മിസൈലാക്രമണത്താല്‍ പൊറുതി മുട്ടിക്കുന്ന ഹൂത്തി വിമതരെ നിലയ്ക്ക് നിര്‍ത്താന്‍ ഇറാനെ ഒരു പാഠം പഠിപ്പിക്കണം; ആയുധവും പണവും പരിശീലനവും നല്‍കുന്ന ഇറാനെ തകര്‍ത്താല്‍ മാത്രമേ ഭീകരരെ പൊളിക്കാനാവൂ എന്ന് മൊസാദ് തലവന്‍; നെതന്യാഹു കൂടി ശരി വച്ചാല്‍ വരാനിരിക്കുന്നത് വമ്പന്‍ യുദ്ധം
ഇറാനെ പാഠം പഠിപ്പിക്കണമെന്ന് മൊസാദ് തലവന്‍
ടെല്‍അവീവ്: ഇസ്രയേലിന് നേര്‍ക്ക് ആക്രമണം പുനരാരംഭിച്ച ഹൂത്തി വിമതര്‍ക്ക് നേരേ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന ആവശ്യവുമായി രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ തലവന്‍. ഇതിനായി ആദ്യം ചെയ്യേണ്ടത് ഇറാനെ ഒരു പാഠം പഠിപ്പിക്കുക എന്നതാണെന്ന് മൊസാദ് തലവന്‍ ഡേവിഡ് ബെര്‍ണിയ സര്‍ക്കാരിനെ അറിയിച്ചു.
ഹൂത്തികള്‍ക്ക് ആയുധവും പണവും പരിശീലനവും എല്ലാം തന്നെ നല്‍കുന്നത് ഇറാനാണെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഈ നീക്കം. ഹൂത്തികള്‍ക്ക് എതിരെ ശക്തമായ സൈനിക നീക്കം ഈ ദിവസങ്ങളില്‍ തന്നെ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്സും ഇറാനെ തല്‍ക്കാലം ആക്രമിക്കേണ്ടതില്ല ഹൂത്തികളെ മാത്രം നേരിട്ടാല്‍ മതിയെന്ന നിലപാടിലാണ് എന്നാണ് ഇസ്രയേല്‍ മാധ്യമങ്ങള്‍ പറയുന്നത്.
ഈയിടെ ഇസ്രയേല്‍ മൂന്ന് തവണ യെമനിലെ ഹൂത്തികളുടെ ശക്തി കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയിരുന്നു. എന്നാല്‍ ഈ
ആക്രമണങ്ങള്‍ അത്ര ഫലപ്രദമായ രീതിയില്‍ അല്ല നടന്നിരുന്നത് എന്നാണ് മൊസാദിന്റെ നിലപാട്. ഇസ്രയേലിലെ പ്രമുഖ മാധ്യമമായ ഹാരേറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇറാനെ തകര്‍ത്താല്‍ മാത്രമേ അവര്‍ സഹായം നല്‍കുന്ന തീവ്രവാദ സംഘടനകളെ പൊളിക്കാന്‍ കഴിയൂ എന്ന് തന്നെയാണ് ഡേവിഡ് ബര്‍ണിയ വാദിക്കുന്നതെന്നാണ്.
ഹൂത്തികളെ മാത്രം ആക്രമിച്ചാല്‍ അവര്‍ മാത്രമേ ഇല്ലാതാകുകയുള്ളൂ എന്നും ഇറാന്‍ ശക്തമായിരിക്കുന്ന കാലയളില്‍ അവര്‍ എല്ലാ
തീവ്രവാദസംഘടനകളേയും സഹായിക്കും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. എന്നാല്‍ ഇസ്രയേലിലെ പ്രമുഖരായ നേതാക്കള്‍ ആരും തന്നെ ഇക്കാര്യത്തില്‍ പരസ്യപ്രതികരണത്തിന് ഇനിയും തയ്യാറായിട്ടില്ല.
കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ ഹൂത്തികള്‍ ഇസ്രയേലിലേക്ക് അഞ്ച് ബാലിസ്റ്റിക് മിസൈലുകളും അഞ്ച് ഡ്രോണുകളും അയച്ചിരുന്നു. ഗാസയിലെ ഹമാസ് പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് തങ്ങള്‍ ഇസ്രയേലിലേക്ക് ആക്രമണം നടത്തുന്നതെന്നാണ് ഹൂത്തി
നേതാക്കള്‍ ഇപ്പോഴും വിശദീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൂത്തികള്‍ അയച്ച ഒരു ബാലിസ്റ്റിക് മിസൈല്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ഡോമിനെ കടത്തിവെട്ടി ടെല്‍ അവീവിലേക്ക് കടന്നുകയറിയത് ഇസ്രയേലിനെ ഞെട്ടിപ്പിച്ചിരുന്നു. ഈ മിസൈല്‍ ഒരു കളിക്കളത്തിലേക്കാണ് പതിച്ചത് എന്നത് കൊണ്ടാണ് ആളപായം ഉണ്ടാകാത്തത്.
പുലര്‍ച്ചെ 3.45 ഓടെയാണ് മിസൈല്‍ നഗരത്തിലേക്ക് എത്തിയത്. മിസൈലാക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനായി സുരക്ഷാ ബങ്കറുകളിലേക്ക് അടുത്തുള്ള അപ്പാര്‍ട്ട്മെന്റിലെ ആളുകള്‍ കൂട്ടത്തോടെ ഓടിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇന്നലെ ക്രിസ്മസിനോട് അനുബന്ധിച്ച് നടന്ന ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി നെതന്യാഹു മറ്റ് തീവ്രവാദ സംഘടനകള്‍ക്കുണ്ടായ അത് വിധി തന്നെയാണ് ഹൂത്തികളേയും കാത്തിരിക്കുന്നതെന്ന് പ്രഖ്യാപിച്ചിരുന്നു.
ഹമാസിനും ഹിസ്ബുള്ളക്കും സിറിയയിലെ അസദിനും ഉണ്ടായ അതേ വിധി തന്നെ ഹൂത്തികളേയും തേടിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. യെമന്‍ ഇസ്രയേലില്‍ നിന്ന്് ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെയാണ് എന്നതാണ് ഹൂത്തികളെ നേരിടുന്നതില്‍ അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇക്കാര്യത്തില്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇസ്രയേല്‍ നീക്കം ശക്തമാക്കിയതായി സൂചനയുണ്ട്.