കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ സ്വയം ഒറ്റപ്പെട്ടത്; കന്യാസ്ത്രീകള്‍ സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായി തുടരാന്‍ തയ്യാറാകുന്നപക്ഷം അവരുടെ ചെലവുകള്‍ വഹിക്കും; എന്തു ചെയ്യണമെന്ന് അവര്‍ തീരുമാനിക്കണം; ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകള്‍ ഒറ്റപ്പെട്ടതില്‍ ജലന്ധര്‍ രൂപതയുടെ വിശദീകരണം
കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ സ്വയം ഒറ്റപ്പെട്ടത്;
കോട്ടയം: കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തിന്റെ മന്ദിരത്തില്‍ നിലവില്‍ താമസിക്കുന്ന കന്യാസ്ത്രീകള്‍ സന്യാസിനീ സമൂഹത്തിലെ അംഗങ്ങളായി തുടരാന്‍ തയ്യാറാകുന്നപക്ഷം അവരുടെ ചെലവുകള്‍ വഹിക്കുമെന്ന് ജലന്ധര്‍ രൂപത. ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍, തന്നെ ബലാത്സംഗം ചെയ്‌തെന്ന് പരാതിപ്പെട്ട കന്യാസ്ത്രീയെ പിന്തുണച്ച സിസ്റ്റര്‍ അനുപമ ഉള്‍പ്പെടെ മൂന്നുപേര്‍ സഭാവസ്ത്രം ഉപേക്ഷിച്ചതോടെ കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ പരാതിക്കാരിയും മറ്റ് രണ്ടുപേരും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇവരുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതായ നിലയിലാണ്. ഈ വിഷയത്തിലാണ് ജലന്ധര്‍ രൂപത പ്രതികരണവുമായി രംഗത്തുവന്നത്.
കന്യാസ്ത്രീകള്‍ക്ക് അവര്‍ക്ക് അര്‍ഹമായ സഹായം മദര്‍ ജനറല്‍ മുമ്പേ ഉറപ്പ് നല്‍കിയിരുന്നു. അവരുടെ മെഡിക്കല്‍ ബില്‍ തുകയും ദൈനംദിന ചെലവുകള്‍ക്കായി പ്രതിമാസം 20,000 രൂപയും നല്‍കുമെന്ന ആ വാഗ്ദാനം ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് രൂപതാ സെക്രട്ടറി വ്യക്തമാക്കിയ കാര്യം.
ജലന്ധര്‍ രൂപതയുടെ ഉടമസ്ഥതയിലുള്ള ഈ മന്ദിരം ഒരു കോണ്‍വെന്റായി ഉപയോഗിക്കാന്‍ മിഷനറീസ് ഓഫ് ജീസസിന് നല്‍കിയതാണ്. ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കിയ നാല് കന്യാസ്ത്രീകള്‍ അവര്‍ക്ക് ഒപ്പമുള്ള മറ്റ് കന്യാസ്ത്രീകളില്‍നിന്നും സുപ്പീരിയറില്‍നിന്നും തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് ആരോപിച്ചിരുന്നു. മറ്റുള്ളവരെ ഒഴിവാക്കി കെട്ടിടം തങ്ങളുടെ കൈവശം വെക്കണമെന്നും അവര്‍ രൂപതയോട് അഭ്യര്‍ഥിച്ചു. അവരുടെ അഭ്യര്‍ഥന മാനിച്ച് ജലന്ധര്‍ ബിഷപ്പ് മറ്റുള്ളവരെ കുറവിങ്ങലങ്ങാട്ടുനിന്ന് പിന്‍വലിച്ചു. അതോടെ അത് കോണ്‍വെന്റല്ലാതായി -രൂപതാ സെക്രട്ടറി പറയുന്നു.
കെട്ടിടം രൂപതയുടേതായതിനാല്‍ രൂപതാ അധികൃതര്‍ എല്ലാ മാസവും വൈദ്യുതിബില്‍ അടയ്ക്കുകയും വീടിന്റെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നുണ്ട്. ചുറ്റുമുള്ള വിശാലമായഭൂമി കൃഷി ചെയ്യാനും എളുപ്പത്തില്‍ പരിപാലിക്കാനും രൂപത അവര്‍ക്ക് സൗജന്യമായി നല്‍കിയിട്ടുണ്ട്. നാല് കന്യാസ്ത്രീകള്‍ ഒറ്റയ്ക്ക് കഴിയാന്‍ ആഗ്രഹിച്ചവരാണ്. ഒറ്റപ്പെടുത്തിയെന്ന് പറയുന്നത് ശരിയല്ല. രൂപത അവരുടെ ആഗ്രഹത്തെ മാനിക്കുന്നു. പുറത്തുനിന്നുള്ളവരുടെ പിന്തുണമൂലമാണ് അവരുടെ ഈ നിലപാടെന്നുവേണം മനസ്സിലാക്കാന്‍. എന്നാല്‍ അവര്‍ അംഗങ്ങളാകാന്‍ സമ്മതിക്കുന്നപക്ഷം അവരെ സാമ്പത്തികമായി പരിപാലിക്കാന്‍ സഭ തയ്യാറാണ്. എന്തുചെയ്യണമെന്ന് അവര്‍ തീരുമാനിക്കണമെന്നും ജലന്ധര്‍ രൂപത വ്യക്തമാക്കി.
കുറവിലങ്ങാട് മിഷനറീസ് ഓഫ് ജീസസ് മഠത്തില്‍ പരാതിക്കാരിയും മറ്റ് രണ്ടുപേരും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ആറ് പേരുണ്ടായിരുന്ന മഠത്തിലെ അനുപമ, നീന റോസ്, ജോസഫൈന്‍ എന്നീ കന്യാസ്ത്രീകളാണ് സഭാവസ്ത്രം ഉപേക്ഷിച്ചത്. നിലവില്‍ പരാതിക്കാരി, സിസ്റ്റര്‍മാരായ ആല്‍ഫി, അന്‍സിറ്റ എന്നിവര്‍ മാത്രമേ ഇവിടെയുള്ളൂ. കേസ് തുടങ്ങിയ നാള്‍മുതല്‍ ഏര്‍പ്പെടുത്തിയ പോലീസ് സുരക്ഷ തുടരുന്നുണ്ട്. കേസ് ഉണ്ടായതുമുതല്‍ നിത്യച്ചെലവിനുള്ള പണം മുടങ്ങിയതിനാല്‍ മൂന്നുപേരും ബുദ്ധിമുട്ടുകയാണ്. ചില ദിവസങ്ങളില്‍ ആഹാരത്തിനുപോലും ബുദ്ധിമുട്ടുണ്ടെന്നാണ് സൂചന. പുറംലോകവുമായി ബന്ധപ്പെടാന്‍ കഴിയാതെ നരകയാതനയിലാണ് ഇവരെന്നും ആഭിമുഖ്യമുള്ളവര്‍ പറയുന്നു.
രണ്ടുവര്‍ഷം മുന്പുവരെ ഹോസ്റ്റല്‍ ഉണ്ടായിരുന്നു. അതില്‍നിന്നും കൃഷിയില്‍നിന്നുമുള്ള വരുമാനം പൂര്‍ണമായി ജലന്ധര്‍ രൂപതയ്ക്ക് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. തുടര്‍ന്ന് അംഗങ്ങള്‍ക്ക് ചെലവിനുള്ള തുക രൂപതയില്‍നിന്ന് നല്‍കിയിരുന്നു. ഹോസ്റ്റല്‍ പ്രവര്‍ത്തനം സഭ നിര്‍ത്തിയതോടെ മഠത്തിന്റെ സ്ഥലത്ത് കോഴിയെ വളര്‍ത്തിയും ചെറിയ കൃഷി നടത്തിയുമാണ് അംഗങ്ങള്‍ കഴിഞ്ഞിരുന്നത്. സിസ്റ്റര്‍ നീന ഇടക്കാലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ഏറെനാള്‍ ചികിത്സയിലുമായിരുന്നു.
സാന്പത്തിക ബുദ്ധിമുട്ട് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കന്യാസ്ത്രീകള്‍ക്കിടയില്‍ വേര്‍തിരിവിനിടയാക്കി. ഇരുചേരികളിലായി അകന്നത് അവരെ മാനസികസമ്മര്‍ദ്ദത്തിലുമാക്കി. ഇതോടെയാണ് മൂന്നുപേര്‍ മഠം വിട്ടതെന്ന് ഇവരോട് അടുപ്പമുള്ളവര്‍ പറയുന്നു. മൂന്നുപേരും സ്വന്തംവീടുകളിലേക്കാണ് പോയത്. മഠം വിടുന്ന കാര്യം ജലന്ധര്‍ രൂപതയെയും കോണ്‍വെന്റ് അധികൃതരെയും അറിയിച്ചിരുന്നെന്നാണ് വിവരം.