരോധങ്ങള്‍, ദുര്‍ഭരണം, സാമ്പത്തിക അഴിമതി എന്നിവ കാരണം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് ഇത്തരം ആഡംബര വിവാഹം നടന്നത്. ഇറാനിയന്‍ പത്രങ്ങള്‍ പോലും ഈ വിവാഹത്തെ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എസ്പിനാസ് ഹോട്ടലില്‍ ഒരു വിവാഹം നടത്താന്‍ ഏകദേശം 1.4 ബില്യണ്‍ ടോമന്‍ (ഏകദേശം 30 ലക്ഷം രൂപ) വരെ ചെലവ് വരുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

2022 ലെ രേഖകള്‍ പ്രകാരം ഇറാന്‍ ജനതയില്‍ പകുതിയോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്. വാര്‍ഷിക പണപ്പെരുപ്പ നിരക്ക് 42.4 ശതമാനവും തൊഴിലില്ലായ്മ നിരക്ക് 9 ശതമാനവുമാണ്.

ഇതല്ലെങ്കില്‍ പിന്നെ മറ്റെന്താണ് ഹിപ്രോകസി

വരേണ്യവര്‍ഗം അടക്കവും ഒതുക്കവും നാട്ടുകാരെ പഠിപ്പിക്കുമ്പോള്‍, അവരുടെ ഡിസൈനര്‍ വസ്ത്രങ്ങളില്‍ പരേഡ് നടത്തുകയാണെന്ന് നാടുകടത്തപ്പെട്ട ആക്ടിവിസ്റ്റ് മാസിഹ് അവിനെജാദ് ട്വീറ്റ് ചെയ്തു. തലമുടി പുറത്തുകാണിച്ചാല്‍ സ്ത്രീകള്‍ക്ക് ചാട്ടവാറടിയാണ് ശിക്ഷ. യുവാക്കള്‍ക്ക് വിവാഹം താങ്ങാനും ആവാത്ത സാഹചര്യമാണ്. ഇതുഹിപോക്രസിയല്ല, ഇതാണ് സിസ്റ്റം, അവര്‍ കുറിച്ചു.

അതേസമയം, അത് ഹിപോക്രസിയുടെ പ്രകടനമാണെന്ന് സ്വീഡിഷ്- ഇറാനിയന്‍ എംപി അലിറേസ അഖോണ്ഡി പ്രതികരിച്ചു. ' പിതാവിന് അധികാരമുളളത് കൊണ്ട് അവള്‍ സ്വതന്ത്രയാണ്. ഇത് മതമേയല്ല. ഇത് ഹിപോക്രസിയുടെയും അധിമതിയടെയും ഭീതിയുടെയും പ്രകടനമാണ്. സ്വതന്ത്രമായി ചിന്തിക്കുകയും തിരഞ്ഞെടുക്കുകയും ചെയ്യുന്ന സ്ത്രീകളോടുള്ള ഭീതി' - അഖോണ്ഡി പറഞ്ഞു.




 

ഇറാനിലെ പുതുക്കിയ ഹിജാബ് നിയമം

പൊതുസ്ഥലങ്ങളില്‍ നിര്‍ബന്ധിതമായി ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന പുതിയ നിയമമാണ് ഇറാന്‍ ഭരണകൂടം കഴിഞ്ഞ വര്‍ഷം നടപ്പാക്കിയത്. നിയമം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കാമെന്ന് ഉത്തരവില്‍ പറയുന്നു.

സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം ധരിക്കുന്നത് നിര്‍ബന്ധമാക്കിയ രാജ്യമാണ് ഇറാന്‍. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ, തടവ്, കൂടാതെ മറ്റ് കടുത്ത ശിക്ഷകളും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പരിഷ്‌കരിച്ച നിയമത്തിലെ ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നാണ് പറയുന്നത്. കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തില്‍ പറയുന്നു. ഇത്തരം ആശയങ്ങള്‍ വിദേശമാധ്യമങ്ങളിലും സംഘടനകളിലും പ്രചരിപ്പിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയും ലഭിക്കും. നിയമം ലംഘിക്കുന്ന സ്ത്രീകളുടെ അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നവര്‍ക്കും തടവോ പിഴശിക്ഷയോ ഏര്‍പ്പെടുത്തുമെന്നും നിയമത്തില്‍ പറയുന്നു.

വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ പുതിയ നിയമനിര്‍മ്മാണം ഇറാനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായി വിലയിരുത്തപ്പെടുന്നു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ ഈ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.


Tags:    

Similar News