ദുബായില്‍ തകര്‍ന്നു വീണ തേജസിന്റെ മൂക്കിന് മുകളില്‍ 'എല്‍' തിരിച്ചിട്ട പോലെയുള്ള ഒരു പൈപ്പ് കുത്തി നിര്‍ത്തിയിരിക്കുന്നതെന്താണ്? വിമാനം വീണത് അത് പരീക്ഷണ വിമാനമായതു കൊണ്ടായിരുന്നോ? അക്കഥ അറിഞ്ഞിരുന്നെങ്കില്‍ മാധ്യമങ്ങള്‍ അലറിക്കരഞ്ഞേനെ: ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്

: ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്

Update: 2025-11-27 10:00 GMT

കൊച്ചി: ദുബായ് എയര്‍ഷോയില്‍, വ്യോമാഭ്യാസ പ്രകടനത്തിനിടെ, ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നുവീണതിന് കാരണം എന്താണ്. സാങ്കേതിക വിദഗ്ധര്‍ പലതരത്തിലുള്ള വിശകലനങ്ങളും നടത്തുന്നുണ്ടെങ്കിലും, കൃത്യമായ കാരണം ഇതുവരെ മനസ്സിലായിട്ടില്ല.

തകര്‍ന്നു വീഴുന്നതിനു മുന്‍പായി പൈലറ്റായ വിങ് കമാന്‍ഡര്‍ നമാംശ് സ്യാല്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. 'തേജസ്' 2016ലാണ് വ്യോമസേനയുടെ ഭാഗമായത്. കഴിഞ്ഞ കൊല്ലം മാര്‍ച്ചില്‍ രാജസ്ഥാനിലെ ജയ്സല്‍മേറില്‍ അപകടമുണ്ടായിരുന്നെങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു.

ദുബായില്‍ എയര്‍ഷോയ്ക്കിടെ, തേജസിന് സാങ്കേതിക പിഴവുണ്ടായോ, പൈലറ്റിന്റെ ആരോഗ്യനിലയില്‍ പ്രശ്‌നമുണ്ടായോ തുടങ്ങിയ കാര്യങ്ങളും അന്വേഷണ പരിധിയിലാണ്. ഈ പശ്ചാത്തലത്തില്‍, അധികം ആരും ചര്‍ച്ച ചെയ്യാത്ത ഒരു വിഷയം ശ്രദ്ധയില്‍ പെടുത്തുകയാണ്, വ്യോമയാന വിഷയങ്ങളെ കുറിച്ച് എഴുതുന്ന ജേക്കബ്.കെ.ഫിലിപ്പ്. വിമാനത്തിന്റെ മൂക്കിന് മുകളില്‍ എല്‍ ആകൃതിയില്‍ സ്ഥാപിച്ചിരിക്കുന്ന 'നോസ് പ്രോബ്' അഥവാ 'എയര്‍സ്പീഡ് /ആംഗിള്‍ ഓഫ് അറ്റാക്ക് ടെസ്റ്റ് ബൂം' എന്ന ഉപകരണത്തെ കുറിച്ചാണ് അദ്ദേഹം സൂചിപ്പിക്കുന്നതത്. ഈ ഉപകരണം ഘടിപ്പിക്കുന്നത് ടെസ്റ്റ് പീരിയഡില്‍ അല്ലെങ്കില്‍ പരീക്ഷണ, നിരീക്ഷണ കാലയളവിലാണ്. ദുബായില്‍ അപകടത്തില്‍ പെട്ടതും ഇതുപോലെ പരീക്ഷണ-നിരീക്ഷണത്തിലിരുന്ന വിമാനമാണ്. ദുബായില്‍ വിമാനം വീണത് അത് ടെസ്റ്റ് വിമാനമായതു കൊണ്ടായിരുന്നോ എന്ന ചോദ്യത്തിനാണ് ജേക്കബ് കെ ഫിലിപ്പ് ഉത്തരം തരുന്നത്.

ജേക്കബ് കെ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം:

റോമന്‍ ലിപിയിലെ 'എല്‍' തിരിച്ചിട്ട പോലെയുള്ള ഒരു പൈപ്പ് വിമാനത്തിന്റെ മൂക്കിനു മുകളില്‍ കുത്തി നിര്‍ത്തിയിരിക്കുന്നതെന്താണ്, അല്ലെങ്കില്‍ എന്തിനാണ് എന്ന ഒരൊറ്റ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ മാധ്യമങ്ങളിലെ തേജസ് അപകട-വിശകലന-സ്റ്റോറികള്‍ മറ്റൊരു വഴിക്ക് നീങ്ങിയേനേ-

ദുബായ് എയര്‍ഷോയ്ക്കിടെ വീണുതകരുന്നതിനു തൊട്ടുമുമ്പുള്ള തേജസ് പോര്‍വിമാനത്തിന്റെ വിഡിയോകളിലും പടങ്ങളിലുമെല്ലാം മുഴച്ചു നില്‍ക്കുന്ന ഈ തലതിരിഞ്ഞ എല്‍ എന്താണെന്ന് ഒരു മാധ്യമവും ഇതേവരെ തിരക്കിപ്പോകാത്തതിലുള്ള അമ്പരപ്പുമാണ് ഈ കുറിപ്പിനു കാരണം.

'നോസ് പ്രോബ്' അഥവാ 'എയര്‍സ്പീഡ് /ആംഗിള്‍ ഓഫ് അറ്റാക്ക് ടെസ്റ്റ് ബൂം' എന്ന് വ്യോമയാന ഭാഷയില്‍ പറയുന്ന ഈ ഉപകരണം തേജസില്‍ (അതു പോലുള്ള മറ്റു വിമാനങ്ങളിലും) ഘടിപ്പിക്കുന്നത് ടെസ്റ്റ് പീരിയഡില്‍ അല്ലെങ്കില്‍ പരീക്ഷണ, നിരീക്ഷണ കാലയളവിലാണ് എന്നതാണ് ചോദ്യത്തിന് ആദ്യമേയുള്ള ഉത്തരം.

ഇമവെട്ടുന്ന നേരത്തില്‍ കൃത്യതയോടെ മുകളിലേക്കും താഴേക്കും കുതിക്കാനും, നൊടിയിടയില്‍ തിരിയുകയും മറിയുകയും ചെയ്യാനുമുള്ള കഴിവ് ആക്രമണത്തിന്റെ ജയാപജയങ്ങളെ തീരുമാനിക്കാമെന്നതിനാല്‍ യുദ്ധവിമാനങ്ങളുടെ പൈലറ്റുമാര്‍ക്കും വിമാനം നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ സംവിധാനത്തിനും വിമാനത്തിന്റെ വേഗം, പറക്കലില്‍ മുകളിലേക്കോ താഴേക്കോ ഉള്ള ചെരിവ് (ആംഗിള്‍ ഓഫ് അറ്റാക്ക്) എന്നിവ കൃത്യമായി ലഭിക്കേണ്ടതുണ്ട്. ഈ വേഗവും ചെരിവും അളക്കാനായി സാധാരണ വിമാനങ്ങളില്‍ സ്ഥിരമായി ഘടിപ്പിക്കുന്നതുപോലെയുള്ള പീറ്റോ ട്യൂബും ആംഗിള്‍ ഓഫ് അറ്റാക്ക് സെന്‍സറും തേജിന്റെ മുക്കിനോടു ചേര്‍ന്നും വശത്തുമായി ഫിറ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ വന്‍വേഗത്തില്‍ നീങ്ങുന്ന വിമാനത്തോടു ചേര്‍ന്ന് വായുവിലുണ്ടാകുന്ന ചുഴികളും മലരികളും ഈ ഉപകരണങ്ങളുടെ കൃത്യതയെ ബാധിക്കാം. ശരിക്കുമുള്ള വേഗവും ആംഗിള്‍ ഓഫ് അറ്റാക്കുമാവില്ല പലപ്പോഴും ഈ ഉപകരണങ്ങള്‍ പറയുന്നതെന്നര്‍ത്ഥം.

ഈ തെറ്റു തിരുത്താനാണ് നോസ് പ്രോബ് ഘടിപ്പിച്ചുള്ള പരീക്ഷണപ്പറക്കലുകള്‍. പടത്തില്‍ കാണുന്നതുപോലെ വിമാനത്തില്‍ നിന്ന് നല്ലവണ്ണം ഉയര്‍ന്ന് മുന്നോട്ട് തലനീട്ടിനില്‍ക്കുന്നതിനാല്‍ വിമാനശരീരത്തോടു ചേര്‍ന്നുണ്ടാകുന്ന വായുവിന്റെ ഇളക്കങ്ങള്‍ ഒട്ടും ബാധിക്കുകയില്ല. അതുകൊണ്ടു തന്നെ വേഗ, ചെരിവ് അളവുകള്‍ വളരെ കൃത്യമായിരിക്കുകയും ചെയ്യും.

വിമാനത്തിന്റെ സ്വന്തം പീറ്റോ ട്യൂബും ആംഗിള്‍ ഓഫ് അറ്റാക്ക് സെന്‍സറും തരുന്ന അളവുകളും നോസ് പ്രോബ് സമ്പാദിച്ചുകൊണ്ടുവരുന്ന ഇതേ അളവുകളും താരതമ്യം ചെയ്ത്, വിമാനോപകരണങ്ങള്‍ക്ക് എത്രമാത്രം തെറ്റിപ്പോകുന്നുണ്ടെന്ന് മനസിലാക്കി അതനുസരിച്ച് ഭാവിയില്‍ അവ തരുന്ന അളവുകളില്‍ കൂട്ടലും കുറയ്ക്കലുമൊക്കെ നടത്തിയെടുക്കാന്‍ വിമാനത്തിലെ കംപ്യൂട്ടറിനെ പ്രാപ്തമാക്കുന്ന ഈ കാലബ്രേഷന്‍ ചെയ്യാനാണ് എയര്‍ഷോയ്ക്കിടയിലും തേജസ് നോസ് പ്രോബുമായി പറന്നത്. എയര്‍ഷോയില്‍ വിമാനം എല്ലാത്തരം കുതിക്കലും തിരിയലുമൊക്കെ ചെയ്യുമെന്നതിനാല്‍ വിവരങ്ങളുടെ നല്ലൊരു ശേഖരം കിട്ടുകയും ചെയ്യും.

പുതിയൊരു വിമാനമുണ്ടാക്കിയാല്‍ കുറേക്കാലം നടത്തുന്ന ഈ ടെസ്റ്റിങില്‍ നിന്നു കിട്ടുന്ന വിവരങ്ങള്‍ നോസ് പ്രോബ് ഘടിപ്പിച്ച വിമാനത്തെ മാത്രമല്ല, ഇതേയിനത്തില്‍പ്പെട്ട മറ്റുവിമാനങ്ങളെ കാലബ്രേറ്റ് ചെയ്യാനും ഉപയോഗിക്കാം. ഇങ്ങനെ തിരുത്തി, തിരുത്തി വേഗ, ചെരിവ് അളക്കലുകള്‍ കുറ്റമറ്റതാകുമ്പോഴാണ് വിമാനം ടെസ്റ്റ് പീരിയഡ് കഴിഞ്ഞു എന്നു പറയാനാവുക.

ഇത്രയും പറയുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന ഒരു ചോദ്യമണ്ട്-ദുബായില്‍ വിമാനം വീണത് അത് ടെസ്റ്റ് വിമാനമായതു കൊണ്ടായിരുന്നോ? അല്ല എന്നതാണ് ആദ്യ ഉത്തരം. കാരണം, പരീക്ഷണ-നിരീക്ഷണ ഘട്ടത്തിലുള്ള വിമാനമായാലും വിദഗ്ധരുടെ അതീവകര്‍ക്കശമായ പരിശോധനകളിലൂടെ തികഞ്ഞ സുരക്ഷ ഉറപ്പാക്കി മാത്രമാണ് വിമാനം എയര്‍ഷോയില്‍ അഭ്യാസപ്രകടനം നടത്തുക.

അതേസമയം, സുരക്ഷയുടെ എല്ലാ മാനദണ്ഡങ്ങളും അണുവിട തെറ്റാതെ പാലിക്കണമെങ്കില്‍ പൈലറ്റിനു കിട്ടുന്ന വേഗ, ചെരിവ് അളവുകളും അച്ചട്ടാവേണ്ടേ എന്നു ചോദിച്ചാല്‍ ആവണം എന്നുമാണ് ഉത്തരം. ഈ രണ്ട് ഉത്തരങ്ങളും എങ്ങനെ കൂട്ടുകയും കിഴിക്കുകയും ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വ്യോമയാന വിദഗ്ധരായ അപകടാന്വേഷകരുമാണ്.

ഇന്ത്യന്‍ വ്യോമസേന തേജസ് ഉപയോഗിച്ചു തുടങ്ങിയിട്ട് ഒന്‍പതു വര്‍ഷമാകുന്നെങ്കിലും ഇപ്പോഴും ചില വിമാനങ്ങള്‍ക്ക് കാലബ്രേഷന്‍ തുടരുന്നു എന്നതാണ് കൗതുകകരമായ ഒരു കാര്യം. 2021 ദുബായ് എയര്‍ഷോയില്‍ പങ്കെടുത്ത മൂന്നു തേജസുകളില്‍ രണ്ടെണ്ണം നോസ് പ്രോബ് ഘടിപ്പിച്ചവയും ഒരെണ്ണം കാലബ്രേഷന്‍ കഴിഞ്ഞതുമായിരുന്നു.

തുടക്കത്തില്‍ പറഞ്ഞപോലെ, മാധ്യമങ്ങള്‍ ആദ്യമേ ഈ ഉപകരണമെന്താണെന്ന് അന്വേഷിച്ചു പോകാതിരുന്നത് ഒരു കണക്കിന് നന്നായി എന്നും പറയണം. 'ദുബായില്‍ തകര്‍ന്നത് സുരക്ഷിതമല്ലെന്ന് അറിയാമായിരുന്ന വിമാനം' എന്ന് എല്ലാവരും കൂടി അലറിക്കരഞ്ഞേനേ.


Full View


Tags:    

Similar News