വൈറ്റിലയില്‍ ചന്ദര്‍കുഞ്ച് ആര്‍മി ടവേഴ്‌സിന്റെ രണ്ട് ടവറുകള്‍ പൊളിച്ച് പുതിയത് നിര്‍മ്മിക്കണം; ബി, സി ടവറുകള്‍ക്ക് ബലക്ഷയം; താമസക്കാരെ ഒഴിപ്പിക്കണം; പുതിയ താമസ സ്ഥലം കണ്ടെത്താന്‍ താമസക്കാര്‍ക്ക് പ്രതിമാസം വാടക നല്‍കണമെന്നും ഹൈക്കോടതി

വൈറ്റിലയില്‍ ചന്ദര്‍കുഞ്ച് ആര്‍മി ടവേഴ്‌സിന്റെ രണ്ട് ടവറുകള്‍ പൊളിച്ച് പുതിയത് നിര്‍മ്മിക്കണം

Update: 2025-02-03 16:19 GMT

കൊച്ചി: വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ച് ആര്‍മി ടവേഴ്‌സിന്റെ രണ്ട് ടവറുകള്‍ പൊളിച്ച് പുതിയത് നിര്‍മ്മിക്കണമെന്ന് ഹൈക്കോടതി. ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണം. ബി,സി ടവറുകളാണ് പൊളിച്ച് പുതുക്കി പണിയേണ്ടത്. ഫ്ളാറ്റുകളുടെ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നും സുരക്ഷിതമല്ലെന്നും കാണിച്ച് താമസക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഉത്തരവ്.

രണ്ട് ടവറുകള്‍ക്ക് ബലക്ഷയം സംഭവിച്ചിട്ടുണ്ടെന്നും അവിടെ താമസിക്കുന്നത് സുരക്ഷിതമല്ലെന്നും കോടതി നിരീക്ഷിച്ചു. പൊളിക്കാനും പുതിയത് നിര്‍മിക്കാനും ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സമിതി രൂപവത്കരിക്കണമെന്നും നിലവിലെ ഫ്ളാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതിയതിനും ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. ബി,സി ടവറുകളിലെ താമസക്കാരെ ഒഴിപ്പിക്കുമ്പോള്‍ അവര്‍ക്ക് പുതിയ താമസസ്ഥലം കണ്ടെത്തുന്നതിനായി വാടക ഇനത്തില്‍ യഥാക്രമം 21,000, 23,000 രൂപ വീതം എല്ലാ മാസവും നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

'ചന്ദര്‍ കുഞ്ച്' ഫ്ളാറ്റ് സമുച്ചയത്തില്‍, മൂന്ന് ടവറുകളിലായി ആകെ 264 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. സൈനിക ഉദ്യോഗസ്ഥര്‍, വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ആര്‍മി വെല്‍ഫെയര്‍ ഹൗസിങ് ഓര്‍ഗനൈസേഷന്‍ (എഡബ്ല്യുഎച്ച്ഒ) 2018-ലാണ് ഈ ഫ്ളാറ്റ് നിര്‍മിച്ചത്. എന്നാല്‍ 208 ഫ്‌ലാറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ബി, സി ടവറുകളുടെ നിര്‍മാണ പിഴവുകള്‍ അതേവര്‍ഷം തന്നെ പുറത്തുവന്നു.

ടവറുകള്‍ അപകടാവസ്ഥയിലാണെന്നും താമസക്കാരെ എത്രയുംവേഗം ഒഴിപ്പിക്കണമെന്നും ബെംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സസിലെ വിദഗ്ധര്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കെട്ടിടം പുതുക്കിപ്പണിയുന്നതിനായിരുന്നു എഡബ്ല്യുഎച്ച്ഒ മുന്‍തൂക്കം നല്‍കിയത്. ഇതിനെതിരെ റിട്ട.കേണല്‍ സിബി ജോര്‍ജ് ഉള്‍പ്പെടെയുള്ള താമസക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് വിദഗ്ധ റിപ്പോര്‍ട്ടുകള്‍, കേരള മുന്‍സിപല്‍ ബില്‍ഡിങ് റൂള്‍സ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്, ജില്ലാ കലക്ടറുടെ മുന്‍ ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കോടതി വിധി പറയുകയായിരുന്നു.

Tags:    

Similar News