'ഹോണററി കോണ്‍സുല്‍' വെറുമൊരു അലങ്കാര പദവി മാത്രം; 'മേബാക്ക് ' കാറിന് മുകളിലെ ബോര്‍ഡിന് എയര്‍പോര്‍ട്ടില്‍ പോലും വിലയില്ല! സി ജെ റോയിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചും വന്ന വാര്‍ത്തകള്‍ തള്ളാണ്; മാധ്യമങ്ങള്‍ ആവേശം കൊള്ളുമ്പോള്‍ സത്യങ്ങള്‍ വിളിച്ചുപറഞ്ഞ് ജാവേദ് പര്‍വേശ്
മാധ്യമങ്ങള്‍ ആവേശം കൊള്ളുമ്പോള്‍ സത്യങ്ങള്‍ വിളിച്ചുപറഞ്ഞ് ജാവേദ് പര്‍വേശ്
ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയിയുടെ മരണം മലയാളികളെ സംബന്ധിച്ച് വലിയ ഞെട്ടലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ എന്നും സന്തോഷവാനായി കണ്ടിരുന്ന ഒരു മനുഷ്യന്റെ അന്ത്യം വലിയ ചര്‍ച്ചയാകുമ്പോള്‍, അദ്ദേഹം കൊണ്ടുനടന്നിരുന്ന പദവികളെക്കുറിച്ചും വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളിലെ പിശക് ചൂണ്ടിക്കാട്ടുകയാണ് മാധ്യമ പ്രവര്‍ത്തകനായ ജാവേദ് പര്‍വേശ്.
സി.ജെ. റോയിയെ പലപ്പോഴും സ്ലോവാക് റിപ്പബ്ലിക്കിന്റെ ഹോണററി കോണ്‍സുല്‍ എന്ന നിലയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നത്. എന്നാല്‍ ഈ പദവിക്ക് പറയത്തക്ക നയതന്ത്ര പരിരക്ഷ ഇല്ലെന്നതാണ് യാഥാര്‍ത്ഥ്യം. ധനാഢ്യര്‍ പലപ്പോഴും വിദേശ രാജ്യങ്ങളില്‍ നിന്ന് പണം നല്‍കി വാങ്ങുന്ന ഒരു 'അലങ്കാര' പദവി മാത്രമാണിത്. ഔദ്യോഗികമായ അധികാരങ്ങളൊന്നും ഈ പദവി നല്‍കുന്നുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടുകയാണ് മുതിര്‍ന്ന ജാവേദ് പര്‍വേശ് തന്റെ കുറിപ്പില്‍.
ഹോണററി കോണ്‍സുല്‍: പണമുള്ളവര്‍ക്കുള്ള ഒരു 'ഹോബി'!
ധനാഢ്യരായ ആളുകള്‍ ചെറുകിട രാജ്യങ്ങളില്‍ നിന്ന് പണം നല്‍കി വാങ്ങുന്ന ഒരു അലങ്കാര പദവി മാത്രമാണ് 'ഹോണററി കോണ്‍സുല്‍' എന്നാണ് ജാവേദ് പര്‍വേശ് ചൂണ്ടിക്കാട്ടുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരം ഇതിനുണ്ടെങ്കിലും യഥാര്‍ത്ഥ നയതന്ത്രജ്ഞര്‍ക്ക് (Diplomats) ലഭിക്കുന്ന യാതൊരു ആനുകൂല്യവും ഇവര്‍ക്കില്ല. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടോ പൂര്‍ണ്ണമായ നിയമ പരിരക്ഷയോ ഇവര്‍ക്കില്ല. ക്രിമിനല്‍ കുറ്റം ചെയ്താല്‍ പോലീസിന് ഇവരെ അറസ്റ്റ് ചെയ്യാം.
കോണ്‍സുലേറ്റ് ഓഫീസിന്റെ വാടകയോ മറ്റ് അഞ്ചു പൈസയോ വിദേശരാജ്യം നല്‍കില്ല. പകരം ആ രാജ്യത്തെ പ്രതിനിധികള്‍ വരുമ്പോള്‍ അവര്‍ക്ക് ലക്ഷ്വറി കാറുകള്‍ വിട്ടുനല്‍കുക തുടങ്ങിയ 'സല്‍ക്കാര' പണികളാണ് ഇവര്‍ ചെയ്യേണ്ടത്. നയതന്ത്രജ്ഞരുടെ 'ബ്ലൂ ബോര്‍ഡ്' വയ്ക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. നമ്പറിന് മുകളില്‍ പേരെഴുതി വെക്കാം എന്നതിനപ്പുറം ഇതിന് വലിയ വിലയൊന്നുമില്ല. എയര്‍പോര്‍ട്ട് പോര്‍ട്ടിക്കോയില്‍ അഞ്ച് മിനിറ്റ് അധികം വണ്ടിയിടാം എന്നതല്ലാതെ മറ്റൊരു പ്രയോജനവും ഈ പദവി നല്‍കുന്നില്ല.
വിദ്യാഭ്യാസ യോഗ്യതയും 'തള്ള്'?
സി ജെ റോയിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളെയും ജാവേദ് പര്‍വേശ് ചോദ്യം ചെയ്യുന്നുണ്ട്. ഫ്രാന്‍സില്‍ നിന്ന് ഉന്നത ബിരുദം നേടി, സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് പിഎച്ച്ഡി എടുത്തു എന്നൊക്കെയുള്ള വാര്‍ത്തകള്‍ വെറും 'തള്ളാണെന്നാണ്' അദ്ദേഹം പറയുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഈ അവകാശവാദങ്ങള്‍ പരിശോധിക്കാതെയാണ് വാര്‍ത്തകള്‍ നല്‍കിയത്.
കോണ്‍സുല്‍ പദവിയും ഐടി റെയ്ഡും
ഹോണററി കോണ്‍സുലേറ്റുകളില്‍ പോലീസ് പെട്ടെന്ന് കയറി റെയ്ഡ് നടത്തില്ല എന്നൊരു മിനിമം പ്രോട്ടോക്കോള്‍ ഉണ്ടെങ്കിലും ആദായനികുതി വകുപ്പ് പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് ഇതില്‍ തടസ്സമില്ല. നയതന്ത്ര പരിരക്ഷയുണ്ടെന്ന് കരുതി നിയമവിരുദ്ധമായി മദ്യക്കച്ചവടവും പാര്‍ട്ടിയും നടത്തിയ ഹോണററി കോണ്‍സുല്‍മാര്‍ ഡല്‍ഹിയില്‍ അറസ്റ്റിലായ ചരിത്രവും നമുക്ക് മുന്നിലുണ്ട്. മാധ്യമങ്ങള്‍ ആവേശം കൊള്ളുന്നതിന് മുന്‍പ് ഈ വസ്തുതകള്‍ കൂടി പരിശോധിക്കണമെന്നാണ് പര്‍വേശ് ഓര്‍മ്മിപ്പിക്കുന്നത്.
ജാവേദ് പര്‍വേശിന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്റെ മരണം ദുഖകരമാണ്. പ്രത്യേകിച്ചും റീലുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും എന്നും സന്തോഷത്തോടെ കണ്ടിരുന്ന ഒരാളുടെ. പണ്ട് പലവട്ടം അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ട്. ബിസിനസ് തുടങ്ങിയ ആദ്യകാലത്ത് .ഇടത്തരം ബില്‍ഡര്‍ മാത്രമാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ്. ഇപ്പോഴും,ഹോണററി കോണ്‍സുല്‍ എന്ന പദവിക്ക് സന്പൂര്‍ണ ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റിയില്ല. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടും ഇവര്‍ക്കില്ല. ധനാഢ്യരായ ആളുകളുടെ ഹോബിയാണ് ചെറുകിട രാജ്യങ്ങളില്‍ നിന്ന് ഹോണററി കോണ്‍സുല്‍ പദവി വാങ്ങുക എന്നത്. ഒരു ഷോ എന്നതിനപ്പുറം ഒരു ഗുണവും ഇല്ല. ഓഫിസിന്റെ വാടകയോ അഞ്ചു പൈസയോ വിദേശരാജ്യം നല്‍കില്ല. എന്നു മാത്രമല്ല, വിദേശരാജ്യ പ്രതിനിധികള്‍ വരുന്‌പോള്‍ അത്യാവശ്യം സൗകര്യം ചെയ്തുകൊടുക്കേണ്ടത് ഹോണററി കോണ്‍സുലര്‍മാരുടെ പണിയാണ്. ലക്ഷ്വറി കാര്‍ വിട്ടു നല്‍കുക തുടങ്ങിയ പണി.
രാഷ്ട്രപതി, അല്ലെങ്കില്‍ വിദേശകാര്യമന്ത്രാലയം അംഗീകരിക്കുന്നതോടെയാണ് ഹോണററി കോണ്‍സുല്‍ പദവി നല്‍കുക. ശുപാര്‍ശ നല്‍കുന്നത് അതാത് രാജ്യങ്ങളായിരിക്കും. ആഭ്യന്തരവകുപ്പിന്റെ അന്വേഷണം ഇതിനു മുന്‍പിലുണ്ടാകും. ക്രിമിനല്‍ പശ്ചാത്തലമുള്ളയാള്‍ക്ക് അത് ലഭിക്കില്ല. വാഹനത്തില്‍ ഡിപ്ലോമാറ്റുകളുടെ ബ്ലു ബോര്‍ഡ് വയ്ക്കാന്‍ ഇവര്‍ക്ക് അനുവാദമില്ല. കോണ്‍സുലേറ്റിന്റെ പേര് നന്പര്‍ പ്ലേറ്റിനു മുകളില്‍ എഴുതിവയ്ക്കാന്‍ മാത്രമാണ് സാധാരണ അനുമതി. അപൂര്‍വ അവസരങ്ങളില്‍ സിസി ബോര്‍ഡിന് അനുമതി ചിലര്‍ക്ക് ലഭിക്കാറുമുണ്ട്. രണ്ടുകൊണ്ടും കാര്യമൊന്നുമില്ല. എയര്‍പോര്‍ട്ടിന്റെ മുന്നിലെ പോര്‍ട്ടിക്കോയില്‍ വേണമെങ്കില്‍ അഞ്ചു മിനിറ്റ് എക്‌സ്ട്രാ വണ്ടിയിടാന്‍ പറ്റുമായിരിക്കും. നമ്മുടെ പൂത്ത പൈസക്കാര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വൈസ് ചെയര്‍മാന്‍ പദവി സെക്രട്ടറി പദവിക്ക് തുല്യമാക്കി ഉത്തരവിറക്കിപ്പിച്ച് - മേബാക്കിനു മുന്‍പിലും പിന്നിലും കേരള ഗവ. ബോര്‍ഡും വച്ചു പോകുന്ന പോലത്തെ ഒരു തമാശ മാത്രമാണ് അത്. ചില സമയത്ത് സര്‍ക്കാര്‍ ബോര്‍ഡിന്റെ ഗമ മേബാക്കിനും റോള്‍സ് റോയിസിനും വലുതാണ് എന്നാണ് പൈസക്കാര്‍ കരുതുന്നത്.
ഹോണററി കോണ്‍സുലും ഹോണററി കോണ്‍സുലേറ്റും വ്യത്യാസമുണ്ട്. വ്യക്തിക്ക് നല്‍കുന്ന പദവിയാണ് ആദ്യത്തേത്. രണ്ടാമത്തേത് ഒരു ഓഫിസിന് നല്‍കുന്ന പദവിയാണ്. യഥാര്‍ത്ഥ ഡിപ്ലോമാറ്റിക് ഇമ്യൂണിറ്റിയില്ലെങ്കിലും അല്‍പം സ്വല്‍പം ഇമ്യൂണിറ്റി ഇവര്‍ക്കും ലഭിക്കാറുണ്ട്. പൊലീസ് ഓടിക്കയറി റെയ്ഡ് നടത്തില്ല. മിനിമം സുപ്പീരിയര്‍ ഓഫിസറെ അറിയിച്ചതിനു മാത്രമേ അറസ്റ്റ് ഉണ്ടാകും. നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന നിലപാടാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മറ്റുമുള്ളത്.ഇന്ത്യന്‍ ഭാര്യയുടെ പരാതിയില്‍ വിദേശ കോണ്‍സുലിനെ ബാംഗ്ലൂരില്‍ അറസ്റ്റ് ചെയ്തത് ഉദാഹരണം. കോവിഡ് സമയത്ത് ഡിപ്ലോമാറ്റിക് കണ്‍സൈന്‍മെന്റില്‍ നിന്ന് കള്ളുകച്ചവടവും പിന്നെ പാര്‍ട്ടിയും നടത്തിയ ഡല്‍ഹിയിലെ ഹോണററി കോണ്‍സുല്‍ പദവിക്കാരനെ അറസ്റ്റ് ചെയ്തത് മറ്റൊരു ഉദാഹരണം.
ഹോണററി കോണ്‍സുല്‍മാരിലും ഉഛനീചത്വം ഉണ്ട്. പ്രധാനരാജ്യങ്ങളുടെ സുപ്രധാന കാര്യങ്ങളില്‍ ഇടപെടുന്ന- പ്രത്യേകിച്ചും വ്യാപാരവിഷയങ്ങളിലും മറ്റും- ഹോണററി കോണ്‍സുല്‍മാര്‍ക്ക് പ്രാധാന്യം കിട്ടാറുണ്ട്. ഉഭയകക്ഷി വിഷയങ്ങളില്‍ ഒരു പ്രധാന്യവുമില്ലാത്ത രാജ്യങ്ങളിലെ അലങ്കാര കോണ്‍സുല്‍മാര്‍ക്ക് ഒരു വിലയുമില്ല. കോണ്‍സുലും കോണ്‍സുല്‍ ജനറലും തമ്മില്‍ വ്യത്യാസമുണ്ട്. മരിച്ച റോയ് ഹോണററി കോണ്‍സുല്‍ ആണ്. അതുകൊണ്ട് അദ്ദേഹത്തിന് ഒരു ഗുണവും കിട്ടിയിട്ടുണ്ടാകില്ല. അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ചും മുഖ്യധാരാ മാധ്യമങ്ങളില്‍ വരെ വന്ന വാര്‍ത്തകള്‍ തള്ളാണ്. ഫ്രാന്‍സില്‍ നിന്ന് ഉന്നത ബിരുദം നേടി, പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നു പിഎച്ച്ഡി നേടി തുടങ്ങിയവ.അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് വരും വരെ കാത്തിരിക്കാം. മാധ്യമങ്ങള്‍ അടിസ്ഥാനവിവരമെങ്കിലും ശേഖരിച്ച് ആവേശം കൊള്ളുന്നതായിരിക്കും നല്ലത്. റിപ്പോര്‍ട്ടിങ്ങില്‍ അല്‍പം സ്വല്‍പം ഫാക്ടും ആകാം
