കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്ന വാദം അംഗീകരിച്ചു; മഞ്ചേശ്വരം തിരഞ്ഞെടുപ്പു കോഴക്കേസിലെ വിടുതല്‍ ഹര്‍ജിക്ക് അംഗീകാരം; ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന് ആശ്വാസം

Update: 2024-10-05 06:34 GMT

കാസര്‍കോട്: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആശ്വാസം. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ ആറു ബിജെപിക്കാര്‍ കുറ്റവിമുക്തര്‍. സുരേന്ദ്രന്‍ നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് നിലനില്‍ക്കില്ലെന്ന വാദം അംഗീകരിച്ചത്. നേരിട്ട് ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനാല്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ എല്ലാ പ്രതികളും ഇന്ന് കോടതില്‍ ഹാജരായിരുന്നു.

തിങ്കളാഴ്ച ജില്ലാ സെഷന്‍സ് കോടതി കേസ് പരിഗണിച്ച ശേഷമാണ് വിധിപറയാന്‍ മാറ്റിയത്. കേസ് നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി നാമനിര്‍ദേശപത്രിക പിന്‍വലിപ്പിച്ചതുള്‍പ്പെടെയാണ് കേസില്‍ ആരോപിക്കപ്പെടുന്നത്. ഇതിന് കോഴയായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നും കേസില്‍ പറയുന്നുണ്ട്. കേസെടുത്തതും പ്രതി ചേര്‍ത്തതും നിയമാനുസൃതമല്ലെന്നായിരുന്നു സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരുടെ വാദം.

സുന്ദരയ്ക്ക് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് അന്നത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയായിരുന്ന വി.വി. രമേശന്റെ പരാതിയില്‍ 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഒന്നാം പ്രതിയായ കേസില്‍ കാസര്‍കോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം നല്‍കിയത്.

സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറും ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരായിരുന്നു മറ്റു പ്രതികള്‍. കേസില്‍ സുരേന്ദ്രനെതിരെ ജനാധിപത്യ നിയമത്തിലെ 171 ബി., ഇ., തുടങ്ങിയ വകുപ്പുകളും പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകളും ചുമത്തിയിരുന്നു. കോടതി നിര്‍ദേശപ്രകാരം ബദിയടുക്ക പൊലീസാണ് കേസെടുത്തത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. 2023 ജനുവരി 10നാണ് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

നിയമവിരുദ്ധമായിട്ടുള്ള കാര്യങ്ങളോ ഇടപെടലുകളോ ഇല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി പൂര്‍ണമായി അംഗീകരിച്ചുവെന്ന് അഭിഭാഷകന്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്ന സമയത്ത് തന്നെ സംഭവം അന്വേഷിച്ചിക്കുകയും ഇതില്‍ യാതൊരുവിധത്തിലുള്ള ഭീഷണിയോ പ്രകോപനമോയില്ലെന്ന് പൊതുസമൂഹത്തിനറിയാമായിരുന്നു. പിന്നീട് ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കേസ് മുന്നോട്ട് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് സുരേന്ദ്രന്‍ ഉള്‍പ്പടെയുള്ള ആറു പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. കേസ് കെട്ടിച്ചമതാണെന്നായിരുന്നു ആദ്യ ഘട്ടം മുതല്‍ സുരേന്ദ്രന്‍ വാദിച്ചത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. തന്നെ താറടിച്ചു കാണിക്കാന്‍ വേണ്ടി മനപ്പൂര്‍വം കേസ് കെട്ടിച്ചമതാണെന്നും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ നിമയത്തെ ഉപയോഗിക്കുകയാണെന്നും സുരേന്ദ്രനു വേണ്ടി ഹാജരായ അഭിഭാഷകര്‍ കോടതിയെ അറിയിച്ചിരുന്നു.

Tags:    

Similar News