പി പി ദിവ്യ 'കൊലപാതകി'; പരാതിക്കാരന്‍ പറയുന്നത് കെട്ടുകഥ; അയാളെ കൊണ്ട് പറയിച്ചതാണ്; രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍; തെരഞ്ഞെടുപ്പു കാലത്ത് ജനവികാരം എതിരാകുന്നത് തിരിച്ചറിഞ്ഞ് പാര്‍ട്ടി; ദിവ്യയെ പാര്‍ട്ടി കൈവിടുന്നു; തള്ളിപ്പറഞ്ഞ് കൂടുതല്‍ സിപിഎം നേതാക്കള്‍

പി പി ദിവ്യ 'കൊലപാതകി'

Update: 2024-10-16 11:50 GMT

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പി പി ദിവ്യയെ കൊലപാതകി എന്ന് പറയേണ്ടിവരുമെന്നാണ് കെ സുധാകരന്‍ വിമര്‍ശിച്ചത്. ദിവ്യക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ടു പോകും. പരാതിക്കാരന്‍ പറയുന്നത് കെട്ടുകഥയെന്നും അയാളെക്കൊണ്ട് പറയിച്ചതാണെന്നും കെപിസിസി പ്രസിഡന്റ് മാധ്യമങ്ങളോടു പറഞ്ഞു. നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവീന്‍ ബാബു തനിക്ക് വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു. ഏതെങ്കിലും ആവശ്യങ്ങള്‍ക്ക് വിളിച്ചാല്‍ പിന്നീട് തിരിച്ചുവിളിച്ച് അതിന്റെ വിശദാംശങ്ങള്‍ പറഞ്ഞുതരുമായിരുന്നു. ആന്തൂരില്‍ സാജന്‍ മരിച്ചതുപോലെ തന്നെയാണ് നവീന്‍ ബാബുവിനെയും മരണത്തിലേക്ക് തള്ളിവിട്ടത്. യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിക്കാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ അധിക്ഷേപിച്ചപ്പോള്‍ ഇടപെടാതിരുന്ന കലക്ടറും ഈ മരണത്തിന് ഉത്തരവാദിയാണെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞ്പത്തനംതിട്ട സി.പി.എം നേതൃത്വം രംഗത്തുവന്നു. ദിവ്യയുടേത് അപക്വമായ നടപടിയെന്ന് ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. ക്ഷണിക്കപ്പെടാത്ത വേദിയില്‍ പി.പി. ദിവ്യ പോകേണ്ടിയിരുന്നില്ലെന്ന് പി.കെ. ശ്രീമതിയും പ്രതികരിച്ചു. എഡിഎമ്മിനെതിരായ പി.പി.ദിവ്യയുടെ പരസ്യ ആക്ഷേപത്തെ തള്ളാതെയും കൊള്ളാതെയും സി.പി.എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി നിലപാടെടുത്തെങ്കിലും അതല്ല പത്തനംതിട്ട ജില്ലാ കമ്മിറ്റി നിലപാട്. വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കുമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ഇന്നലെത്തന്നെ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ദിവ്യയുടെ നടപടിയെ ജില്ലാ സെക്രട്ടറി ഉദയഭാനു പരസ്യമായി വിമര്‍ശിച്ചത്

പിന്നാലെ സംസ്ഥാന നേതാക്കളും ദിവ്യയെ തള്ളി രംഗത്തെത്തി. എഡിഎമ്മിന്റെ മരണ വിഷയം സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ടെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പ്രതികരിച്ചു. പൊതുപ്രവര്‍ത്തകര്‍ ഇതില്‍ നിന്ന് പാഠം പഠിക്കണമെന്നാണ് ഷംസീര്‍ പറഞ്ഞത്. എന്നാല്‍ എഡിഎമ്മിന്റെ ആത്മഹത്യയെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി. പൊതുപ്രവര്‍ത്തക ഇത്തരത്തില്‍ പെരുമാറാന്‍ പാടുണ്ടോ എന്ന ചോദ്യത്തിന് അതെല്ലാം അവിടുത്തെ ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു പ്രതികരണം. പത്തനംതിട്ടവരെ മൃതദേത്തെ അനുഗമിച്ച സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജനും വിഷയത്തില്‍ ഇന്ന് പ്രതികരിച്ചില്ല.

യാത്രയയപ്പ് യോഗത്തില്‍ പോയി ദിവ്യ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്നാണ് പികെ ശ്രീമതി മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. വിഷയത്തില്‍ സമഗ്രാന്വേഷണം വേണമെന്നും ശ്രീമതി ടീച്ചര്‍ പറഞ്ഞു. സംഭവം ഉണ്ടായ ഇന്നലെത്തന്നെ ദിവ്യയെ തള്ളി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവന ഇറക്കിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമര്‍ശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെന്നും, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുവെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞിരുന്നത്.

കണ്ണൂരില്‍ മാത്രമല്ല, സംസ്ഥാനത്തൊട്ടാകെ സിപിഎം അണികളില്‍ ദിവ്യയ്ക്കെതിരെയുള്ള അമര്‍ഷം പുകയുകയാണ്. ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജില്ലാകമ്മിറ്റി അംഗംകൂടിയായ ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇങ്ങനെയൊന്ന് ഉണ്ടാവാന്‍ പാടില്ലായിരുന്നു എന്നാണ് അവര്‍ പറയുന്നത്. അധികാരത്തിന്റെ ഹുങ്ക് എന്നും ചിലര്‍ രോഷം പ്രകടിപ്പിക്കുന്നുണ്ട്. അതിനിടെ, നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ദിവ്യയ്ക്കെതിരെ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമപരമായ നടപടികള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചത്. ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. ദിവ്യയുടെ നടപടി തീര്‍ത്തും നിയമവിരുദ്ധമാണെന്നും നവീന്‍ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതക്ക് ജോലിയും നല്‍കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് നല്‍കിയ പരാതിയിലാണ് നടപടി.

Tags:    

Similar News