ആശുപത്രിയിലെ കക്കൂസ് മാലിന്യം ഒലിച്ചത് സമീപത്തെ കിണറ്റിലേക്ക്; കോട്ടയം ചക്കാമ്പുഴയിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്നത് കിണറ്റിലെ വെള്ളം ഉപയോഗിച്ചതിനാലെന്ന് കണ്ടെത്തൽ; രോഗം വ്യാപകമായിട്ടും വിവരം ആശുപത്രി അധികൃതർ രഹസ്യമാക്കി വെച്ചു; ആശുപത്രി പൂട്ടിച്ചു; അനാസ്ഥ പറ്റിയിട്ടില്ലെന്ന് ആശുപത്രി അധികൃതരുടെ വിശദീകരണം
പാലാ: ചക്കാമ്പുഴയിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപിച്ചത്തോടെ ആശങ്കയിലായി നാട്ടുകാർ. സേക്രട്ട് ഹാർട്ട് ആശുപത്രി അധികൃതരുടെ അനാസ്ഥയിലാണ് മഞ്ഞപിത്തം പടർന്ന് പിടിച്ചതെന്നാണ് ആരോപണം. ഡിസംബർ ജനുവരി മാസത്തിലാണ് രോഗം പടർന്ന് പിടിച്ചത്. എന്നാൽ മഞ്ഞപ്പിത്തം വ്യാപകമായിട്ടും ആശുപത്രി അധികൃതർ വിവരം രഹസ്യമാക്കി വച്ചുവെന്നും ആക്ഷേപമുണ്ട്. ചക്കാമ്പുഴയിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം പടർന്ന് പിടിക്കുകയാണ്. ഇതിനോടകം 15 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസമാണ് മഞ്ഞപിത്തം മൂലം 14കാരനായ വിദ്യാർത്ഥി മരിക്കാൻ ഇടയായത്. കരൂർ അമ്പാട്ട് ടോമിയുടെ മകൻ സെബിൻ ടോമി (14) ആണ് മരിച്ചത്. ഇതോടെയാണ് പ്രദേശത്ത് മഞ്ഞപിത്തം പടർന്നതായുള്ള വിവരം പുറത്ത് വരുന്നത്.
സേക്രട്ട് ഹാർട്ട് ആശുപത്രിയിലെ കക്കൂസ് മാലിന്യം സമീപത്തെ കിണറ്റിലേക്ക് ലീക്കായതിനെ തുടർന്നാണ് മഞ്ഞപിത്തം പടർന്നതെന്നാണ് കണ്ടെത്തൽ. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള കിണറ്റിലെ വെള്ളത്തിലും ഇ-കോളി ബാക്ടീരിയയുടെ വൻ തോതിലുള്ള സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ഇതേത്തുടർന്ന് ആശുപത്രി പൂട്ടിച്ചു. ആശുപത്രി ജീവനക്കാർക്കും ഡോക്ടർമാർക്കും മഞ്ഞപ്പിത്ത ബാധ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് മലിനജലം കലർന്ന കിണറ്റിലെ വെള്ളം ഉപയോഗിച്ച് പാനീയം നൽകിയിരുന്നു. ഇത് കുടിച്ച ഒമ്പതാം ക്ലാസുകാരനാണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.
കിണറ്റിലെ ജലം ഉപയോഗിച്ചവരെ കണ്ടെത്താൻ പഞ്ചായത്ത് ആരോഗ്യ വിഭാഗം വാർഡുകൾ കയറി പരിശോധന നടത്തുന്നുണ്ട്. ഈ ഭാഗങ്ങളിലെ മുഴുവൻ കിണറുകളിലും ക്ലോറിനേഷൻ നടത്തി. വെള്ളം തുടർപരിശോധനകൾക്ക് വിധേയമാക്കി. ചക്കാമ്പുഴ ആശുപത്രിയിലെ സെപ്‌ടിക് ടാങ്ക് ലീക്ക് ചെയ്ത് കിണർ വെള്ളത്തിൽ ഇ-കോളി ബാക്ടീരിയ വ്യാപകമായതാണ് സ്ഥിതിഗതികൾ ഗുരുതരമാക്കിയതെന്ന് രാമപുരം മെഡിക്കൽ ഓഫീസർ ഡോ. യശോധരൻ പറഞ്ഞു. തുടർന്ന് ആശുപ്രതി പൂട്ടാൻ നിർദ്ദേശം നൽകുകയായിരുന്നു. പഞ്ചായത്തും ആരോഗ്യ വിഭാഗവും ചേർന്ന് വ്യാപകമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ചൊവ്വാഴ്ച വിപുലമായ യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നാട്ടിൽ മുഴുവൻ മഞ്ഞപ്പിത്തമുണ്ട്, അത് ഞങ്ങൾ കാരണമല്ലെന്ന് ആശുപത്രി ഡയറക്ടർ സിസ്റ്റർ റോസിലിൻ തോമസ് പറഞ്ഞു. ആശുപത്രിയിലെ കിണർ വെള്ളത്തിൽ നേരത്തെ പരശോധന നടത്തിയപ്പോൾ ബാക്ടീരിയ കണ്ടെത്തിയിരുന്നു. എന്നാൽ തുടർച്ചയായി ക്ലോറിനേഷൻ നടത്തി. ഇപ്പോൾ റിസൾട്ട് നെഗറ്റീവായി. തത്കാലം മുഴുവൻ രോഗികളെയും ഡിസ്ചാർജ്ജ് ചെയ്ത് വിട്ടയച്ചു. തങ്ങൾക്കെതിരെ മാത്രം ചിലർ പ്രചാരണം നടത്തുകയാണെന്നുംമാണ് ആശുപത്രി അധികൃതരുടെ വാദം.