113 ബസുകളില്‍ ഒരെണ്ണം പോലും മറ്റു ജില്ലകളില്‍ ഓടുന്നില്ല; ബസ് വേണമെന്ന് മേയര്‍ എഴുതി തന്നാല്‍ 24 മണിക്കൂറിനകം തിരിച്ചു നല്‍കാം; പകരം 150 വണ്ടികള്‍ ഇറക്കും; സബര്‍ബനിലുള്ള യാത്രക്കാരെ കൂടി സിറ്റിയിലേക്ക് കൊണ്ടുവരണം എന്ന് കരാറില്‍ പറഞ്ഞിട്ടുണ്ട്; മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്; കണക്കു നിരത്തി രാജേഷിന് ഗണേഷ് കുമാറിന്റെ മറുപടി

കണക്കു നിരത്തി രാജേഷിന് ഗണേഷ് കുമാറിന്റെ മറുപടി

Update: 2025-12-31 09:54 GMT

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ഇലക്ട്രിക് സിറ്റി ബസുകളുടെ കാര്യത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി.വി.രാജേഷിനു മറുപടിയുമായി ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍. നഗത്തിനായുള്ള ബസുകള്‍ നഗരത്തില്‍ തന്നെ ഓടണമെന്ന് വ്യക്തമാക്കിയ മേയര്‍ക്കാണ് ഗതാഗത മന്ത്രി കണക്കു നിരത്തി മറുപടി നല്‍കിയിരിക്കുന്നത്. മേയറുടെ വാദങ്ങളെ തള്ളിയ മന്ത്രി അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചതാകാമെന്നും അറിയിച്ചു.

തിരുവനന്തപുരം സിറ്റയിലെ 113 ബസുകളില്‍ ഒരെണ്ണം പോലും മറ്റു ജില്ലകളില്‍ ഓടുന്നില്ലെന്നും കോര്‍പറേഷന്‍ ആവശ്യപ്പെട്ടാല്‍ എല്ലാ ബസുകളും തിരിച്ചു നല്‍കാന്‍ തയാറാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. പകരം 150 ബസുകള്‍ പുറത്തുനിന്ന് കൊണ്ടുവന്ന് തിരുവനന്തപുരത്ത് ഓടിക്കുമെന്നും മന്ത്രി പറഞ്ഞു. 113 ഇലക്ട്രിക് ബസുകള്‍ ഓടിച്ചിട്ടാണ് കെഎസ്ആര്‍ടിസി ലാഭമുണ്ടാക്കുന്നതെന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആര്‍ടിസി സ്മാര്‍ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഓടിച്ചുകൊണ്ടിരിക്കുന്നത് 113 ഇലക്ട്രിക് ബസുകളാണ്. കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലുള്ള മറ്റ് 50 ബസുകളും ഓടുന്നുണ്ട്. ഈ 113 ബസുകള്‍ തിരുവനന്തപുരം കോര്‍പറേഷന്‍ വാങ്ങിത്തന്നു എന്നും ഇത് കേന്ദ്ര പദ്ധതിയുടേതാണെന്നും പറയാന്‍ പറ്റില്ലെന്ന് മന്ത്രി പറഞ്ഞു. സ്മാര്‍ട് സിറ്റി പദ്ധതിയില്‍ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും വിഹിതം 500 കോടി വീതമാണ്. തിരുവനന്തപുരം കോര്‍പറേഷന്റെ വകയായി 135.7 കോടി രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. ഇതും സംസ്ഥാനത്തിന്റെ ഖജനാവില്‍നിന്നു പോകുന്നതാണ്. അപ്പോള്‍ പദ്ധതിയുടെ 60 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരിന്റേതാണ്. കോര്‍പറേഷന്റെ തനതു ഫണ്ടോ പ്ലാന്‍ ഫണ്ടോ ആകാം. അതും സംസ്ഥാന ഖജനാവില്‍നിന്നു വരുന്നതാണ്.

സ്മാര്‍ട് സിറ്റി പദ്ധതി പ്രകാരം നടപ്പാക്കിയ മറ്റു പല വികസനപ്രവര്‍ത്തനങ്ങളുടെയും ഭാഗമായി വാങ്ങിയതാണ് ഇലക്ട്രിക് ബസുകള്‍. 50 വാഹനങ്ങളില്‍ കോര്‍പറേഷന് ഒരു കാര്യവുമില്ല. 113 ബസുകള്‍ക്കു ത്രികക്ഷി കരാറാണ് ഉള്ളത്. സര്‍ക്കാരും കോര്‍പറേഷനും സ്വിഫ്റ്റുമാണ് ഇതില്‍ കക്ഷികള്‍. വണ്ടികള്‍ ഓടുന്നതു പരിശോധിക്കാന്‍ ഉള്ള ഉപദേശകസമിതിയുടെ അധ്യക്ഷന്‍ മേയര്‍ ആണെന്നു മാത്രമാണ് കരാറിലുള്ളതെന്നും മന്ത്രി പറഞ്ഞു. താന്‍ അധികാരത്തില്‍ വരുമ്പോള്‍ 2500 രൂപയായിരുന്നു ഈ ബസുകളുടെ പ്രതിദിന വരുമാനം. തികഞ്ഞ ആസൂത്രണത്തോടെ ഇപ്പോള്‍ അത് 8000-9000 രൂപ വരെയാക്കിയിട്ടുണ്ട്.

ഇലക്ട്രിക് ബസുകളുടെ ജീവനക്കാരും ടിക്കറ്റ് മെഷീനും പരിപാലന ചുമതലയും കെഎസ്ആര്‍ടിസിയുടേതാണ്. വലിയ പരിപാലന ചെലവാണ് ഈ വണ്ടികള്‍ക്കുള്ളത്. മറ്റു ബസുകളുടെ ടയര്‍ 60,000 കി.മീ വരെ പോകുമ്പോള്‍ ഇതിന് 30,000 കി.മീ വരെയേ കിട്ടുകയുള്ളു. അഞ്ചു വര്‍ഷം കഴിഞ്ഞ് ബാറ്ററി തീരുമ്പോള്‍ 28 ലക്ഷം രൂപ വീതം ബാറ്ററി വാങ്ങാന്‍ വേണ്ടിവരും. ശരിക്കും ഇതു നഷ്ടമാണ്. 28 ലക്ഷം രൂപ കൊടുത്താല്‍ ഡീസല്‍ മിനി ബസ് കിട്ടും. ആ വണ്ടിയുടെ ശരാശരി കിലോമീറ്റര്‍ വരുമാനം 52 രൂപ വരെയാണെന്നു മന്ത്രി വ്യക്തമാക്കി.

നഗരത്തിനു പുറത്തുനിന്നുള്ളവരെ ബസില്‍ കയറ്റാന്‍ പറ്റില്ലെന്ന് സര്‍ക്കാരിനു പറയാന്‍ കഴിയില്ല. മേയര്‍ കത്തു നല്‍കിയാല്‍ അപ്പോള്‍ തന്നെ 113 വണ്ടികളും തിരിച്ചു നല്‍കും. എന്നിട്ട് 150 എണ്ണം പുറത്തുനിന്ന് കൊണ്ടുവന്ന് ഓടിക്കും. അവര്‍ക്ക് ഇഷ്ടമുള്ളയിടത്തു വണ്ടി ഇടാം. പക്ഷേ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ അനുവദിക്കില്ല. നെയ്യാറ്റിന്‍കരയ്ക്കും ആറ്റിങ്ങലിനും ഓടുന്നത് ഞങ്ങളുടെ വണ്ടികളാണ്. ആ വണ്ടികള്‍ ഓടിക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല.

പീക്ക് അവേഴ്സില്‍ സിറ്റിക്കകത്ത് ഓടിയതിനുശേഷം സബര്‍ബനിലുള്ള യാത്രക്കാരെ കൂടി സിറ്റിയിലേക്ക് കൊണ്ടുവരണം എന്ന് കരാറില്‍ പറഞ്ഞിട്ടുണ്ട്. മേയറെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്. കരാര്‍ വായിച്ച് പഠിച്ചിട്ട് മറുപടി പറയുക. എന്നിട്ടും പ്രശ്നമാണെങ്കില്‍ എന്നെ പോലും കാണേണ്ടതില്ല, സിഎംഡിക്ക് ഒരു കത്ത് കൊടുത്താല്‍ 24 മണിക്കൂറിനുള്ളില്‍ വണ്ടികള്‍ നിങ്ങള്‍ പറയുന്ന സ്ഥലത്ത് പാര്‍ക്ക് ചെയ്തുതരും എന്നും മന്ത്രി പറഞ്ഞു.

കോര്‍പറേഷന്‍ ബിജെപി പിടിച്ചതിനു പിന്നാലെ ആര്‍.ശ്രീലേഖയും വി.കെ.പ്രശാന്തും തമ്മിലുണ്ടായ ഓഫിസ് തര്‍ക്കത്തിനു ശേഷമാണ് മേയര്‍-കെഎസ്ആര്‍ടിസി തര്‍ക്കവും ചൂടുപിടിച്ചത്. 113 ഇലക്ട്രിക് ബസുകള്‍ കിട്ടിയതോടെ കെഎസ്ആര്‍ടിസിയുടെ വരുമാനം കൂടിയിരുന്നു. ഇപ്പോഴുയര്‍ന്ന വിവാദത്തിന്റെ പേരില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഡബിള്‍ ബെല്ലടിച്ച് ബസുകള്‍ ഏറ്റെടുത്ത് മുംബൈ, ബെംഗളൂരു മാതൃകയില്‍ നഗരത്തിനുള്ളില്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചാല്‍ കെഎസ്ആര്‍ടിസിക്കു തിരിച്ചടിയാകും.

നഗരത്തിലെ വായുമലിനീകരണം കുറയ്ക്കാന്‍ സ്മാര്‍ട് സിറ്റി ഫണ്ട് ഉപയോഗിച്ച് കെഎസ്ആര്‍ടിസിക്ക് കോര്‍പറേഷന്‍ വാങ്ങി നല്‍കിയ ഇലക്ട്രിക് ബസുകള്‍ നഗരത്തില്‍ തന്നെ ഓടിയാല്‍ മതിയെന്ന നിലപാട് കടുപ്പിച്ചിരിക്കുകയാണ് മേയര്‍ വി.വി.രാജേഷ്. കോര്‍പ്പറേഷന്‍ വാങ്ങി നല്‍കിയ 113 ബസുകളില്‍ നല്ലാരു ഭാഗവും സംസ്ഥാനത്തിന്റെ മറ്റു പല ഭാഗങ്ങളിലുമാണ് ഓടിക്കുന്നതെന്ന് മേയര്‍ കുറ്റപ്പെടുത്തി. ഇ-ബസുകള്‍ ഇത്രയും നാള്‍ ഓടിയതില്‍ കരാര്‍ പ്രകാരം കോര്‍പ്പറേഷനു ലഭിക്കേണ്ട ലാഭവിഹിതം കെഎസ്ആര്‍ടിസി നല്‍കിയിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും വി.വി.രാജേഷ് പറഞ്ഞു.

രാഷ്ട്രീയ സമ്മര്‍ദങ്ങളുടെ പേരിലാണ് ബസുകള്‍ മറ്റിടങ്ങളില്‍ ഓടിക്കുന്നത്. മുന്‍ നിശ്ചയിച്ച റൂട്ടുകളിലാണോ ബസുകള്‍ ഓടുന്നതെന്ന് ഉടന്‍ പരിശോധിക്കും. അല്ലെങ്കില്‍ നടപടി എടുക്കും. കെഎസ്ആര്‍ടിസിക്കു ലാഭമുണ്ടാകുന്നതു നല്ല കാര്യമാണ്. പക്ഷേ, നഗരത്തിലെ ജനങ്ങള്‍ക്കു കിട്ടേണ്ട സൗകര്യം ഇല്ലാതാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ കഴിയില്ല. ഒരു സിസ്റ്റം തീരുമാനിച്ച കാര്യങ്ങള്‍ ഒന്നോ രണ്ടോ വ്യക്തികള്‍ ചേര്‍ന്നു ലംഘിക്കാന്‍ ശ്രമിച്ചാല്‍ അതു തടയുമെന്നും മേയര്‍ വി.വി.രാജേഷ് പറഞ്ഞു. അതേസമയം, മേയറെ പരിഹസിച്ച് മന്ത്രി വി.ശിവന്‍കുട്ടി രംഗത്തെത്തി. 'പുത്തനച്ചി പുരപ്പുറം തൂക്കും' എന്ന പഴമൊഴിയാണ് ഇതിനുള്ള മറുപടിയെന്ന് മന്ത്രി പറഞ്ഞു. ഇതിന് ശേഷമാണ് ഇപ്പോള്‍ ഗണേഷ് കുമാര്‍ മേയര്‍ക്ക് മറുപടിയുമായി രംഗത്തുവന്നത്.

Tags:    

Similar News