മലബാര്‍ സിമന്റ്‌സ് കേസില്‍ വ്യവസായി വി എം രാധാകൃഷ്ണന്‍ അപ്പീല്‍ നല്‍കിയാല്‍ തന്നെ കേള്‍ക്കാതെ കേസ് പരിഗണിക്കരുത്; സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കി ജോയ് കൈതാരം; പുതിയ നീക്കം ഹൈക്കോടതി വിധിയുടെ പൂര്‍ണരൂപം പുറത്തുവന്നതോടെ; കേസില്‍ വിചാരണ നീട്ടിക്കൊണ്ടുപോകുന്നത് തടയാനെന്ന് ഹര്‍ജിക്കാരന്‍
സുപ്രീം കോടതിയില്‍ പ്രത്യേകാനുമതി ഹര്‍ജി നല്‍കി ജോയ് കൈതാരം
ന്യൂഡല്‍ഹി: മലബാര്‍ സിമന്റ്‌സ് കേസില്‍, കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി തള്ളിയ ഹൈക്കോടതി വിധിക്കെതിരെ വ്യവസായി വി എം രാധാകൃഷ്ണന്‍ അപ്പീല്‍ നല്‍കിയാല്‍ തന്നെ കേള്‍ക്കാതെ കേസ് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് ജോയ് കൈതാരം പ്രത്യേകാനുമതി ഹര്‍ജി നല്‍കി.
ഹൈക്കോടതിയിലെ നടപടി ക്രമങ്ങളില്‍ താന്‍ കക്ഷിയല്ലെങ്കിലും ഇരയെന്ന നിലയില്‍ തനിക്ക് കേസില്‍ സവിശേഷ താല്‍പര്യമുണ്ടെന്നും, തന്നെ അറിയിക്കാതെ കേസ് പരിഗണിക്കരുതെന്നുമാണ് ജോയ് കൈതാരം സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കോടതി വിധിയുടെ പൂര്‍ണരൂപം കഴിഞ്ഞ ദിവസം പുറത്തുവന്ന സാഹചര്യത്തില്‍, വി എം രാധാകൃഷ്ണന്‍ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സാധ്യത കണക്കിലെടുത്താണ് ജോയ് കൈതാരത്തിന്റെ ഹര്‍ജി. മലബാര്‍ സിമന്റ്‌സുമായി ബന്ധപ്പെട്ട പല കേസുകളിലും സമാന രീതിയില്‍ അപ്പീല്‍ നല്‍കി വിചാരണ വൈകിക്കുന്ന രീതി ഉണ്ടായിട്ടുണ്ടെന്ന് ജോയ് കൈതാരം പറയുന്നു. 13 വര്‍ഷമായി കേസില്‍ വിചാരണ നടക്കാതെ നീളുകയാണ്. ഈ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയില്‍ കാവിയറ്റ് നല്‍കിയത്.
സെപ്റ്റംബര്‍ 22 ന് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍, മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ രണത്തില്‍ വി.എം.രാധാകൃഷ്ണനെ കുറ്റവിമുക്തനാക്കണമെന്ന ഹര്‍ജി തള്ളിയിരുന്നു. കേസില്‍ രാധാകൃഷ്ണന്‍ മൂന്നാം പ്രതിയാണ്. നിലവില്‍, അത്തരത്തില്‍ ഉത്തരവിടാനുള്ള സാഹചര്യം അല്ലെന്നും, ഈ ആവശ്യവുമായി വേണമെങ്കില്‍ വിചാരണ കോടതിയെ സമീപിക്കാമെന്നും ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
2011 ജനുവരി 24നാണ് ശശീന്ദ്രനെയും രണ്ടു മക്കളെയും കഞ്ചിക്കോട്ടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇത് ആത്മഹത്യയല്ല കൊലപാതകമാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈം ബ്രാഞ്ചും കേസ് അന്വേഷിച്ചു. ആത്മഹത്യ തന്നെയാണ് എന്നായിരുന്നു അന്വേഷണ സംഘങ്ങളുടെ കണ്ടെത്തല്‍.
പിന്നീട് ശശീന്ദ്രന്റെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഈ വിഷയത്തില്‍ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു തവണ വി.എം.രാധാകൃഷ്ണനെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2013 മാര്‍ച്ചില്‍ രാധാകൃഷ്ണനെ സിബിഐ അറസ്റ്റ് ചെയ്തു. എന്നാല്‍ എറണാകുളം സിജിഐഎം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു
കേസിലെ ഒന്നാം പ്രതിയായ മലബാര്‍ സിമന്റ്‌സ് മുന്‍ എംഡി സുന്ദരമൂര്‍ത്തി, രണ്ടാം പ്രതിയായ സുന്ദരമൂര്‍ത്തിയുടെ സെക്രട്ടറി സൂര്യ നാരായണന്‍ എന്നിവര്‍ നേരത്തെ കേസില്‍ മാപ്പ് സാക്ഷികളായിരുന്നു. ഈ സാഹചര്യത്തിലാണ് തന്നെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് വി.എം.രാധാകൃഷ്ണന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ വി എം രാധാകൃഷ്ണനെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മലബാര്‍ സിമെന്റ്സ് അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ശശീന്ദ്രനെ മാനസിക സമ്മര്‍ദ്ദത്തില്‍പ്പെടുത്തി ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചുവെന്നായിരുന്നു ആക്ഷേപം. ഈ കുറ്റപത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കണമെന്നാണ് വി എം രാധാകൃഷ്ണ്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജിയില്‍ വാദം കേട്ട കോടതി വിചാരണാ യുക്തമായ കേസാണിതെന്ന് നിരീക്ഷിക്കുകയും ചെയ്തിരുന്നു.