മോഹന്‍കുമാര്‍ വാഹനത്തിലെ വെറും യാത്രക്കാരന്‍ മാത്രം ആയിരുന്നുവെന്നും കുറ്റകൃത്യത്തില്‍ പ്രത്യക്ഷത്തില്‍ പങ്കില്ലെന്നും ഉള്ള വാദം അംഗീകരിക്കാനില്ല; നെടുമ്പാശേരിയില്‍ ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിക്ക് ജാമ്യം അനുവദിച്ചതിന് എതിരെ ഹൈക്കോടതിയില്‍ കുടുംബത്തിന്റെ ഹര്‍ജി
മോഹന്‍കുമാറിന് ജാമ്യം അനുവദിച്ചതിന് എതിരെ ഹര്‍ജി
കൊച്ചി: നെടുമ്പാശേരിയില്‍, കാറിടിപ്പിച്ച് യുവാവിനെ( ഐവിന്‍ ജിജോ) കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതി സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ മോഹന്‍ കുമാറിന് ജാമ്യം നല്‍കിയതിന് എതിരെ ഹൈക്കോടതിയില്‍ കുടുംബത്തിന്റെ ഹര്‍ജി. മെയ് 14ന്, അങ്കമാലി തുറവൂര്‍ ആരിശ്ശേരില്‍ ഐവിന്‍ ജിജോ (24) കൊല്ലപ്പെട്ടത് കാറിടിച്ച് തലയ്‌ക്കേറ്റ പരുക്കിനെത്തുടര്‍ന്നാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. വാഹനം ഓടിച്ചിരുന്ന സിഐഎസ്എഫ് എസ്‌ഐ വിനയ് കുമാര്‍ ദാസിനെയും മോഹന്‍ കുമാറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെ സിഐഎസ്എഫ് സസ്‌പെന്‍ഡ് ചെയ്ത് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. രണ്ടാം പ്രതി മോഹന്‍കുമാറിന് സ്ഥിരം ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി വിധിക്ക് എതിരെ ഐവിന്റെ അമ്മ റോസ് മേരി ജിജോയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മോഹന്‍കുമാര്‍, ഒന്നാം പ്രതി വിനയ് കുമാര്‍ ദാസിന്റെ വാഹനത്തിലെ യാത്രക്കാരന്‍ മാത്രമായിരുന്നു എന്നും പ്രത്യക്ഷത്തില്‍ കുറ്റത്തില്‍ പങ്കാളിയല്ല എന്നും വിലയിരുത്തിയാണ് സെഷന്‍സ് കോടതി ജൂണ്‍ 17 ന് മോഹന്‍കുമാറിന് സ്ഥിര ജാമ്യം അനുവദിച്ചത്. ഇതനെ ചോദ്യം ചെയ്താണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. മോഹന്‍കുമാറാണ് ഐവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളുടെ കാരണക്കാരനെന്നും തങ്ങളുടെ ഔദ്യോഗിക പരിശീലനത്തിന്റെ ഭാഗമായി അത്തരം പ്രവൃത്തികളുടെ പ്രത്യാഘാതത്തെ കുറിച്ച് അദ്ദേഹം ബോധവാനാണെന്നും ഹര്‍ജിയില്‍ വാദിക്കുന്നു. ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
സംഭവം ഇങ്ങനെ
നെടുമ്പാശേരിയില്‍ വിമാനക്കമ്പനികള്‍ക്കു ഭക്ഷണം തയാറാക്കി നല്‍കുന്ന സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഐവിന്‍, വീട്ടില്‍ നിന്ന് ജോലി സ്ഥലത്തേക്കു പോവുകയായിരുന്നു. ഇതിനിടെയാണ് നെടുമ്പാശേരി നായത്തോട് ഭാഗത്തുവച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായി കാറുകള്‍ ഉരസിയതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടാകുന്നത്. തുടര്‍ന്ന് കാര്‍ എടുത്തുപോകാന്‍ ശ്രമിച്ചപ്പോള്‍ ഐവിനെ ഇടിച്ചു ബോണറ്റില്‍ വീഴ്ത്തിയ ഇവര്‍ ഒരു കിലോമീറ്ററോളം അതിവേഗത്തില്‍ സഞ്ചരിച്ചു. പിന്നീട് നാട്ടുകാര്‍ ഇടപെട്ട് കാര്‍ നിര്‍ത്തിച്ചെങ്കിലും ഐവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട മോഹന്‍ കുമാറിനെ നെടുമ്പാശേരിയില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് പ്രാഥമിക തെളിവെടുക്കലുകള്‍ക്കു ശേഷം വൈകിട്ട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
ഐവിന്‍ ജിജോയെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിപ്പിച്ചത് കൊല്ലണം എന്ന ഉദ്ദേശ്യത്തോടെയെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരുന്നത്. സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ അശ്രദ്ധമായി കാറോടിച്ചതാണ് തര്‍ക്കത്തിന് തുടക്കം. ഐവിന്‍ ജിജോയുമായുണ്ടായ തര്‍ക്കത്തിന് ശേഷം പോകാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഐവിന്‍ തടഞ്ഞതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രകോപന കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പൊലീസ് വന്നിട്ട് പോയാല്‍ മതിയെന്ന് ഐവിന്‍ പറഞ്ഞതാണ് ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചത്. ബോണറ്റില്‍ വലിച്ചു കൊണ്ടുപോയ ശേഷം റോഡിലേക്ക് വീണ ഐവിന്റെ മുകളിലൂടെ കാര്‍ കയറിയിറങ്ങി. കാറിനിടയില്‍പ്പെട്ട ഐവിനെ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.