ഏത് നരകത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരനെയും മൊസാദ് വേട്ടായാടി പിടിക്കുന്നത് എങ്ങനെ? ആ പ്രൊഫഷണലിസത്തെ കുറിച്ചു വെളിപ്പെടുത്തി മൊസാദിന്റെ മുന്‍ തലവന്‍ യോസി കോഹന്‍; ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേല്‍ വകവരുത്തിയത് നിരവധി ഹൈപ്രൊഫാല്‍ ശത്രുക്കളെ; ആ കഥ അറിയാം..
ഏത് നരകത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരനെയും മൊസാദ് വേട്ടായാടി പിടിക്കുന്നത് എങ്ങനെ?
ടെല്‍ അവീവ്: ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദ് ശത്രുക്കളെ വകവരുത്തുന്നത് എങ്ങനെയാണ്. ഇത് സംബന്ധിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഒരു ആഴ്ച മുമ്പ്, ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷ്‌കിയാന്‍ തന്റെ രാജ്യം ഇപ്പോള്‍ അമേരിക്ക, യൂറോപ്പ്, ഇസ്രായേല്‍ എന്നിവയുമായി യുദ്ധത്തിലാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തില്‍ ഏറ്റവും ഫലപ്രദമായ രീതിയില്‍ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നത് ഇസ്രയേല്‍ ചാരസംഘടനയായ മൊസാദിനാണ്.
ഈ സാഹചര്യത്തിലാണ് മൊസാദിന്റെ മുന്‍ തലവന്‍ യോസി കോഹന്‍ സംഘടനയുടെ പ്രവര്‍ത്തനരീതികളെ കുറിച്ചുള്ള വിശദമായ
ഒരഭിമുഖം ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കുന്നത്. 2016 മുതല്‍ 2021 വരെ കോഹന്‍ മൊസാദിന് നേതൃത്വം നല്‍കി. അദ്ദേഹത്തിന്റെ രൂപഭംഗിയും ഗംഭീരമായ വസ്ത്രധാരണവും കാരണം എല്ലാവരും അദ്ദേഹത്തെ 'മോഡല്‍' എന്നാണ് വിളിച്ചിരുന്നത്. ഒരു മൊസാദ് ഏജന്റ് എന്ന നിലയില്‍, അറബ് ലോകത്ത് പലതവണ രഹസ്യമായി പോയി, ഓരോ തവണയും തന്നെ ഏല്‍പ്പിച്ച കാര്യങ്ങള്‍ കൃത്യമായി ചെയ്ത വ്യക്തിയാണ് കോഹന്‍.
'സ്വോര്‍ഡ് ഓഫ് ഫ്രീഡം: ഇസ്രായേല്‍, മൊസാദ് ആന്‍ഡ് ദി സീക്രട്ട് വാര്‍' എന്ന പുസ്തകവും അദ്ദേഹം എഴുതിയിട്ടുണ്ട്. ഒരു കാര്യത്തിലും മൊസാദിന് രണ്ടാം സ്ഥാനക്കാരാകാന്‍ കഴിയില്ല എന്നും കോഹന്‍ പറയുന്നു. ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേല്‍ ശത്രുക്കളെ ക്രൂരമായി വേട്ടയാടിയത് എങ്ങനെയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ 12 ദിവസത്തെ സംഘര്‍ഷത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാന്റെ ആകാശം കീഴടക്കാന്‍ ജറുസലേമിനെ സഹായിച്ചത് ഇറാനില്‍ പ്രവര്‍ത്തിക്കുന്ന മൊസാദ് ഏജന്റുമാരാണ്. 2018 ഏപ്രില്‍ 21 ന് ക്വാലാലംപൂരില്‍, പ്രഭാത പ്രാര്‍ത്ഥനയ്ക്ക് തൊട്ടുമുമ്പ്, ഹമാസ് കമാന്‍ഡറുമായ ഫാദി അല്‍-ബാത്ഷിന്റെ അരികില്‍ മോട്ടോര്‍ സൈക്കിളില്‍ വന്ന രണ്ടുപേര്‍ പതിനാല് റൗണ്ട് വെടിയുതിര്‍ത്തിരുന്നു. കൊലയാളികള്‍ വളരെ പെട്ടെന്ന് തന്നെ അപ്രത്യക്ഷരാകുകയും ചെയ്തിരുന്നു. എല്ലാവര്‍ക്കും ഇത് മൊസാദ് തന്നെയാണ് ചെയ്തത് എന്നറിയാമായിരുന്നു എങ്കിലും കൊലയാളികളെ പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
മലേഷ്യ ഇതിനെ 'പ്രൊഫഷണല്‍ വിദേശ ആക്രമണം' എന്നാണ് വിശേഷിപ്പിച്ചത്. അതേ വര്‍ഷം, സിറിയന്‍ പട്ടണമായ മസ്യാഫില്‍, സിറിയയുടെ മിസൈല്‍ പദ്ധതിയുടെ തലവനായ അസീസ് അസ്ബറിന്റെ കാര്‍ ഒരു സ്ഫോടനത്തില്‍ തകര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ ശരീര അവശിഷ്ടങ്ങള്‍ പോലും കണ്ടെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ഛിന്നഭിന്നമായി പോയിരുന്നു. അസ്ബര്‍ സിറിയയുടെ മിസൈല്‍ നിര്‍മ്മാണം പുനരാരംഭിക്കുന്നതിന് നേതൃത്വം കൊടുത്തിരുന്നു.
2020 ഓഗസ്റ്റ് 7 ന് ടെഹ്‌റാനിലെ പാസ്ദരന്‍ ജില്ലയില്‍ അല്‍-ഖ്വയ്ദയുടെ രണ്ടാമത്തെ നേതാവും 1998 ലെ യുഎസ് എംബസി ബോംബാക്രമണത്തിന്റെ ശില്‍പിയുമായ അബു മുഹമ്മദ് അല്‍-മസ്രിയേയും വധിച്ചത് മൊസാദായിരുന്നു. ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസയുടെ വിധവയായ അദ്ദേഹത്തിന്റെ മകള്‍ മിറിയവും കൊല്ലപ്പെട്ടിരുന്നു. ഇത് വെറുമൊരു കൊലപാതകമായിരുന്നില്ല. അതൊരു സന്ദേശമായിരുന്നു: ഇസ്രായേലിനെയോ അതിന്റെ സുഹൃത്തുക്കളെയോ ആക്രമിക്കുക, ഭൂമിയിലെ ഒരിടത്തും സുരക്ഷിതമല്ല എന്നത്. ശത്രു വിജയിക്കുമെന്ന് തോന്നുന്ന നിമിഷം തന്നെ അവരെ തീര്‍ക്കുക എന്നതാണ് മൊസാദിന്റെ നയം.
2018 ജനുവരി അവസാനം ഇറാന്റെ ആണവ ശേഖരം ടെഹ്‌റാനില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. വ്യാവസായിക തെര്‍മല്‍ കട്ടറുകള്‍ ഉപയോഗിച്ച്, കൂറ്റന്‍ സേഫുകള്‍ പൊട്ടിച്ച് അര ടണ്‍ രഹസ്യങ്ങളുമായി മൊസാദ് ഏജന്റുമാര്‍ മടങ്ങി. ഒപ്പം 50,000 പേപ്പര്‍ രേഖകളും 55,000 ഡിജിറ്റല്‍ ഫയലുകളും അവര്‍ തട്ടിയെടുത്തിരുന്നു. ഇക്കാര്യങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ പരസ്യമായി വെളിപ്പെടുത്തിയിരിക്കുകയാണ് കോഹന്‍.
