കഴിഞ്ഞ വര്ഷം സ്റ്റുഡന്റ് വിസയില്‍ ഉണ്ടായത് രണ്ട് ലക്ഷത്തിലധികം കുറവ്; പഠനം പൂര്‍ത്തിയവര്‍ക്ക് ജോലി കിട്ടുന്നത് അപൂര്‍വം; ഈ വര്ഷം ഇരട്ടിയോളം കുറവുണ്ടാകും: സ്റ്റുഡന്റ് വിസക്കാര്‍ ബ്രിട്ടനെ കൈ വിടുമ്പോള്‍
സ്റ്റുഡന്റ് വിസക്കാര്‍ ബ്രിട്ടനെ കൈ വിടുമ്പോള്‍
ലണ്ടന്‍: ആഗോളതലത്തില്‍ തന്നെ ഏറെ ആവശ്യക്കാരുള്ള ഒരു വിദ്യാഭ്യാസ ഹബ്ബായിരുന്നു ബ്രിട്ടന്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളായിരുന്നു ഇവിടെ പഠനത്തിനായി എത്തിയിരുന്നത്. എന്നാല്‍, ഇപ്പോള്‍ ബ്രിട്ടന്റെ ശോഭ കെടുകയാണോ ? ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ പറയുന്നത് അതാ്ണ്. 2023 ല്‍ 6,00,024 പേര്‍ സ്റ്റുഡന്റ് വിസയില്‍ ബ്രിട്ടനിലെത്തിയപ്പോള്‍ 2024 ല്‍ അത് 31 ശതമാനം കുറഞ്ഞ് 4,15,103 ആയി എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനുള്ള നടപടികള്‍, യു കെയില്‍ നിന്നും വിദേശ വിദ്യാര്‍ത്ഥികളെ അകറ്റിയതായി 141 സ്ഥാപനങ്ങളെ പ്രതിനിധീകരിക്കുന്ന സംഘഗ്ഗനയായ യൂണിവേഴ്സിറ്റീസ് യു കെ പറയുന്നു. വിദേശ വിദ്യാര്‍ത്ഥികളെ എപ്പോഴും സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ നിലവിലുള്ള തലത്തിലേക്ക് നെറ്റ് മൈഗ്രേഷന്‍ ഉയരുന്നത് അനുവദിക്കാനാവില്ല എന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. യൂണിവേഴ്സിറ്റികള്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളുടെ പ്രാദേശിക സമ്പദ്ഘടനയില്‍ നിര്‍ണ്ണായക പങ്കായിരുന്നു വിദേശ വിദ്യാര്‍ത്ഥികള്‍ വഹിച്ചിരുന്നത്.
പടിഞ്ഞാറന്‍ മിഡ്‌ലാന്‍ഡ്‌സിലെ കവന്‍ട്രി അത്തരത്തില്‍ പ്രധാനമായും വിദേശവിദ്യാര്‍ത്ഥികളെ ആശ്രയിക്കുന്ന ഒരു നഗരമാണ്. 2022- 23 കാലത്ത് 10,000 ല്‍ അധികം വിദേശ വിദ്യാര്‍ത്ഥികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ലണ്ടന് പുറത്ത്, ഏറ്റവുമധികം വിദേശ വിദ്യാര്‍ത്ഥികളുള്ള രണ്ടാമത്തെ നഗരമായിരുന്നു കവന്‍ട്രി. എന്നാല്‍, വിദേശ വിദ്യാര്‍ത്ഥികളുടെ ഒഴുക്ക് കുറഞ്ഞതോടെ നഗരവും സാമ്പത്തിക ഞെരുക്കത്തില്‍ അകപ്പെട്ടിരിക്കുകയാണ്.
പഠനത്തിനുള്ള ചെലവ് കണ്ടെത്താനായി മിക്ക വിദേശ വിദ്യാര്‍ത്ഥികളും പാര്‍ട്ട് ടൈം ജോലികളില്‍ ഏര്‍പ്പെടാറുണ്ട്. ഇപ്പോള്‍ അത്തരത്തിലുള്ള ജോലികള്‍ ലഭിക്കുന്നില്ല എന്നതും വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. അതേസമയം, വിസ നിയമങ്ങളില്‍ അടുത്ത കാലത്ത് വരുത്തിയ ചില മാറ്റങ്ങളാണ് വിദേശ വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലേക്ക് വരുന്നതില്‍ നിന്നും പ്രധാനമായും തടയുന്നത് എന്നാണ് ഇന്ത്യന്‍ വംശജനായ മുഹമ്മദ് അബ്ദുള്ള സയ്യദ് പറയുന്നത്.
2024 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ നിയമങ്ങള്‍ പ്രകാരം പോസ്റ്റ് ഗ്രാദ്വ്വേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബാംഗങ്ങളെ യു കെയിലേക്ക് കൊണ്ടുവരാന്‍ കഴിയാതെയായി. മാത്രമല്ല, പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് വിസയില്‍ നിന്നും വര്‍ക്ക് വിസയിലേക്ക് മാറാനും കഴിയാതെ വന്നു. 2023 നും 2024 നും ടയില്‍ സ്പോണ്‍സേര്‍ഡ് സ്റ്റുഡന്റ് വിസയില്‍ എത്തുന്ന ആശ്രിതരുടെ എണ്ണത്തില്‍ 85 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക്, ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ഫീസ് നല്‍കേണ്ടി വരുന്നതും, വിദ്യാര്‍ത്ഥികളുടെ വരവ് കുറയാന്‍ ഒരു കാരണമായി ഈ രംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. വിവിധ കോഴ്സുകള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം 16,800 പൗണ്ട് മുതല്‍ 20,500 പൗണ്ട് വരെ നല്‍കേണ്ടി വരുമ്പോള്‍ യു കെയിലെ വിദ്യാര്‍ത്ഥികള്‍ നല്‍കേണ്ടത് 9,250 പൗണ്ട് മാത്രമാണ്. വരുന്ന സെപ്റ്റംബറില്‍ ഇത് 9,535 പൗണ്ടായി വര്‍ദ്ധിക്കും.
അതുപോലെ, ബ്രെക്സിറ്റ്, യൂറോപ്യന്‍ വിദ്യാര്‍ത്ഥികളുടെ യു കെയിലേക്കുള്ള വരവിനെ പ്രതികൂലമായി ബാധിച്ചു എന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. ബ്രെക്സിറ്റിന് ശേഷം വിസ ചാര്‍ജ്ജുകള്‍ വര്‍ദ്ധിച്ചതും ഉയര്‍ന്ന ട്യൂഷന്‍ ഫീസുമാണ് യൂറോപ്യന്‍ വിദ്യാര്‍ത്ഥികളെ ബ്രിട്ടനിലെക്ക് വരുന്നതില്‍ നിന്നും പ്രധാനമായും തടയുന്നത്.