'മുല്ലപ്പെരിയാര്‍ പൊട്ടാന്‍ കിടക്കുകയാണ്, അത് ചര്‍ച്ചയില്ല; ആ ഫോണ്‍ കോള്‍ ചെയ്യാന്‍ പാടില്ലായിരുന്നു; അതിന്റെ പേരില്‍ രണ്ട് ദിവസമായി ചര്‍ച്ചയാണ്; ഞാന്‍ നാട്ടില്‍ ഏയറിലാണ്'; സൗദിയില്‍ പണി പ്രമോഷനിടെ തുറന്നുപറഞ്ഞ് ജോജു ജോര്‍ജ്

'ഞാന്‍ നാട്ടില്‍ ഏയറിലാണ്': തുറന്നുപറഞ്ഞ് ജോജു ജോര്‍ജ്

Update: 2024-11-04 13:19 GMT

റിയാദ്: തന്റെ സംവിധാന അരങ്ങേറ്റ ചിത്രം 'പണി'യെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ട റിവ്യൂവര്‍ ആദര്‍ശിനെ നടന്‍ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് വലിയ ചര്‍ച്ചയും വിവാദവുമായി മാറിയിരുന്നു. ഈ വിഷയത്തില്‍ ആദ്യമായി പൊതുവേദിയില്‍ വിശദീകരണം നല്‍കുകയാണ് ജോജു ജോര്‍ജ്.

താന്‍ അങ്ങനെയൊരു കോള്‍ ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് സൗദിയിലെ പണി ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങില്‍ ജോജു പറഞ്ഞു. താന്‍ നാട്ടില്‍ ഏയറിലാണ് എന്ന് പറഞ്ഞാണ് ജോജു തന്റെ വാക്കുകള്‍ ആരംഭിച്ചത്. ഞാന്‍ നാട്ടില്‍ ഏയറില്‍ നില്‍ക്കുന്ന അവസ്ഥയിലാണ്. ഞാന്‍ ഭീഷണിപ്പെടുത്തി എന്ന കഥയാണ് നിങ്ങള്‍ കേട്ടിട്ടുണ്ടാകുക. അത് വലിയ വിഷയം ആയതുകൊണ്ടല്ല, സിനിമയുടെ റിവ്യൂ പറഞ്ഞതിന് അല്ല. സിനിമ കണ്ടിട്ട് അഭിപ്രായം പറയണം ഇഷ്ടപ്പെട്ടാല്‍ ഇഷ്ടപ്പെട്ടുവെന്നും ഇഷ്ടപ്പെട്ടില്ലെങ്കില്‍ അതും പറയണം.

പക്ഷെ ഇവിടെ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തപ്പോഴുണ്ടായ കോലാഹലത്തിലാണ് ഞാന്‍ ഒരു കോള്‍ ചെയ്ത് പോയത്. അത് ചെയ്യാന്‍ പാടില്ലായിരുന്നു. അതിന്റെ പേരില്‍ രണ്ട് ദിവസമായി ചര്‍ച്ചയാണ്. മുല്ലപ്പെരിയാര്‍ പൊട്ടാന്‍ കിടക്കുകയാണ് അത് ചര്‍ച്ചയില്ല.

അതിനാല്‍ എനിക്ക് തന്ന ഒരോ കൈയ്യടിക്കും നന്ദി. കാരണം ഒരുപാടുപേര്‍ സിനിമ സ്വപ്നവുമായി നടക്കുന്നുണ്ട്. ഞാന്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് എനിക്കും ആ മോഹം. അതിനൊപ്പം താങ്ങും തണലുമായി നിന്ന് ഞാന്‍ ചെയ്യുന്ന നല്ലതിനും മണ്ടത്തരത്തിനും കൈയ്യടിച്ചത് മലയാളികളാണ്. അവര്‍ ഇല്ലെങ്കില്‍ ഞാനില്ല.

ഒരു പാരച്യൂട്ട് ചാട്ടം പോലെയായിരുന്നു പണിയുടെ റിലീസ്. എന്റെ ചിത്രത്തിന് തീയറ്ററില്‍ ഇത്രയും സ്വീകരണം ലഭിക്കുന്നത്. കുറേ ഹൗസ് ഫുള്‍ ഷോകളും മറ്റും നടക്കുന്നു. ഇത്തരം ഒരു സന്ദര്‍ഭത്തില്‍ ലഭിക്കുന്ന പിന്തുണയ്ക്ക് നന്ദി പറയാന്‍ വാക്കുകള്‍ ഇല്ലെന്നും ജോജു റിയാദില്‍ പറഞ്ഞു.

ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സാഗര്‍ സൂര്യ, ജുനൈസ് വി പി, ബോബി കുര്യന്‍ തുടങ്ങിയവരും ജോജുവിനൊപ്പം എത്തിയിരുന്നു. കേരളത്തിനു പുറമെ വിദേശത്തും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ഒക്ടോബര്‍ 24 നാണ് തിയറ്ററുകളില്‍ എത്തിയത്. 20 കോടിയോളം മുതല്‍ മുടക്കില്‍ ഒരുക്കിയ സിനിമ ഗംഭീര അഭിപ്രായത്തോടെ തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പ്രേക്ഷകരില്‍ നിന്ന് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ച വക്കുന്നത്.

ഇതിനിടെയാണ് ജോജു ജോര്‍ജ് നായകന്‍ ആയെത്തിയ പണിയിലെ റേപ്പ് സീനിനെതിരെ സംസാരിക്കുകയും ഈ സിനിമ ആരും കാണരുതെന്ന് പറയുകയും ചെയ്തുകൊണ്ട് ആദര്‍ശ് എച്ച് എസ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചത്. ഈ പോസ്റ്റ് മിക്ക സിനിമാ ഗ്രൂപ്പിലും ഇയാള്‍ ഒരേസമയം പങ്കു വെച്ചത് ചോദ്യം ചെയ്താണ് ജോജു രംഗത്ത് വന്നത്.

കോടികള്‍ മുതല്‍ മുടക്കി നിര്‍മിച്ച ഈ ചിത്രത്തിനെതിരെ മോശമായി മാത്രം ദുരുദ്ദേശത്തോടെ കുറിപ്പെഴുതിയ ആദര്‍ശിനെ ഫോണില്‍ വിളിക്കുകയായിരുന്നുവെന്നായിരുന്നു ജോജു കഴിഞ്ഞ ദിവസം പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നതും ചര്‍ച്ചയായതുമായ ഒരു വിഷയമായിരുന്നു ഇത്. ജോജു ജോര്‍ജിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്.

വിഷയത്തില്‍ മുന്‍ ബിഗ് ബോസ് മലയാളം വിജയിയും സംവിധായകനുമായ അഖില്‍ മാരാരും പ്രതികരിച്ച് എത്തി. അറിഞ്ഞു കൊണ്ടുള്ള പണിയില്‍ വീണു പോയ ജോജു എന്ന തലക്കെട്ടോടെയാണ് അഖില്‍ ജോജുവിനെ പിന്തുണച്ചുള്ള വീഡിയോ പങ്കുവെച്ചത്.

ജോജു ജോര്‍ജുമായുള്ള സൗഹൃദത്തിന്റെ പേരില്‍ അല്ല ജോജു തന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും കാരണം എന്താണെന്ന് തനിക്ക് അറിയില്ല എന്നും അഖില്‍ മാരാര്‍ പറയുന്നു. ആദര്‍ശിന്റേത് നിഷ്‌കളങ്കമായ അഭിപ്രായം പറച്ചില്‍ ആയിരുന്നില്ല. മറിച്ച് പണി കൊടുക്കണം എന്ന ഉദ്ദേശത്തില്‍ ചെയ്തതായിട്ടാണ് തോന്നിയത് എന്നും അഖില്‍ മാരാര്‍ ചൂണ്ടി കാട്ടിയിരുന്നു .

Tags:    

Similar News