'അസോസിയേഷന്‍ അറിയാതെ നീ എങ്ങനെയാടാ ഡ്യൂട്ടി ഉണ്ടാക്കിയത്?' സഹപ്രവര്‍ത്തകനെ തെറിവിളിച്ച നേതാവ് നിഷാന്ത് പി. ചന്ദ്രന്‍ ഔട്ട്! സസ്പെന്‍ഷനിലായ സെക്രട്ടറി സ്വാഗതം പറയുന്ന പഠന ക്യാമ്പില്‍ നിന്ന് എസ്പി പിന്മാറി; നാണംകെട്ട് പത്തനംതിട്ട പോലീസ് അസോസിയേഷന്‍; ഒടുവില്‍ നോട്ടീസ് തിരുത്തി മുഖം രക്ഷിച്ചു
സഹപ്രവര്‍ത്തകനെ തെറിവിളിച്ച നേതാവ് നിഷാന്ത് പി. ചന്ദ്രന്‍ ഔട്ട്!
പത്തനംതിട്ട: പോലീസുകാരെ അച്ചടക്കം പഠിപ്പിക്കാന്‍ ഇറങ്ങിയ പോലീസ് അസോസിയേഷന്‍ ഒടുവില്‍ സ്വന്തം നേതാവിന്റെ 'അച്ചടക്കമില്ലായ്മ' കൊണ്ട് നാണംകെടുന്നു. സസ്പെന്‍ഷനിലായ ജില്ലാ സെക്രട്ടറി എസ്പിക്ക് സ്വാഗതം പറയുന്ന വിചിത്രമായ നോട്ടീസ് പുറത്തിറക്കിയതോടെ പത്തനംതിട്ട പോലീസ് അസോസിയേഷനില്‍ വന്‍ പൊട്ടിത്തെറി. സംഭവം വിവാദമായതോടെ ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്‍. ഐപിഎസ് പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചു. ഇതോടെ മുഖം രക്ഷിക്കാനായി നേതാവിനെ നോട്ടീസില്‍ നിന്നും ചടങ്ങില്‍ നിന്നും വെട്ടിമാറ്റി അസോസിയേഷന്‍ തടിയൂരി.
വിവാദം ഇങ്ങനെ
കെ.പി.എ പത്തനംതിട്ട ജില്ലാ സെക്രട്ടറി നിഷാന്ത് പി. ചന്ദ്രന്‍ നിലവില്‍ സസ്പെന്‍ഷനിലാണ്. സ്വന്തം സ്റ്റേഷനിലെ സീനിയര്‍ ഉദ്യോഗസ്ഥനെ ഫോണിലൂടെ അസഭ്യം പറഞ്ഞതിനാണ് നിഷാന്തിനെതിരെ അച്ചടക്ക നടപടി എടുത്തത്. അസോസിയേഷനെ മറികടന്ന് ശബരിമല ഡ്യൂട്ടി സംഘടിപ്പിച്ചു എന്നതായിരുന്നു 'സഖാവിനെ' ചൊടിപ്പിച്ച കുറ്റം. 'അസോസിയേഷന്‍ അറിയാതെ നീ എങ്ങനെയാടാ ഡ്യൂട്ടി ഉണ്ടാക്കിയത്' എന്ന ആക്രോശത്തോടെയുള്ള നിഷാന്തിന്റെ അസഭ്യവര്‍ഷം വൈറലായതോടെ എസ്പി തന്നെ ഇയാളെ സസ്പെന്‍ഡ് ചെയ്തു.
എന്നാല്‍, സസ്പെന്‍ഷനിലായിട്ടും സംഘടനയില്‍ താന്‍ തന്നെയാണ് രാജാവെന്ന് കാണിക്കാന്‍ എസ്പി പങ്കെടുക്കുന്ന പഠന ക്യാമ്പില്‍ സ്വാഗതം പറയാന്‍ നിഷാന്ത് സ്വന്തം പേര് വെച്ച് നോട്ടീസ് അടിച്ചു.
താന്‍ സസ്പെന്‍ഡ് ചെയ്ത ആള്‍ തന്നെ തനിക്ക് സ്വാഗതം ഓതുന്ന പരിപാടിയില്‍ പങ്കെടുത്താല്‍ അത് വലിയ നാണക്കേടാകുമെന്ന് മനസ്സിലാക്കിയ എസ്പി, ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് അറിയിക്കുകയായിരുന്നു.
നോട്ടീസ് മാറ്റിയുള്ള കളി
എസ്പി കൈവിട്ടതോടെ അസോസിയേഷന്‍ വെട്ടിലായി. ഒടുവില്‍ നിഷാന്തിനെ സ്വാഗത പ്രസംഗത്തില്‍ നിന്ന് നീക്കം ചെയ്ത് ജോയിന്റ് സെക്രട്ടറി സൂര്യമിത്രയെ പകരം വെച്ച് പുതിയ നോട്ടീസ് പുറത്തിറക്കി. പോലീസുകാര്‍ക്ക് സര്‍വ്വീസ് ചട്ടങ്ങളെക്കുറിച്ചും അച്ചടക്കത്തെക്കുറിച്ചും അവബോധം നല്‍കാനായി നടത്തുന്ന ക്ലാസ്സിന് നേതൃത്വം നല്‍കുന്നത് അച്ചടക്കലംഘനത്തിന് പുറത്തിരിക്കുന്ന നേതാവാണെന്നത് സേനയ്ക്കുള്ളില്‍ വലിയ പരിഹാസത്തിന് ഇടയാക്കിയിട്ടുണ്ട്.
ഡ്യൂട്ടി വിവാദവും നേതാക്കളുടെ 'ഈര്‍ഷ്യ'യും
അസോസിയേഷന്‍ നല്‍കുന്ന പട്ടികയിലുള്ളവര്‍ക്ക് മാത്രമേ ശബരിമല ഡ്യൂട്ടി പോലുള്ളവ നല്‍കാവൂ എന്ന അലിഖിത നിയമം ചില നേതാക്കള്‍ പോലീസില്‍ നടപ്പിലാക്കുന്നുണ്ട്. ഇത് ലംഘിച്ച് നേരിട്ട് ഡ്യൂട്ടി നേടിയ ഉദ്യോഗസ്ഥനെയാണ് നിഷാന്ത് പരസ്യമായി തെറിവിളിച്ചത്. പോലീസിലെ സംഘടനാരീതിയെക്കുറിച്ച് പഠിക്കാന്‍ എത്തുന്ന നവാഗതര്‍ക്ക് മുന്‍പില്‍ ഈ സംഭവം വലിയൊരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.
ഫെബ്രുവരി 2 തിങ്കളാഴ്ച പന്തളം ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ വെച്ച് പഠന ക്യാമ്പ് നടക്കുമ്പോള്‍, നേതാവിനെ വെട്ടിനിരത്തിയത് സേനയ്ക്കുള്ളിലെ ഗ്രൂപ്പ് വൈരത്തിന് ആക്കം കൂട്ടുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
പോലീസുകാരുടെ ജോലി സാഹചര്യങ്ങളിലും കുടുംബജീവിതത്തിലും ഗുണകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനും, സേനയിലെ വിവിധ വിഷയങ്ങളെക്കുറിച്ചും സര്‍വീസ് ചട്ടങ്ങളെക്കുറിച്ചും അവബോധം നല്‍കുന്നതിനുമായാണ് പഠനക്ലാസ് സംഘടിപ്പിക്കുന്നത്. സംഘടനാ പ്രവര്‍ത്തകര്‍ക്കും പുതുതായി സേനയില്‍ എത്തിയവര്‍ക്കും അച്ചടക്കത്തോടെയുള്ള സംഘടനാ പ്രവര്‍ത്തനത്തെക്കുറിച്ച് ക്ലാസില്‍ വിശദീകരിക്കും.
കെ.പി.എ പത്തനംതിട്ട പ്രസിഡന്റ് ഗോപകുമാര്‍ എസ്. അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജോയിന്റ് സെക്രട്ടറി സൂര്യമിത്ര സ്വാഗതം പറയും.ജി. സന്തോഷ് കുമാര്‍ (ഡി.വൈ.എസ്.പി അടൂര്‍), കെ.ബി അജി, സഞ്ജു കൃഷ്ണന്‍ വി, ശ്രീജിത്ത് ബി. എസ്, രവീന്ദ്രന്‍ എ. ആര്‍, ഗിരീഷ് ബി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കും. വിജയകാന്ത് (കെ.പി.എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം) നന്ദി രേഖപ്പെടുത്തും.
