ഹൗസ്ബോട്ടില്‍ നിന്ന് കായലില്‍ വീണു മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് ബോട്ടുടമ 40 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മിഷന്‍ വിധി; അപൂര്‍വമായ വിധി പുറപ്പെടുവിച്ചത് പത്തനംതിട്ട ജില്ലാ കമ്മിഷന്‍; കോടതി ചെലവും ചേര്‍ത്ത് നല്‍കാന്‍ വിധിച്ചത് മരിച്ചയാളുടെ പ്രായം കൂടി കണക്കിലെടുത്ത്

അപൂര്‍വവിധിയുമായി പത്തനംതിട്ട ജില്ലാ കമ്മിഷന്‍

Update: 2025-07-15 14:32 GMT

പത്തനംതിട്ട: ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷന്‍ അപൂര്‍വമായ ഒരു വിധി പുറപ്പെടുവിച്ചു. ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണു മരിച്ച സര്‍ക്കാര്‍ ജീവനക്കാരന്റെ ആശ്രിതര്‍ക്ക് 40 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് കമ്മിഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചുച്ചിറ, അംഗം നിഷാദ് തങ്കപ്പന്‍ എന്നിവര്‍ ചേര്‍ന്ന് വിധി പ്രസ്താവിച്ചത്. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഡ്വ. സി.വി.ജ്യോതിരാജ് ഹാജരായി. മരിച്ചയാളുടെ പ്രായം, ഭാവിയില്‍ അയാള്‍ക്കുണ്ടാകുന്ന സ്ഥാനക്കയറ്റം, ശമ്പള വര്‍ധനവ് എന്നിവയൊക്കെ കണക്കിലെടുത്തുള്ള വിധിയാണ് കമ്മിഷന്റെ ഭാഗത്ത് നിന്ന് വന്നിരിക്കുന്നത്. ബോട്ടുടമ സേവനത്തില്‍ വീഴ്ച വരുത്തിയത് കാരണം ഒരാളുടെ ജീവന്‍ നഷ്ടമായത് പരിഗണിച്ചാണ് കമ്മിഷന്‍ ഹര്‍ജിയില്‍ ഇടപെട്ടത്.

പന്തളം തോന്നല്ലൂര്‍ കാക്കുഴി പുത്തന്‍വീട്ടില്‍ നാസിയ ഹസന്റെ ഹര്‍ജിയില്‍ കനാല്‍ ക്രൂയിസ് എന്ന ഹൗസ് ബോട്ടിന്റെ ഉടമ ആലപ്പുഴ നോര്‍ത്ത് ആര്യനാട് മണ്ണഞ്ചേരി വേതാളം വീട്ടില്‍ ബിജി മോള്‍ക്കെതിരെയാണ് വിധി വന്നത്. 2022 മേയ് എട്ടിനാണ് നാസിയ ഹസന്റെ ഭര്‍ത്താവ് വാട്ടര്‍ അതോറിറ്റിയില്‍ ഹെഡ്ക്ലാര്‍ക്കായിരുന്ന അബ്ദുള്‍ മനാഫ് ബോട്ടില്‍ നിന്ന് വീണു മരിച്ചത്. സഹപ്രവര്‍ത്തകന്റെ റിട്ടയര്‍മെന്റ് പരിപാടിയുടെ ഭാഗമായി കനാല്‍ ക്രുയിസ് ഡബിള്‍ ഡക്കര്‍ ഹൗസ്ബോട്ട് വാടകയ്ക്ക് എടുത്തിരുന്നു. രാവിലെ തന്നെ മനാഫും സഹപ്രവര്‍ത്തകരും ബോട്ടില്‍ ആലപ്പുഴയില്‍ നിന്നും യാത്ര തിരിച്ചു. വൈകിട്ട് മൂന്നിന് ഉച്ചഭക്ഷണം കഴിക്കുന്നതിനായി മതികായലിനോട് അടുത്ത സമയത്താണ് അബ്ദുള്‍ മനാഫ് ബോട്ടില്‍ നിന്നും വെള്ളത്തില്‍ വീണത്. ബോട്ടിന്റെ മുകള്‍ത്തട്ടില്‍ നിന്നാണ് മനാഫ് വീണത്. ഇവിടെ സുരക്ഷയ്ക്ക് ആവശ്യമായ കൈവരികള്‍ ഉണ്ടായിരുന്നില്ല. ബോട്ടുടമയുടെ ഈ അനാസ്ഥ മൂലമാണ് മരണം സംഭവിച്ചതെന്നും നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജികക്ഷി കമ്മിഷനെ സമീപിച്ചത്.

കമ്മിഷന്‍ എതിര്‍കക്ഷിക്ക് നോട്ടീസ് അയച്ചു. അഭിഭാഷകന്‍ മുഖേനെ ബോട്ടുടമ കമ്മിഷനില്‍ ഹാജരായി തെളിവ് സത്യവാങ്മൂലം നല്‍കി.

തെളിവുകളുടേയും ഇരുകൂട്ടരേയും വിസ്തരിച്ചതിന്റെയും അടിസ്ഥാനത്തില്‍ ബോട്ടുടമയുടെ ഭാഗത്തു നിന്നും ഗുരുതരമായ അനാസ്ഥയും സേവനവീഴ്ചയും ഉണ്ടായെന്ന് കമ്മിഷന്‍ കണ്ടെത്തി. അപകട സമയത്ത് ബോട്ടിന് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉണ്ടായിരുന്നില്ല. ഇന്‍ഷ്വറന്‍സ് പുതുക്കാതെയാണ് ബോട്ട് കായല്‍ യാത്രയ്ക്ക് ഉപയോഗിച്ചത്. ഡബിള്‍ ഡക്കര്‍ ബോട്ടിന്റെ മേല്‍ഭാഗത്ത് ആവശ്യമായ കൈവരികള്‍ എല്ലായിടത്തും ഉണ്ടായിരുന്നില്ല. യാത്രക്കാര്‍ക്ക് ആവശ്യത്തിന് ലൈഫ് ബോയോ ജാക്കറ്റുകളോ ഉണ്ടായിരുന്നില്ല. കൂടുതല്‍ യാത്രക്കാരെ കയറ്റിയാണ് ബോട്ട് യാത്ര നടത്തിയത്. ജീവനക്കാര്‍ യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നില്ല. ഇത്തരത്തില്‍ ഒരു പാടു ന്യൂനതകള്‍ കണ്ടെത്തിയതായി കമ്മിഷന്‍ വിലയിരുത്തി. അബ്ദുള്‍ മനാഫും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. 43-ാംവയസിലാണ് മനാഫ് മരിച്ചത്. ഇനിയും 13 വര്‍ഷംകൂടി ജോലി ചെയ്യാന്‍ കഴിയുമായിരുന്നു. സ്ഥാനക്കയറ്റത്തിനും ശമ്പളവര്‍ദ്ധനവിനും സാദ്ധ്യതകള്‍ ഉണ്ടായിരുന്നു. ഇതെല്ലാം

കൂടി വിലയിരുത്തിയ കമ്മീഷന്‍ നഷ്ടപരിഹാരം എന്ന നിലക്ക് 40 ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും ചേര്‍ത്ത് എതിര്‍കക്ഷിയായ ബോട്ടുടമ അബ്ദുള്‍ മനാഫിന്റെ ഭാര്യക്കും മറ്റ് ആശ്രിതര്‍ക്കുമായി കൊടുക്കാന്‍ വിധി പ്രസ്താവിക്കുകയായിരുന്നു.


Tags:    

Similar News