ഭാര്യ പുറത്തുപോയ സമയത്ത് ജ്യൂസില്‍ ലഹരി പദാര്‍ഥം കലര്‍ത്തി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചെന്ന കേസ്; പൊതുമേഖല സ്ഥാപനത്തിലെ 75 കാരനായ മുന്‍ ഉദ്യോഗസ്ഥന് മുന്‍കൂര്‍ ജാമ്യമില്ല; കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന് സെഷന്‍സ് കോടതി; പീഡനത്തിന് ശേഷം പ്രതി യുവതിയെ തനിച്ചാക്കി തീര്‍ഥയാത്രയ്ക്കും പോയി
വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച ഉന്നത ഉദ്യോഗസ്ഥന് മുന്‍കൂര്‍ജാമ്യമില്ല
കൊച്ചി: ജ്യൂസില്‍ ലഹരി പദാര്‍ഥം ചേര്‍ത്ത് നല്‍കി വീട്ടുജോലിക്കാരിയെ പീഡിപ്പിച്ച വീട്ടുടമയ്ക്ക് മുന്‍കൂര്‍ ജാമ്യമില്ല. ഒളിവിലായ പ്രതിയുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധമുയരുന്നതിനിടെയാണ് ഇയാള്‍, എറണാകുളം ജില്ല സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍, കോടതി കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.
ഒഡീഷ സ്വദേശിയായ ആദിവാസി യുവതിയെ(23)യാണ് 75 കാരന്‍ ബലാല്‍സംഗം ചെയ്തത്. വൈറ്റില സില്‍വര്‍ സാന്‍ഡ് ദ്വീപിലെ താമസക്കാരനും നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന മുന്‍ ഉന്നത ഉദ്യോഗസ്ഥനുമായ കെ.ശിവപ്രസാദിന് (75) എതിരെയാണു മരട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം 15ന് ആയിരുന്നു സംഭവം. 17നു തന്നെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.
പീഡനത്തിനുശേഷം കുടുംബത്തോടൊപ്പം തീര്‍ത്ഥാടനത്തിന് പോയ ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. 15ന് രാവിലെ ഭാര്യ പുറത്തു പോയ സമയത്തു പ്രതി ജ്യൂസില്‍ ലഹരിപദാര്‍ഥം കലര്‍ത്തി നല്‍കിയ ശേഷം കടന്നു പിടിച്ചു എന്നായിരുന്നു യുവതിയുടെ ആദ്യ മൊഴി. തന്റെ ബോധം മറഞ്ഞതിനാല്‍ തുടര്‍ന്നു നടന്നതൊന്നും അറിയില്ലെന്നും ഇവര്‍ പൊലീസിനോടു പറഞ്ഞു. ഇതിനാല്‍, സ്ത്രീയുടെ മാന്യത ലംഘിച്ചതിനും ക്രിമിനല്‍ ബലപ്രയോഗത്തിനുമാണ് ആദ്യം എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, തുടര്‍ന്നു നടത്തിയ വൈദ്യ പരിശോധനയുടെ റിപ്പോര്‍ട്ടും ഡോക്ടറുടെ സാക്ഷ്യവും പീഡനം നടന്നതു സ്ഥിരീകരിച്ചു. ഇതോടെ പീഡനക്കുറ്റം ചുമത്താന്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
സംഭവത്തിന്റെ പിറ്റേന്നു രാവിലെ യുവതിയെ വീട്ടില്‍ തനിച്ചാക്കി പ്രതിയും കുടുംബവും തീര്‍ഥയാത്ര പോയിരുന്നു. ഈ സമയത്തു, യുവതി നഗരത്തില്‍ വീട്ടുജോലി ചെയ്യുന്ന ബന്ധു വഴി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടിയുള്ള സാമൂഹിക സംഘടനയെ (സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡവലപ്മെന്റ് സിഎംഐഡി) സംഭവം അറിയിച്ചു. ഇവര്‍ വിവരം നല്‍കിയതോടെ പൊലീസ് എത്തിയാണു യുവതിയെ വീട്ടില്‍ നിന്നു രക്ഷപ്പെടുത്തിയത്. യുവതിയുടെ ആദ്യ മൊഴി മുഖവിലയ്ക്കെടുക്കാതെ പൊലീസ് നടത്തിയ പരിശോധനയും തുടരന്വേഷണവുമാണു സംഭവം പുറത്തുകൊണ്ടു വന്നത്.
ഒഡിഷയിലെ ഗജപതി ജില്ല സ്വദേശിയായ ആദിവാസി യുവതിയാണ് പീഡനത്തിന് ഇരയായത്. അമ്മ മരിച്ച യുവതി രണ്ടാനമ്മയുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് 12 വയസ്സ് മുതല്‍ വീട്ടു ജോലി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 4-ന് കൊച്ചി വൈറ്റിലയിലെ ശിവപ്രസാദിന്റെ വീട്ടില്‍ 15,000 രൂപ മാസശമ്പളത്തില്‍ ജോലിക്കായി എത്തിയത്.
കോടതിയിലെ വാദങ്ങളും വിധിയും
ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്‍, ഫിഷറീസ് കോര്‍പ്പറേഷന്‍, ഫാമിങ് കോര്‍പറേഷന്‍, കെ എസ് എഫ് ഡി സി എന്നീ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്ന ശിവപ്രസാദ് 75 വയസായ മുതിര്‍ന്ന പൗരനാണെന്നും ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നുമായിരുന്നു പ്രതിഭാഗം വാദം. തന്റെ സുഖമില്ലാതായ സഹോദരിയെ നാട്ടിലെ ആശുപത്രിയില്‍ പോയി കാണുന്നതിനായി മൂന്നുമാസത്തെ ശമ്പളം വീട്ടുജോലിക്കാരി മുന്‍കൂറായി ചോദിച്ചെന്നും അത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ ബലാല്‍സംഗ കുറ്റം ആരോപിച്ചെന്നുമായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍, ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ പ്രതി ക്രൂരമായി ബലാല്‍സംഗം ചെയ്‌തെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നു പ്രോസിക്യൂഷന്‍ മറുവാദം ഉന്നയിച്ചു.
23 കാരിയായ നിസ്സഹായ യുവതി വീട്ടു ജോലി തേടിയാണ് ഒഡിഷയില്‍ നിന്ന് കേരളം വരെ എത്തിയതെന്ന് കോടതി നിരീക്ഷിച്ചു. മൂന്നുമാസത്തെ ശമ്പളം മുന്‍കൂറായി ചോദിച്ചു എന്നത് മാത്രമാണ് അവര്‍ക്കെതിരായ ആരോപണം. തന്റെ മകളെക്കാള്‍ പ്രായം കുറഞ്ഞ യുവതിയുടെ നിസ്സഹായ സാഹചര്യമാണ് ഹര്‍ജിക്കാരന്‍ ചൂഷണം ചെയ്തത്. ബലാല്‍സംഗം ചെയ്ത ശേഷം യുവതിയെ കണ്ടപ്പോള്‍ എങ്ങനെയുണ്ടായിരുന്നു എന്ന് ചോദിച്ചു. നിരവധി ഉന്നത സ്ഥാനങ്ങള്‍ വഹിച്ചിരുന്ന ആളാണെങ്കിലും വ്യക്തിജീവിതത്തില്‍ ആ അന്തസ് കാത്തുസൂക്ഷിക്കാനായില്ല.
അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആയത് കൊണ്ട് തന്നെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. സമൂഹത്തില്‍, വളരെ നിലയിലുളള വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പ്രതിയെ സ്വതന്ത്രനായി വിട്ടാല്‍ യുവതിയുടെ സുരക്ഷയെ ബാധിച്ചേക്കാം.പ്രതി രക്തസമ്മര്‍ദ്ദവും, പ്രമേഹവും അടക്കം നിരവധി രോഗങ്ങള്‍ക്ക് ചികിത്സിക്കുന്നതായി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയെങ്കിലും, നിലവിലെ കേസിന്റെ സാഹചര്യത്തില്‍ പ്രസക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് സമൂഹമനസാക്ഷിക്ക് ഞെട്ടലുളവാക്കുമെന്നും നിരീക്ഷിച്ചുകൊണ്ടാണ് ശിവപ്രസാദിന്റെ അപേക്ഷ തള്ളിയത്.