ഗുരുഗ്രാം മുതല്‍ ജമ്മു കശ്മീര്‍ വരെ രേഖകളില്ലാതെ കൈമാറ്റം ചെയ്യപ്പെട്ട കാര്‍; ഐ20 പുകപരിശോധന നടത്തിയത് രണ്ടാഴ്ച മുന്‍പ്; സ്‌ഫോടനശേഷം അന്വേഷണം എത്തിയത് ഉമര്‍ മുഹമ്മദില്‍; ചെങ്കോട്ടയ്ക്കു സമീപത്തെ പാര്‍ക്കിങ് ഏരിയയില്‍ മൂന്ന് മണിക്കൂര്‍ കാത്തിരുന്നത് ജയ്‌ഷെ മുഹമ്മദിന്റെ സന്ദേശത്തിന് വേണ്ടിയോ? ഡല്‍ഹിയില്‍ സ്‌ഫോടനം നടത്തണമെന്ന നിര്‍ദേശമെത്തിയത് പാക്കിസ്ഥാനില്‍ നിന്നും? വേരുകള്‍ തേടി എന്‍ഐഎ
ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം 12 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന് നിര്‍ദേശം നല്‍കിയത് പാക്ക് ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണെന്ന് സൂചന. ഡല്‍ഹിയിലെ പ്രധാന സ്ഥലത്ത് സ്‌ഫോടനം നടത്തണമെന്ന നിര്‍ദേശം ജയ്‌ഷെ മുഹമ്മദ് കേന്ദ്രത്തില്‍ നിന്നും ചാവേര്‍ സംഘത്തിന് കിട്ടിയിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന സൂചന. സ്‌ഫോടനം ഉണ്ടായതിനെ തുടര്‍ന്ന് പലരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതില്‍ നിന്നുമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തിയത്. ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടെ ലഭിച്ച ഒരു ആഭ്യന്തര കത്ത് ഇതിന് തെളിവായി ഉന്നയിക്കപ്പെടുന്നു.
ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ അന്വേഷണത്തില്‍, പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദും അതിന്റെ അനുബന്ധ സംഘടനകളും ഇതിന് പിന്നിലുണ്ടോ എന്ന അന്വേഷണമാണ് നടക്കുന്നത്. ഈ സംഘടനയുടെ രഹസ്യമായ പ്രവര്‍ത്തനങ്ങള്‍ ജമ്മു കശ്മീരില്‍ സജീവമാണെന്ന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ജമ്മു കശ്മീര്‍ പോലീസ് നൗഗം എന്ന സ്ഥലത്ത് നടത്തിയ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഒരു ആഭ്യന്തര കത്ത് കണ്ടെടുത്തതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. 2025 ഒക്ടോബര്‍ 17-ന് തീയതിയിട്ട ഈ കത്ത്, നിരോധിക്കപ്പെട്ട പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനയുടെ പേരില്‍ പുറത്തിറക്കിയതാണെന്ന് കരുതുന്നു. പാക്കിസ്ഥാനിലോ ജമ്മു കശ്മീരിലോ ഉള്ള ഒരാള്‍ക്ക് വേണ്ടിയാണ് ഈ കത്ത് എന്ന് സൂചനകളുണ്ട്. കത്തിലെ ഭാഷയും നിര്‍ദ്ദേശങ്ങളും 2016 നും 2021 നും ഇടയില്‍ ജയ്‌ഷെ മുഹമ്മദ് (JeM) പുറത്തിറക്കിയിരുന്ന സന്ദേശങ്ങളുമായി സാമ്യമുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
'ജിഹാദി മുദ്രാവാക്യങ്ങള്‍, ഭീഷണികള്‍, സംഘടനയോട് കാണിക്കുന്ന ഒറ്റുകൊടുക്കലിനും സുരക്ഷാ സേനകളുമായി സഹകരിക്കുന്നവര്‍ക്കുമുള്ള മുന്നറിയിപ്പുകള്‍' എന്നിവ കത്തില്‍ അടങ്ങിയിരിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'അമീറ-കമാന്‍ഡര്‍' എന്ന് പേരില്‍ അറിയപ്പെടുന്ന ഒരാളെക്കുറിച്ച് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. ജയ്‌ഷെ മുഹമ്മദിന്റെ (JeM) ആഭ്യന്തര പ്രചാരണ ശൈലിക്ക് സമാനമായ മതപരമായ ആഹ്വാനങ്ങളോടെയാണ് കത്ത് അവസാനിക്കുന്നത്.
കശ്മീരിലെ വര്‍ദ്ധിച്ചുവരുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെ ജയ്‌ഷെ മുഹമ്മദിലെ ആഭ്യന്തര ഭിന്നതയുണ്ടായതാകാം സ്‌ഫോടനത്തിന് കാരണമെന്ന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. സ്‌ഫോടനത്തില്‍ ഉപയോഗിച്ച ഐ20 കാറിന്റെ അവസാന ഉടമ പുല്‍വാമ സ്വദേശിയാണെന്ന വിവരവും അന്വേഷണത്തിന് പുതിയ തലം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. സ്‌ഫോടനത്തിന്റെ പ്രേരണയും JeM ന്റെ ആഭ്യന്തര പ്രശ്‌നങ്ങളും കണ്ടെത്താന്‍ ഈ കത്ത് നിര്‍ണായക തെളിവായി മാറുമെന്ന് അന്വേഷണ സംഘം കരുതുന്നു.
ഓപറേഷന്‍ സിന്ദൂറിന് ശേഷം രാജ്യമൊട്ടാകെ നിരീക്ഷണം ശക്തമാക്കിയിരുന്നു. അപ്പോഴാണ് വൈറ്റ് കോളര്‍ സംഘത്തിനെ ചാവേറുകളാക്കി മാറ്റിക്കൊണ്ട് ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്താനുള്ള നീക്കം ജയ്‌ഷെ മുഹമ്മദിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അതേസമയം, സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട എട്ട് പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു. സ്‌ഫോടനത്തില്‍ മരിച്ച ജുമാന്‍ എന്നയാളുടെ മൃതദേഹം വിട്ടു നല്‍കുന്നില്ലെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്തുവന്നിട്ടുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞിട്ടും അധികൃതര്‍ വിട്ടു നല്‍കുന്നില്ല എന്നാണ് പരാതി.
കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്
ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപം ഇന്നലെ പൊട്ടിത്തെറിച്ച ഐ20 കാറിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഒക്ടോബര്‍ 29ന് വൈകീട്ട് കാര്‍ പുകപരിശോധനക്കു കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കാറില്‍ മൂന്നുപേരാണുണ്ടായിരുന്നത്. ഇന്നലെ സ്‌ഫോടനത്തിനു തൊട്ടുമുന്‍പും കാറില്‍ മൂന്നുപേരുണ്ടായിരുന്നെന്നാണ് സൂചന.
ഡല്‍ഹി സ്‌ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമര്‍ മുഹമ്മദ് ഈ കാര്‍ വാങ്ങിയ ദിവസത്തെ ദൃശ്യങ്ങളാണിത്. ഒക്ടോബര്‍ 29ന് വൈകീട്ട് 4.20ഓടെയാണ് മൂന്നുപേര്‍ എച്ച്ആര്‍ 26 സിഇ 7674 നമ്പറിലുള്ള കാറുമായി പുകപരിശോധന കേന്ദ്രത്തിലെത്തിയത്. ഷര്‍ട്ട് ധരിച്ച ഒരാളെയും ടീഷര്‍ട്ട് ധരിച്ച രണ്ടുപേരെയുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. ഇവരിലൊരാള്‍ കാര്‍ ഡോ. ഉമര്‍ മുഹമ്മദിനു നല്‍കിയ താരിഖ് മാലിക് ആണെന്നാണു കരുതുന്നത്. പരിശോധനയ്ക്കു പിന്നാലെ മൂവരും കാറില്‍ കയറി ഓടിച്ചുപോകുന്നുണ്ട്.
കാര്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.19ന് ചെങ്കോട്ടയ്ക്കു സമീപത്തെ ഒരു പാര്‍ക്കിങ് കേന്ദ്രത്തില്‍ പ്രവേശിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. ഇതില്‍ കാറിന്റെ ഡോര്‍ വിന്‍ഡോയില്‍ കൈ വച്ചിരിക്കുന്നയാളാണ് ചാവേര്‍ സ്‌ഫോടനം നടത്തിയത് എന്നാണ് കരുതുന്നത്. മൂന്നു മണിക്കൂറിനു ശേഷം വൈകീട്ട് 6.30നാണ് ഈ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്നു പുറത്തേക്കു പോകുന്നത്.
ഈ മൂന്നുമണിക്കൂറിനിടെ ഒരിക്കല്‍ പോലും ഇയാള്‍ കാറില്‍നിന്നു പുറത്തിറങ്ങിയിട്ടില്ല. ആരെയെങ്കിലും കാത്തിരിക്കുകയായിരുന്നോ ഏതെങ്കിലും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നോ എന്നതിനെ കുറിച്ചും അന്വേഷിക്കുകയാണ്. ജയ്‌ഷെ മുഹമ്മദിന്റെ കേന്ദ്രത്തില്‍ നിന്നുമുള്ള നിര്‍ദേശത്തിന് വേണ്ടി കാത്തിരുന്നതാണോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കാര്‍ പാര്‍ക്കിങ് ഏരിയയില്‍നിന്നു പുറത്തേക്കു പോയതിനു പിന്നാലെ 6.52നായിരുന്നു രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. ചാന്ദ്‌നി ചൗക്ക് മാര്‍ക്കറ്റിനും ജുമാ മസ്ജിദിനും സമീപമുണ്ടായ സ്‌ഫോടനത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. വേഗം കുറച്ച് ചെങ്കോട്ടയ്ക്കു മുന്നിലൂടെ നീങ്ങുകയായിരുന്ന കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയതിനു പിന്നാലെ പൊട്ടിത്തെറിക്കുകയായിരുന്നു.
മുഹമ്മദ് സല്‍മാന്‍ എന്നയാളാണ് കാറിന്റെ ആദ്യ ഉടമസ്ഥന്‍ എന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ഇയാള്‍ ദേവേന്ദര്‍ എന്നയാള്‍ക്ക് കാര്‍ വിറ്റു. ദേവേന്ദര്‍ പിന്നീട് കാര്‍ ആമിര്‍ റഷീദ് എന്നയാള്‍ക്ക് വിറ്റു. ഇയാള്‍ മുഹമ്മദ് താരിഖ് എന്നയാള്‍ വഴി ഡോ. ഉമര്‍ മുഹമ്മദിന് വിറ്റുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ആകെ ഏഴുതവണയായി കാര്‍ കൈമറിഞ്ഞിട്ടുണ്ട്.
രേഖകളില്ലാത്ത കാര്‍
പോലീസ് അന്വേഷണം ആരംഭിച്ചത് സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ച വെളുത്ത ഐ20 കാറിന്റെ തകര്‍ന്ന അവശിഷ്ടങ്ങളില്‍നിന്നാണ്. രാജ്യത്തെ നടുക്കിയ, സ്‌ഫോടനത്തിന്റെ പിന്നിലെ നിഗൂഢതയുടെ ചുരുളഴിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കാറിനേപ്പറ്റിയുള്ള വിശദമായ അന്വേഷണം അപ്പോള്‍ത്തന്നെ ആരംഭിച്ചു. HR26CE7674 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ഈ കാര്‍ 2013-ല്‍ നിര്‍മ്മിച്ചതാണെന്നും ഇത് 2014-ല്‍ മുഹമ്മദ് സല്‍മാന്‍ എന്ന ആളുടെ പേരിലാണുണ്ടായിരുന്നതെന്നും പോലീസ് പെട്ടെന്നുതന്നെ കണ്ടെത്തി. ഗുരുഗ്രാം നിവാസിയായ സല്‍മാന്‍ കാറിന്റെ രണ്ടാമത്തെ ഉടമയായിരുന്നുവെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇയാളെ രാത്രിതന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് കാറിന്റെ ഉടമസ്ഥത കൈമാറിയത് സംബന്ധിച്ച അന്വേഷണമായിരുന്നു പോലീസ് നടത്തിയത്. സ്‌ഫോടനശേഷം പോലീസ് സല്‍മാനെ ബന്ധപ്പെട്ടപ്പോള്‍, അദ്ദേഹം വാഹനം ഒഖ്ലയിലെ ദേവേന്ദ്ര എന്ന ആള്‍ക്ക് വിറ്റതായി അറിയിച്ചു. ദേവേന്ദ്ര ഇത് അംബാലയിലെ ഒരാള്‍ക്ക് കൈമാറി, അയാള്‍ ഇത് ജമ്മു കശ്മീരിലെ പുല്‍വാമയിലുള്ള ആമിറിന് വിറ്റു. ആമിറില്‍നിന്ന് ഈ കാര്‍ ഫരീദാബാദിലെ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ ജോലിചെയ്തിരുന്ന ഡോ. ഉമര്‍ മുഹമ്മദിന്റെ കൈവശമെത്തി. സ്‌ഫോടനം നടക്കുമ്പോള്‍ കാര്‍ ഓടിച്ചിരുന്നത് ഉമര്‍ ആയിരിക്കാമെന്ന സംശയത്തിലേക്ക് പോലീസ് എത്തി.
ഗുരുഗ്രാം മുതല്‍ ജമ്മു കശ്മീര്‍ വരെ സംസ്ഥാനങ്ങള്‍ മാറി കാര്‍ കൈമാറ്റം ചെയ്യപ്പെട്ടെങ്കിലും രേഖകളില്‍ കാറിന്റെ ഉടമസ്ഥത സല്‍മാന്റെ പേരില്‍ത്തന്നെയായിരുന്നു. രേഖയിലെ പേര് മാറ്റുന്നതിനുള്ള ചെലവുകള്‍ ഒഴിവാക്കാന്‍ ഉടമസ്ഥാവകാശം മാറ്റാതെ വാഹനങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനക്കാര്‍ക്കിടയില്‍ പതിവാണെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. പിടിക്കപ്പെടാതിരിക്കാനായി കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പലപ്പോഴും രേഖകളില്ലാത്ത ഇത്തരം വാഹനങ്ങളാണ് ഉപയോഗിക്കാറുള്ളത്. എന്നാല്‍, വാഹനം കുറ്റകൃത്യത്തിന്റെ ഭാഗമാകുന്നതോടെ രേഖയിലുള്ള ഉടമയിലേക്ക് അന്വേഷണം എത്തുകയും ചെയ്യും.
സ്‌ഫോടന സ്ഥലമായ നേതാജി സുഭാഷ് മാര്‍ഗ്ഗിലെ ട്രാഫിക് സിഗ്‌നലില്‍ എത്തുന്നതിനുമുമ്പ് വെളുത്ത ഐ20 കാര്‍ സഞ്ചരിച്ച വഴികള്‍ അന്വേഷകര്‍ കണ്ടെത്തി. വാഹനത്തിന്റെ യാത്ര ഫരീദാബാദില്‍ നിന്നാണ് ആരംഭിച്ചതെന്ന് വ്യക്തമായി. ബദര്‍പൂര്‍ അതിര്‍ത്തി വഴി തലസ്ഥാനത്തേക്ക് പ്രവേശിച്ച കാര്‍, സരായി കാലെ ഖാന്‍, തിരക്കേറിയ ഐടിഒ കവല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള പാര്‍ക്കിങ് സ്ഥലത്തെത്തി.
സിസിടിവി ദൃശ്യങ്ങളില്‍ തുടക്കത്തില്‍ ഡ്രൈവറുടെ മുഖം വ്യക്തമായി കാണാമെങ്കിലും കാര്‍ മുന്നോട്ട് പോകുമ്പോള്‍ മുഖം മറച്ച ഒരാളാണ് ഡ്രൈവിങ് സീറ്റിലിരിക്കുന്നതെന്നാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സ്‌ഫോടനം നടത്തിയ ചാവേറായ ഡോ. ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു-കശ്മീര്‍, ഹരിയാണ പോലീസ് കഴിഞ്ഞ ദിവസം സ്ഫോടകവസ്തുക്കളുമായി അറസ്റ്റ് ചെയ്ത ഡോക്ടര്‍മാരുടെ കൂട്ടാളിയാണ് ഇയാള്‍ എന്നാണ് പോലീസ് പറയുന്നത്.
ജമ്മു-കശ്മീര്‍, ഹരിയാണ, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലായി വ്യാപിച്ച ഭീകരവാദശൃംഖലയിലെ എട്ട് പേര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മൂന്ന് ഡോക്ടര്‍മാരുള്‍പ്പെടെ ഇതിലുണ്ടായിരുന്നു. 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം നൈട്രേറ്റ് അടക്കം ഐഇഡി നിര്‍മാണത്തിനുള്ള 2900 കിലോഗ്രാം വസ്തുക്കള്‍ ഇവരില്‍നിന്ന് പിടികൂടിയിരുന്നു. പിടിയിലായ ഡോക്ടര്‍ മുസമ്മില്‍ അഹമ്മദ് ഖന്നെയുടെയും ഡോക്ടര്‍ അദീല്‍ അഹമ്മദ് റാത്തറിന്റെയും കൂട്ടാളിയാണ് ചെങ്കോട്ടയില്‍ സ്ഫോടനം നടത്തിയ ഉമര്‍ മുഹമ്മദ് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഫരീദാബാദ് ഭീകരസംഘത്തിലെ പ്രധാനപ്രതിയും തന്റെ കൂട്ടാളിയുമായ ഡോക്ടര്‍ മുസമ്മില്‍ ഷക്കീല്‍ അറസ്റ്റിലായതോടെ ഉമര്‍ പരിഭ്രാന്തനായെന്നും തുടര്‍ന്നാണ് സ്ഫോടനത്തിന് പദ്ധതിയിട്ടതെന്നുമാണ് പോലീസിന്റെ നിഗമനം.
