മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പും രാജ്യസേവനം; പാക്ക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു; നഷ്ടമായത് ആത്മാര്‍പ്പണമുള്ള ഉദ്യോഗസ്ഥനെയെന്ന് ഒമര്‍ അബ്ദുള്ള; രജൗരിയില്‍ ജീവന്‍ നഷ്ടമായത് രണ്ടു വയസുകാരി ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക്
പാക്ക് ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീര്‍ അഡീഷണല്‍ ജില്ലാ വികസന കമ്മിഷണര്‍ രാജ് കുമാര്‍ ഥാപ്പയാണ് രജൗരിയില്‍ പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ആത്മാര്‍പ്പണമുള്ള ഉദ്യോഗസ്ഥനെയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രിക്കൊപ്പം ജില്ലാ സന്ദര്‍ശനത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നെന്നും താന്‍ അധ്യക്ഷത വഹിച്ച ഓണ്‍ലൈന്‍ മീറ്റിങ്ങില്‍ പങ്കെടുത്തിരുന്നെന്നും ഒമര്‍ അബ്ദുള്ള എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. രാജ് കുമാര്‍ ഥാപ്പയുടെ വീടിനുനേരെയുണ്ടായ പാക് ഷെല്ലാക്രമണത്തിലാണ് അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടതെന്നും ഒമര്‍ അബ്ദുള്ള എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
ഥാപ്പയുടെ മരണത്തില്‍ അതീവ ദുഃഖിതനാണെന്ന് ബിജെപി നേതാവ് രവീന്ദര്‍ റെയ്‌ന എക്‌സില്‍ കുറിച്ചു. വളരെ ധീരനും ജനസ്‌നേഹിയുമായ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. കനത്ത ഷെല്ലാക്രമണത്തില്‍ അഞ്ച് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
രജൗരിയിലെ വ്യാവസായിക മേഖലയ്ക്ക് സമീപം പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് വയസുള്ള ഐഷ നൂര്‍, മുഹമ്മദ് ഷോഹിബ് (35) എന്നിവരും, പൂഞ്ച് ജില്ലയിലെ റാഷിദ ബി(55), ആര്‍എസ് പുര സ്വദേശി അശോക് കുമാര്‍ എന്നിവരുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും ജില്ലാഭരണകൂടം അറിയിച്ചു.
റെസിഡന്‍ഷ്യല്‍ ക്വാര്‍ട്ടേഴ്സില്‍ പതിച്ച ഡ്രോണ്‍ ആക്രമണത്തിലാണ് രജൗരി അഡിഷണല്‍ ജില്ലാ ഡെവലപ്മെന്റ് കമ്മിഷ്ണര്‍ രാജ് കുമാര്‍ ഥാപ്പ കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ഇക്കാര്യം സ്ഥിരീകരിച്ചു. പറയാന്‍ വാക്കുകളില്ല. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് ഉദ്യോസ്ഥരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ഇന്ത്യയിലെ 26 കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തുന്നത്. ശ്രീനഗര്‍ നഗരത്തില്‍ നടന്ന ഡ്രോണ്‍ ആക്രമണങ്ങളില്‍ ഒന്നിലധികം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും ഡ്രോണ്‍ ആക്രമണങ്ങള്‍ പരാജയപ്പെടുത്തിയതായും സൈന്യം അറിയിച്ചു. അതിര്‍ത്തിയില്‍ തുടര്‍ച്ചയായി സൈറണുകള്‍ മുഴങ്ങുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
പഞ്ചാബിലെ ഫിറോസ്പൂര്‍, പത്താന്‍കോട്ട്, ഫാസില്‍ക, അമൃത്സര്‍ ജില്ലകളെ ലക്ഷ്യമാക്കിയ ഒന്നിലധികം ആക്രമണങ്ങള്‍ ഇന്ത്യ തടഞ്ഞു. എന്നാല്‍ ഒരു ഡ്രോണ്‍ ഇന്ത്യന്‍ മണ്ണില്‍ പതിക്കുകയായിരുന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. ഫിറോസ്പൂരിലെ ജനവാസ മേഖലയിലുണ്ടായ ആക്രമണത്തില്‍ വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഇന്ത്യയില്‍, ശ്രീനഗര്‍, ഭുജ്, അമൃത്സര്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള 32 വിമാനത്താവളങ്ങള്‍ മെയ് 15 വരെ അടച്ചിട്ടിരിക്കുകയാണ്. ആദംപൂര്‍, അംബാല, അമൃത്‌സര്‍, അവന്തിപൂര്‍, ബഥിന്‍ഡ, ഭുജ്, ബിക്കാനീര്‍, ചണ്ഡീഗഡ്, ഹല്‍വാര, ഹിന്ദോണ്‍, ജമ്മു, ജയ്സാല്‍മീര്‍, ജാമ്നഗര്‍, ജോധ്പൂര്‍, കന്ദ്‌ല, കാംഗ്ര (ഗഗല്‍), കേഷോദ്, കിഷന്‍ഗഡ്, കുളു മണാലി (ഭുന്തര്‍), ലേ, ലുധിയാന, മുന്ദ്ര, നാലിയ, പത്താന്‍കോട്ട്, പട്യാല, പോര്‍ബന്ദര്‍, രാജ്‌കോട്ട് (ഹിരാസാര്‍), സര്‍സാവ, ഷിംല, ശ്രീനഗര്‍, തോയ്സ്, ഉത്തര്‍ലേ എന്നീ വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയാണ് അടച്ചത്.
അതേസമയം പാകിസ്ഥാനില്‍ നടന്ന അടിയന്തര വാര്‍ത്താ സമ്മേളനത്തില്‍ വ്യാജ പ്രചരണങ്ങല്‍ നിരത്തി പാകിസ്ഥാന്‍ സൈനിക വക്താവ് ലെഫ്റ്റനന്റ് ജനറല്‍ അഹമ്മദ് ഷെരീഫ് ചൗധരി. പഞ്ചാബിലെ നൂര്‍ ഖാന്‍ (ചക്വാല, റാവല്‍പിണ്ടി), മുരീദ് (ചക്വാള്‍), റഫീഖി (ഝാങ് ജില്ലയിലെ ഷോര്‍കോട്ട്) എന്നീ വ്യോമതാവളങ്ങള്‍ ആക്രമിച്ചതായാണ് പാകിസ്ഥാന്‍ അവകാശപ്പെടുന്നത്. പുലര്‍ച്ചെ നാല് മണിക്ക് അടയന്തരമായി വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് പാകിസ്ഥാന്‍ വ്യാജപ്രചരണങ്ങള്‍ നിരത്തിയത്. ഇന്ത്യയുടെ വ്യോമതാവളങ്ങള്‍ക്ക് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇന്ത്യ സ്ഥിരീകരിച്ചു.