ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയിട്ടില്ല; ഫയര്‍ഫോഴ്‌സ് മേധാവിയുടെ വെളിപ്പെടുത്തലോടെ വിവാദത്തില്‍ ട്വിസ്റ്റ്; ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ സ്ഥലംമാറ്റം ആഭ്യന്തര അന്വേഷണവുമായി ബന്ധപ്പെട്ടല്ലെന്ന് സുപ്രീം കോടതി; ആരോപണം വ്യാജമെങ്കില്‍ സ്ഥലംമാറ്റം മരവിപ്പിക്കണമെന്ന് ഹരീഷ് സാല്‍വെ
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയിട്ടില്ല

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയെന്ന സംഭവത്തില്‍ വഴിത്തിരിവ്. വസതിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് പണം കണ്ടെത്തിയിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് വ്യക്തമാക്കി. 15 മിനിറ്റിനുള്ളില്‍ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങള്‍ക്കാണ് തീപിടിച്ചതെന്നും വാര്‍ത്താ ഏജന്‍സിയോട് അതുല്‍ ഗാര്‍ഗ് വിശദീകരിച്ചു.
അതേസമയം, ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് എതിരായ ആഭ്യന്തര അന്വേഷണം വീട്ടില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പേരിലല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജഡ്ജിയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതിന് ആഭ്യന്തര അന്വേഷണവുമായി ബന്ധമില്ല. സുപ്രീം കോടതി നിര്‍ദ്ദേശിച്ച നടപടിക്രമം അനുസരിച്ചാണ് ആഭ്യന്തര അന്വേഷണം നടത്തുന്നത്.
തെറ്റായ വിവരവും ഊഹാപോഹവും പ്രചരിപ്പിക്കുന്നതിനെ സുപ്രീം കോടതി വിമര്‍ശിച്ചു. വ്യാഴാഴ്ച കൊളീജിയം യോഗം ചേരുന്നതിന് മുമ്പ് തന്നെ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് അന്വേഷണം ആരംഭിച്ചിരുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയ്ക്കാകും ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിപ്പോര്‍ട്ട് പരിശോധിച്ച് ആവശ്യമായ തുടര്‍നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി വിശദീകരിച്ചു.
ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഒദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു അനൗദ്യോഗിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധവുമായി അഭിഭാഷകസംഘടന അടക്കം രംഗത്തെത്തിയിരുന്നു. സംഭവം ഡല്‍ഹി ഹൈക്കോടതിയില്‍ ഉന്നയിച്ച് അഭിഭാഷകരോട് ഇത് ഞെട്ടിപ്പിക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് ഡികെ ഉപാധ്യായ കോടതിയില്‍ പറഞ്ഞു.
തീപിടിത്തം നടക്കുമ്പോള്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ വസതിയില്‍ ഉണ്ടായിരുന്നില്ല. തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടുകാര്‍ ഫയര്‍ഫോഴ്സിനെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തി തീ അണച്ചതിന് ശേഷം നടപടിക്രമങ്ങളുടെ ഭാഗമായി നാശനഷ്ടം കണക്കാക്കുന്നതിനിടെയാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് നോട്ട് കെട്ടുകള്‍ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട് വന്നത്.
നോട്ടുകെട്ടുകള്‍ കണക്കില്‍ പെടാത്തതാണ് എന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ പൊലീസിനെ വിവരം അറിയിച്ചെന്നും തുടര്‍ന്ന് പൊലീസ് വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നുമാണ് റിപ്പോര്‍ട്ട് വന്നത്.
ഡല്‍ഹി ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായും ജസ്റ്റിസ് വിഭു ബാക്രൂവും കഴിഞ്ഞാല്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയാണ്. 2014-ല്‍ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് വര്‍മ 2021-ലാണ് ഡല്‍ഹി ഹൈക്കോടതിയിലെത്തുന്നത്. അലഹാബാദ് ഹൈക്കോടതി മുന്‍ ജഡ്ജി എഎന്‍ വര്‍മയുടെ മകനാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ. നിലവില്‍ വില്‍പന നികുതി, ജിഎസ്ടി, കമ്പനി അപ്പീല്‍ എന്നീ കേസുകള്‍ കൈകാര്യം ചെയ്യുന്ന ഡിവിഷന്‍ ബഞ്ചിനെ നയിക്കുകന്ന ജഡ്ജിയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മ. ജഡ്ജിയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ എന്തിനെ കുറിച്ചാണ് അന്വേഷണമെന്നും സ്ഥലംമാറ്റം മരവിപ്പിക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു.