ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത് 2027 ല്‍ വിരമിക്കുമെന്ന്; ഇംപീച്ചമെന്റ് പ്രമേയം വരെ നേരിട്ട ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ പ്രതിപക്ഷത്തിനും അമ്പരപ്പ്; ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടോ? നിതീഷ് കുമാര്‍ ഉപരാഷ്ട്രതിയാകുമോ? ഹരിവംശ് സിങ്ങിന്റെ പേരും പരിഗണനയില്‍
ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിയില്‍ പ്രതിപക്ഷത്തിനും അമ്പരപ്പ്
ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവച്ചതോടെ പിന്‍ഗാമിയാര് എന്ന ചോദ്യം ദേശീയ രാഷ്ട്രീയ വൃത്തങ്ങളില്‍ സജീവമാകുന്നു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ് അണിയറയില്‍ അഭ്യൂഹങ്ങള്‍ പരക്കുന്നത്. ജെഡി(യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ ഉപരാഷ്ട്രതി സ്ഥാനത്തേക്കു കൊണ്ടുവന്നാല്‍ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന ലക്ഷ്യം കൈവരിക്കാന്‍ ബിജെപിക്ക് സാധിക്കും. നിതീഷിനെ ഉപരാഷ്ട്രപതിയാക്കിയാല്‍, ബിഹാര്‍ തിരഞ്ഞെടുപ്പില്‍ സഖ്യം വിജയിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനം ബിജെപിക്ക് ഏറ്റെടുക്കാനാകും.
നിയമസഭയില്‍ സീറ്റിന്റെ കാര്യത്തില്‍ ബിജെപിക്ക് മുന്‍തൂക്കമുണ്ടായിട്ടും മുഖ്യമന്ത്രിസ്ഥാനം നിതീഷിന് വിട്ടുകൊടുക്കേണ്ടി വന്നത് അനുനയ നീക്കങ്ങളുടെ ഭാഗമായിരുന്നു. എന്നാല്‍ മോഹിപ്പിക്കുന്ന ഉപരാഷ്ട്രപതി സ്ഥാനം വച്ചുനീട്ടിയാല്‍ നിതീഷ് കുമാര്‍ ഏറ്റെടുക്കുമോ എന്നതാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഇത്തവണ കൂടുതല്‍ സീറ്റുകളില്‍ വിജയിച്ച് ബിഹാറില്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കൊണ്ടുവരികയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. കാരണമില്ലാതെ നിതീഷിനെ മാറ്റിയാല്‍ ഉണ്ടാവുന്ന തിരിച്ചടി മറികടക്കാനാണ് ഉപരാഷ്ട്രപതി സ്ഥാനം നല്‍കി അദ്ദേഹത്തെ ഡല്‍ഹിയിലേക്ക് മാറ്റുന്നകാര്യം പരിഗണിക്കുന്നത്.
ബിജെപി നേതൃത്വത്തെയും പ്രതിപക്ഷ നിരയെയും ഒരുപോലെ അമ്പരപ്പിച്ചാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ കഴിഞ്ഞ ദിവസം രാജിവച്ചത്. 2027ല്‍ താന്‍ വിരമിക്കുമെന്നാണ് 12 ദിവസങ്ങള്‍ക്ക് മുമ്പ് ജെഎന്‍യുവില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേ ജഗദീപ് ധന്‍കര്‍ പറഞ്ഞത്. എന്നാല്‍, എല്ലാവരെയും ഞെട്ടിച്ച് തിങ്കളാഴ്ച അപ്രതീക്ഷിത നീക്കത്തിലൂടെ രാജി പ്രഖ്യാപിച്ച ധന്‍കര്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന അഭ്യൂഹം പ്രചരിച്ചു. ആരോഗ്യ കാരണങ്ങളാലാണ് താന്‍ രാജിവയ്ക്കുന്നതെന്നാണ് ധന്‍കര്‍ വിശദീകരിക്കുന്നതെങ്കിലും അത് തൊണ്ട തൊടാതെ വിഴുങ്ങാന്‍ പ്രതിപക്ഷം തയ്യാറായിട്ടില്ല.
സഭാധ്യക്ഷനെന്ന നിലയില്‍ ഭരണപക്ഷത്തിന് അനുകൂലമായി രാജ്യസഭാ നടപടികളെ കൊണ്ടുപോകുന്നുവെന്ന് പ്രതിപക്ഷം നിരന്തരം ആക്രമിച്ചിരുന്നയാളാണ് ഉപരാഷ്ട്രപതി. ഒരുതവണ അദ്ദേഹത്തിനെതിരെ ഇംപീച്ചമെന്റ് പ്രമേയം വരെ സഭയില്‍ കൊണ്ടുവന്നെങ്കിലും ധന്‍കറിന്റെ അപ്രതീക്ഷിത രാജിയുടെ നടുക്കം പ്രതിപക്ഷത്തെ വിട്ടുമാറിയിട്ടില്ല. ധന്‍കര്‍ രാജിവെച്ചെന്ന് പ്രഖ്യാപിച്ച് ഏറെ വൈകിയാണ് പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണം വന്നതെന്നതാണ് ശ്രദ്ധേയം. മാത്രമല്ല കേന്ദ്രമന്ത്രിമാരും ഇക്കാര്യത്തില്‍ ഏറെനേരെ നിശബ്ദരായിരുന്നുന്നുവെന്നതും ശ്രദ്ധേയമാണ്. ധന്‍കറിന്റെ രാജി ബിജെപി നേതൃത്വത്തെയും ഞെട്ടിച്ചുവെന്നാണ് ലഭിക്കുന്ന സൂചന.
ബിജെപി നേതൃത്വത്തിന് അതൃപ്തി
ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളില്‍ നിന്ന് നേരിട്ട അവഗണനയില്‍ മനംനൊന്താണ് ധന്‍കര്‍ രാജിവച്ചതെന്നും പറഞ്ഞുകേള്‍ക്കുന്നു. 68 പ്രതിപക്ഷ എംപിമാര്‍ ചേര്‍ന്ന് ജസ്റ്റിസ് വര്‍മയ്ക്കെതിരെ ഇംപീച്ച്‌മെന്റ് നോട്ടീസ് രാജ്യസഭാധ്യക്ഷന് നല്‍കിയിരുന്നു. താനത് അംഗീകരിച്ചതായി അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ വിഷയത്തില്‍ ഭരണപക്ഷം ലോക്സഭയില്‍ ഒരു പ്രമേയം കൊണ്ടുവരാന്‍ തുടങ്ങുകയായിരുന്നു. ഈ സമയത്താണ് പ്രതിപക്ഷത്തിന്റെ നോട്ടീസില്‍ ഉപരാഷ്ട്രപതി തിടുക്കത്തില്‍ നടപടിയെടുത്തത്. അത് കേന്ദ്രസര്‍ക്കാരിന് ഇഷ്ടപ്പെട്ടില്ല എന്നാണ് അഭ്യൂഹങ്ങള്‍.
ഇത് സാധൂകരിക്കുന്ന വിധത്തില്‍ രാജ്യസഭാ നടപടിക്രമങ്ങള്‍ നിശ്ചയിക്കാന്‍ ധന്‍കര്‍ വിളിച്ചുചേര്‍ത്ത ബിസിനസ് അഡൈ്വസറി കമ്മിറ്റിയുടെ യോഗത്തില്‍ ബിജെപി രാജ്യസഭാ കക്ഷി നേതാവ് ജെപി നദ്ദ പങ്കെടുത്തിരുന്നില്ല. മാത്രമല്ല പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി കിരണ്‍ റിജിജുവും യോഗത്തിനെത്തിയില്ല. ഇത് രാജ്യസഭാ ചെയര്‍മാനെ അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. ഇതിന് മുമ്പ് ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ധന്‍കറിനെതിരെ വിരല്‍ ചൂണ്ടി നദ്ദ സംസാരിച്ചതും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു.
അതേസമയം, ജുഡീഷ്യറിയുമായി നിരന്തരം ഏറ്റുമുട്ടുന്ന ധന്‍കറിന്റെ ചില പരാമര്‍ശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് അലോസരമുണ്ടാക്കിയിരുന്നുവെന്നാണ് മറ്റൊരു അഭ്യൂഹം. ജുഡീഷ്യറിയുടെ അമിതാധികാര പ്രയോഗത്തിനെതിരെ ഉപരാഷ്ട്രപതിയായതു മുതല്‍ പലതവണ അദ്ദേഹം വിമര്‍ശനമുന്നയിച്ചിരുന്നു. ഇതില്‍ പ്രധാനം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയന്റ്‌മെന്റ് കമ്മീഷന്‍ ആക്ട് സുപ്രീംകോടതി റദ്ദാക്കിയതിനെതിരെ ആണ്. ജുഡീഷ്യറി അതിരുകടക്കുന്നുവെന്നാണ് അന്ന് ധന്‍കര്‍ പറഞ്ഞത്. ഇതുള്‍പ്പടെ അടുത്തിടെയും അദ്ദേഹം ജുഡീഷ്യറിക്കെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. ഈ രീതിയോട് കേന്ദ്രത്തിന് താത്പര്യമില്ലായിരുന്നുവെന്നാണ് പറയുന്നത്.
ഭരണഘടന പറയുന്നത്
ഭരണഘടനയുടെ 68(2) അനുച്ഛേദം പ്രകാരം ഉപരാഷ്ട്രപതി രാജിവച്ചാല്‍ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്ന് അനുശാസിക്കുന്നു. അഞ്ചു വര്‍ഷമാണ് കാലാവധി. പദവി ഒഴിവുവന്നാല്‍ വേറെ ആര് ആ ചുമതലകള്‍ വഹിക്കണമെന്ന് ഭരണഘടനയില്‍ പറയുന്നില്ല. രാജ്യസഭയില്‍ ഉപരാഷ്ട്രപതി ഇല്ലെങ്കില്‍ ആ ചുമതല ഉപാധ്യക്ഷന് നിര്‍വഹിക്കാം. 35 വയസ് പൂര്‍ത്തിയായ ഇന്ത്യന്‍ പൗരന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാം. 2022 ഓഗസ്റ്റിലാണ് ധന്‍കര്‍ ഉപരാഷ്ട്രപതി പദവിയില്‍ എത്തിയത്. 2027 വരെ കാലാവധിയുണ്ടായിരുന്നു.
ഹരിവംശ് സിങ്ങിന്റെ പേരും
നിതീഷ് കുമാറിന് പുറമെ രാജ്യസഭാ ഉപാധ്യക്ഷനായ ബിഹാറില്‍നിന്നുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിന്റെ പേരും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്നു. സര്‍ക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിനു പുറമേ ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഹരിവംശിന് പദവി നല്‍കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, സംസ്ഥാന ഗവര്‍ണര്‍ പദവി അലങ്കരിച്ചിരുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപി പരിഗണിച്ചേക്കുമെന്ന് ചില വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ധന്‍കര്‍ ഉപരാഷ്ട്രപതി ആകുന്നതിനുമുന്‍പ് ബംഗാള്‍ ഗവര്‍ണര്‍ ആയിരുന്നു. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരെയും പാര്‍ട്ടിയിലെ പ്രമുഖ വ്യക്തിത്വങ്ങളെയും പരിഗണിച്ചേക്കാം. ധന്‍കറും മുന്‍പ് പദവി വഹിച്ചിരുന്ന വെങ്കയ്യാ നായിഡുവും ഉപരാഷ്ട്രപതിമാര്‍ ആകുന്നതിനു മുന്‍പ് ബിജെപിയുടെ പ്രധാന നേതാക്കളായിരുന്നു.