അതിഥികള്‍ക്കായി സ്വകാര്യ മാളികകള്‍; അത്യാഢംബരമായി ആഘോഷങ്ങള്‍; ലോകത്തെ രണ്ടാമത്തെ സമ്പന്നന്‍ ജെഫ് ബെസോസ് രണ്ടാം വിവാഹത്തിന് ചെലവാക്കുന്നത് 600 മില്യണ്‍ ഡോളറോ? റിപ്പോര്‍ട്ടുകള്‍ തള്ളി ജെഫ് ബെസോസ്; സത്യം പുറത്തുവരുന്നതിന് മുമ്പ് നുണ ലോകം ചുറ്റുകയാണെന്ന് ആമസോണ്‍ മേധാവി
ജെഫ് ബെസോസ് രണ്ടാം വിവാഹത്തിന് ചെലവാക്കുന്നത് 600 മില്യണ്‍ ഡോളറോ?
ന്യൂയോര്‍ക്ക്: അടുത്തകാലത്തായി ലോകം കണ്ട ഏറ്റവും അത്യാഢംബരപൂര്‍ണമായ വിവാഹം നടത്തത് റിലയന്‍സ് മേധാവി മുകേഷ് അംബാനയുടെ മകന്‍ അനന്ദ് അംബാനിയുടേതായിരുന്നു. ഇന്ത്യയില്‍ നടന്ന വിവാഹം ആഢംബത്തിന്റെ അവസാന വാക്കായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു ആഢംബര വിവാഹത്തിന്റെ വാര്‍ത്തയും പുറത്തുവന്നത്.
ലോകത്തെ അതിസമ്പന്നരില്‍ ഒരാളായ ജെഫ് ബെസോസ് തന്റെ രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതാണ് ലോക മാധ്യമങ്ങളില്‍ വാര്‍ത്തയായത്. ഈ വിവാഹം ലോകം കണ്ട ഏറ്റവും ആഢംബര വിവാഹമാകുമോ എന്നതായിരുന്നു ഉയര്‍ന്ന ആകാംക്ഷ. അത്തരം വാര്‍ത്തകളാണ് മാധ്യമങ്ങള്‍ വഴി പുറത്തുവന്നത്. 600 മില്യണ്‍ ഡോളര്‍ (ഏകദേശം 5096 കോടി രൂപ) ചെലവഴിച്ചാണ് ബെസോസ് കാമുകി ലോറന്‍സ് സാഞ്ചസിനെ വിവാഹം കഴിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ തള്ളി ജെഫ് ബെസോസ് രംഗത്തുവന്നു. ഇതുസംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം തീര്‍ത്തും വാസ്തവ വിരുദ്ധമാണെന്നായിരുന്നു ജെഫ് ബെസോസ് എക്‌സ് പോസ്റ്റില്‍ കുറിച്ചത്.
സത്യം പുറത്തുവരുന്നതിന് മുമ്പ് നുണ ലോകം ചുറ്റുകയാണെന്നും ബെസോസ് കൂട്ടിച്ചേര്‍ത്തു. നിക്ഷേപകന്‍ ബില്‍ ആക്ക്മാന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് ബെസോസ് മറുപടി നല്‍കിയത്. വാര്‍ത്ത വിശ്വസനീയമല്ലെന്നും അതിഥികള്‍ക്ക് ഓരോ വീടുവാങ്ങിക്കൊടുക്കാതെ ഇത്രയും പണം ചെലവാക്കാനാവില്ല എന്നായിരുന്നു ആക്ക്മാന്റെ പോസ്റ്റ്.
സാഞ്ചസും ബെസോസിന്റെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. അതിനു താഴെ ഒന്നും സത്യമല്ല എന്നും കുറിച്ചു. ഡെയ്‌ലി മെയ്‌ലും ന്യൂയോര്‍ക്ക് പോസ്റ്റുമാണ് 600 മില്യണ്‍ ഡോളര്‍ പൊടിച്ചാണ് ജെഫ് ബെസോസ് വിവാഹം കഴിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തതത്. വിവാഹത്തിനായി ഡിസംബര്‍ 26, 27 തീയതികളിലായി ഇറ്റലിയിലെ പോസിതാനോയില്‍ ആഡംബര റസ്റ്റാറന്റുകള്‍ ബുക്ക് ചെയ്തുവെന്നും 180 അതിഥികളെ ക്ഷണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കൊളറാഡോ സ്‌കീ ടൗണിലെ റിറ്റ്‌സി സുഷി റസ്റ്ററന്റായ മാറ്റ്‌സുഹിസയില്‍ അതിഥികള്‍ക്ക് വേണ്ട സൗകര്യം ഒരുക്കുന്നതായിട്ടാണ് സൂചനകള്‍. മേയ് മാസത്തില്‍ 500 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന സൂപ്പര്‍ യാച്ചില്‍ വെച്ച് ബെസോസ് സാഞ്ചസിനോട് വിവാഹാഭ്യര്‍ത്ഥന നടത്തിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇരുവരും രഹസ്യമാക്കി സൂക്ഷിച്ചിരിക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കാന്‍ ബെസോസ് തന്റെ സുഹൃത്തുക്കളുമായി ശനിയാഴ്ച ആസ്പനില്‍ എത്തി.
വിവാഹത്തിനായി ക്രിസ്മസ് ദിനത്തിന് ശേഷം പഞ്ചനക്ഷത്ര സെന്റ് റെജിസ് ഹോട്ടല്‍ ഉള്‍പ്പെടെ ആസ്പന്റെ ഏറ്റവും മികച്ച താമസസ്ഥലങ്ങളില്‍ അതിഥികള്‍ എത്തുമെന്നായിരുന്നു വിവരം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ ബെസോസ് തന്റെ അതിഥികള്‍ക്കായി നഗരത്തിന് ചുറ്റും സ്വകാര്യ മാളികകളും ബുക്ക് ചെയ്‌തെന്നായിരുന്നു വാര്‍ത്ത.
കല്യാണം മുഴുവന്‍ വാരാന്ത്യ ആഘോഷങ്ങളായാണ് സജ്ജീകരിച്ചിരിക്കുന്നത്. പരമാവധി 180 അതിഥികള്‍ക്ക് ഇരിക്കാവുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള സുഷി റസ്റ്ററന്റായ മാറ്റ്‌സുഹിസില്‍ വന്‍ ക്രമീകരണങ്ങളാണ് ഒരുങ്ങുന്നത്. പാശ്ചാത്യ-തീമിലുള്ള അത്താഴവും വാരാന്ത്യത്തില്‍ ഉടനീളം ഒന്നിലധികം ആഘോഷങ്ങളും വിവാഹത്തിന്റെ ഭാഗമായി സംഘടിപ്പിക്കുമെന്നുമായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍. ബില്‍ ഗേറ്റ്‌സ്, ലിയനാര്‍ഡോ ഡി കാപ്രിയോ, ജോര്‍ഡന്‍ രാജ്ഞി റാനിയ എന്നിവരാണ് വിവാഹചടങ്ങിലെ സ്റ്റാര്‍ ഗസ്റ്റുകളെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഈ റിപ്പോര്‍ട്ുകളാണ് തള്ളുന്നത്.
2018ലാണ് ജെഫ് ബെസോസും 55 കാരിയായ ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റ് സാഞ്ചസും ഡേറ്റിങ് തുടങ്ങിയത്. 2019ല്‍ ഇരുവരും പ്രണയവിവരം പുറത്തുവിട്ടു. ഹെലികോപ്ടര്‍ പൈലറ്റ് ലൈസന്‍സും സ്വന്തമായുള്ള സാഞ്ചസ് നേരത്തെ ബ്ലാക്ക് ഒപ്സ് ഏവിയേഷന്‍ എന്ന കമ്പനിയുടെ മേധാവിയായിരുന്നു. ഹോളിവുഡ് ഏജന്റായ പാട്രിക് വൈറ്റ്സെല്ലിനെയാണ് ഇവര്‍ മുമ്പ് വിവാഹം ചെയ്തത്. രണ്ട് കുട്ടികളുണ്ട്. നിക്കോ എന്നുപേരുള്ള മറ്റൊരു മകനും സാഞ്ചസിനുണ്ട്. ബെസോസിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ഭാര്യയില്‍ 60കാരനായ ബെസോസിന് മൂന്ന് കുട്ടികളുണ്ട്. ആമസോണ്‍ സ്ഥാപകനാണ് അമേരിക്കന്‍ ബിസിനസുകാരനായ ബെസോസ്.