'ഗോ എഹെഡ്' എന്ന് മന്ത്രി തന്നെ ദേവസ്വം ഫയലുകളില്‍ കുറിച്ചു; സ്വര്‍ണം പൂശല്‍ അനുമതിരേഖകളിലെ വൈരുദ്ധ്യങ്ങളും തിരുത്തലുകളും ദുരൂഹം. സ്വര്‍ണം പൂശല്‍ ഏജന്‍സിയുമായി മന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തി; ആദ്യം പോറ്റി അപേക്ഷ നല്‍കിയത് മന്ത്രിക്കോ? കടകംപള്ളിയും അന്വേഷണ പരിധിയില്‍

Update: 2025-11-23 02:52 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് അന്വേഷണം എത്തും. കടകംപള്ളിയെ ചോദ്യം ചെയ്യും. മുന്‍മന്ത്രിയെ ചോദ്യംചെയ്യാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്ന നിലപാടില്‍ പ്രത്യേകാന്വേഷണസംഘം (എസ്.ഐ.ടി) എത്തിയിട്ടുണ്ട്. കേസിന് ആസ്പദമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ ദേവസ്വം മന്ത്രിയായിരുന്നു കടകംപള്ളി. സ്വര്‍ണം പൂശലുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ മന്ത്രിക്കു മുന്നില്‍ എത്തിയിരുന്നെന്ന് എസ്.ഐ.ടി. കണ്ടെത്തിയതായാണ് സൂചന. മുന്‍ ദേവസ്വം പ്രസിഡന്റ് എ പത്മകുമാറും സമാന മൊഴി നല്‍കിയിട്ടുണ്ട്.

ചെലവുകളും കണക്കുകളും പരിശോധിക്കാതെ, 'ഗോ എഹെഡ്' (മുന്നോട്ടുപോകാം) എന്ന് മന്ത്രിതന്നെ ദേവസ്വം ഫയലുകളില്‍ കുറിച്ചതു സംശയാസ്പദമാണ്. സ്വര്‍ണം പൂശല്‍ അനുമതിരേഖകളിലെ വൈരുദ്ധ്യങ്ങളും തിരുത്തലുകളും എസ്.ഐ.ടി. വിശദമായി വിലയിരുത്തി. സ്വര്‍ണം പൂശല്‍ ഏജന്‍സിയുമായി മന്ത്രിയുടെ ഓഫീസ് ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഏജന്‍സിയെ തെരഞ്ഞെടുത്തതു മുതല്‍ കരാര്‍ ഉറപ്പിക്കുന്നതുവരെ ഓരോ ഘട്ടത്തിലും അസാധാരണവേഗത്തില്‍ ഫയല്‍ നീക്കം നടന്നു. എസ്.ഐ.ടി. പരിശോധിച്ച ഫയലുകളില്‍ ഒരേകാര്യത്തിന് രണ്ട് വ്യത്യസ്ത നിര്‍ദേശങ്ങള്‍ കണ്ടെത്തിയതായും സൂചനയുണ്ട്. തീയതികളില്‍ അസാധാരണ മാറ്റങ്ങളുണ്ട്. ചില പേജുകളില്‍ ഒപ്പിന്റെ സ്ഥാനം മാറിയിട്ടുണ്ട്. ഇതെല്ലാം ദുരൂഹമാണ്.

ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി കടകംപള്ളി സുരേന്ദ്രനു ബന്ധമുണ്ട് എന്നതിനു തന്റെ കൈയില്‍ തെളിവുണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപിച്ചു. 'ആദ്യം പോറ്റി അപേക്ഷ നല്‍കിയത് കടകംപള്ളി സുരേന്ദ്രനാണെന്നു രണ്ടു ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ പറഞ്ഞല്ലോ. കടകംപള്ളി സുരേന്ദ്രനില്‍നിന്നാണ് ഘോഷയാത്ര തുടങ്ങേണ്ടത്'-സതീശന്‍ പറഞ്ഞു. സതീശന്‍ രേഖകള്‍ പുറത്തു വിടുമോ എന്ന ആശങ്ക പ്രത്യേക അന്വേഷണ സംഘത്തിനുമുണ്ട്. പത്മുകാറിന്റെ കൈയ്യിലും രേഖയുണ്ടെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ കൂടിയാണ് കടകംപള്ളിയ്ക്ക് കുരുക്ക് മുറുകുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പത്മകുമാര്‍ വിദേശ യാത്ര നടത്തിയതായും സൂചനയുണ്ട്. ഇതുറപ്പിക്കാന്‍ പത്മകുമാറിന്റെ പാസ്‌പോര്‍ട്ടും പിടിച്ചെടുത്തു. പോറ്റിയുടെ യാത്രാ രേഖകളുമായി ഇവ പരിശോധിക്കും.

ശ്രീകോവില്‍ വാതില്‍ക്കട്ടിളയിലെ പാളികള്‍ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ പക്കല്‍ കൊടുത്തുവിടാനുള്ള തീരുമാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റേതു മാത്രമായിരുന്നെന്ന് അന്നത്തെ ബോര്‍ഡ് അംഗങ്ങള്‍ എസ്.ഐ.ടിക്കു മൊഴി നല്‍കിയതായും സൂചനയുണ്ട്. തീരുമാനത്തില്‍ തങ്ങള്‍ക്കു പങ്കില്ലായിരുന്നെന്നാണ് ബോര്‍ഡ് അംഗങ്ങളായിരുന്ന കെ.പി. ശങ്കരദാസും എന്‍. വിജയകുമാറും മൊഴി നല്‍കിയത്. തീരുമാനം ബോര്‍ഡ് യോഗത്തിന്റെ മിനിട്സില്‍ എങ്ങനെ കടന്നുകൂടിയെന്നറിയില്ല. പോറ്റിയുടെ അപേക്ഷ ബോര്‍ഡിനു മുന്നില്‍ വന്നിരുന്നു. വിശദമായി ചര്‍ച്ചചെയ്ത് പിന്നീട് തീരുമാനിക്കാമെന്ന നിലപാടാണു തങ്ങള്‍ സ്വീകരിച്ചതെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു. ഇത് പത്മകുമാറിന് എതിരാണ്. രണ്ടു പേരും മാപ്പു സാക്ഷികളാകാന്‍ സന്നദ്ധരുമാണ്.

എന്നാല്‍, ബോര്‍ഡിന്റെ കൂട്ടായ തീരുമാനമല്ലായിരുന്നെങ്കില്‍, അതറിഞ്ഞപ്പോള്‍ അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായി രേഖയില്ല. ഇതും ദുരൂഹമായി തുടരുന്നു.

Tags:    

Similar News