കുളനട കടലിക്കുന്നില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞു തൊഴിലാളി മരിച്ച സംഭവം: നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലേക്ക് ചെന്ന എസ്ഐ മദ്യപിച്ചുവെന്ന് ആരോപണം; ഓട്ടോ പിടിച്ച് സ്ഥലം വിട്ട എസ്ഐയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ പോലീസ് മേധാവി

നാട്ടുകാരുടെ പ്രതിഷേധത്തിനിടയിലേക്ക് ചെന്ന എസ്ഐ മദ്യപിച്ചുവെന്ന് ആരോപണം

Update: 2025-04-20 15:16 GMT

പന്തളം: കുളനട പൈവഴിക്ക് സമീപം കടലിക്കുന്നില്‍ മണ്ണുമാന്തി യന്ത്രം മറിഞ്ഞ് ഡ്രൈവര്‍ മരിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പ്രതിഷേധത്തിന് ഇടയിലേക്ക് കടന്നു ചെന്ന എസ്ഐ മദ്യലഹരിയില്‍ നിന്നെന്ന് ആരോപണം. ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് മുങ്ങിയ എസ്ഐക്കെതിരേ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയെ ചുമതലപ്പെടുത്തി. ഇലവുംതിട്ട സ്റ്റേഷനിലെ എസ്.ഐ പന്തളം സ്വദേശി അനില്‍കുമാറിനെതിരേയാണ് അന്വേഷണം.

ഞായറാഴ്ച വൈകിട്ട് മൂന്നു മണിയോടെയുണ്ടായ അപകടത്തില്‍ മറിഞ്ഞ ഹിറ്റാച്ചിക്ക് അടിയില്‍പ്പെട്ട് ബീഹാര്‍ ബാഗന്‍പൂര് ബാബന്‍ഗാമ സ്വദേശി സൂരജ് കുമാര്‍ ഷാ(25) ആണ് മരിച്ചത്. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സഹായി പശ്ചിമ ബംഗാള്‍ സ്വദേശി ശബരിക്ക് പരുക്കേറ്റു. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം മറിഞ്ഞതും ഡ്രൈവര്‍ മരിച്ചതും ആദ്യം കണ്ടത് തൊട്ടടുത്ത് തന്നെ പന്തല്‍ കെട്ടി മണ്ണെടുപ്പിനെതിരേ സമരം ചെയ്യുന്ന കടലിക്കുന്ന് സംരക്ഷണ സമിതി പ്രവര്‍ത്തകരാണ്. ഇവര്‍ വിവരം പോലീസിനെ അറിയിച്ചു. ചെങ്ങന്നൂരില്‍ നിന്ന് വന്ന ഫയര്‍ഫോഴ്സും ഇലവുംതിട്ട പോലീസും ചേര്‍ന്ന് മൃതദേഹം കോഴഞ്ചേരി ജില്ലാശുപത്രിയിലേക്ക് മാറ്റി.

ഇതിന് പിന്നാലെ നാട്ടുകാര്‍ സ്ഥലത്ത് പ്രതിഷേധം തുടങ്ങി. സ്ഥലത്ത് വന്ന ഡെപ്യൂട്ടി കലക്ടര്‍ രാജലക്ഷ്മി, ഇലവുംതിട്ട പോലീസ് എന്നിവരെ പ്രതിഷേധക്കാര്‍ തടഞ്ഞു വച്ചു. ഇതിനിടെയാണ് ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ നിന്ന് വന്ന എസ്ഐ അനില്‍കുമാര്‍ സ്ത്രീകള്‍ അടക്കമുള്ള നാട്ടുകാരോട് തട്ടിക്കയറിയത്. ഇയാള്‍ സ്ത്രീകളെ അടക്കം അസഭ്യം പറഞ്ഞുവെന്നും പറയുന്നു. അടുത്തേക്ക് വന്ന ഉദ്യോഗസ്ഥനില്‍ നിന്ന് രൂക്ഷമായ മദ്യഗന്ധം ഉയര്‍ന്നുവെന്ന് സമരക്കാര്‍ പറഞ്ഞു. ഇയാള്‍ക്ക് കാലുകള്‍ നിലത്തുറയ്ക്കുന്നില്ലെന്ന് സമരക്കാര്‍ ചൂണ്ടിക്കാണിച്ചു. ഇതോടെ ഇയാള്‍ ഇവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു. കുന്നു കയറി ഇറങ്ങി ഓടി ഒരു ഓട്ടോറിക്ഷയില്‍ കയറി ഇയാള്‍ രക്ഷപ്പെട്ടു.

എസ്.ഐ മദ്യപിച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെ ഇയാളെ രക്ഷപ്പെടുത്താനുള്ള ശ്രമമാണ് സഹപ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുമുണ്ടായത്. സംഘര്‍ഷ സാഹചര്യം കണ്ട് എസ്.ഐയ്ക്ക് പ്രഷര്‍ കൂടിയെന്നും ചികില്‍സ തേടി ആശുപത്രിയിലേക്ക് പോയി എന്നുമാണ് ഇവര്‍ പറയുന്നത്. എന്നാല്‍, ഇയാള്‍ ഏതെങ്കിലും ആശുപത്രിയില്‍ ചെന്നതായി വിവരമില്ല. മൊബൈല്‍ഫോണും ഓഫായിരുന്നു. വിവരം രഹസ്യാന്വേഷണ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അന്വേഷണത്തിന് എസ്.പി ഉത്തരവിടുകയായിരുന്നു. സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പിയോടാണ് എസ്.പി റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്.

വൈകിട്ട് മൂന്നരയ്ക്ക് ആരംഭിച്ച സമരം മണിക്കൂറുകളോളം നീണ്ടു നിന്നു. ജില്ല ഭരണ കൂടവും പോലീസും നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രദേശത്തെ മണ്ണെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കാല്‍ തീരുമാനിച്ചു. ഡെപ്യൂട്ടി കലക്ടര്‍ രാജലക്ഷ്മി, പത്തനംതിട്ട ഡിവൈ.എസ്.പി എസ്. നന്ദകുമാര്‍, ഇലവുംതിട്ട എസ്.എച്ച്.ഓ. ടി.കെ. വിനോദ് കൃഷ്ണര്‍ എന്നിവരാണ് സമരക്കാരുമായി ചര്‍ച്ച നടത്തിയത്. ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയ ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു.

സമരസമിതിയെ പ്രതിനിധീകരിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. എസ്. അനീഷ് മോന്‍, അംഗം പോള്‍ രാജന്‍, കുളനട ഗ്രാമപഞ്ചായത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രന്‍, വാര്‍ഡ് അംഗം എം. എസ്. സന്തോഷ് കുമാര്‍, സമര സമിതി നേതാവും സാമൂഹിക പ്രവര്‍ത്തകനുമായ പന്തളം ശശി എന്നിവരാണ് ചര്‍ച്ച നടത്തിയത്. പകല്‍ 3 30 മുതല്‍ നടന്ന പ്രതിഷേധം മണിക്കൂറുകളോളം നീണ്ടുനിന്നു. പ്രതിഷേധക്കാര്‍ തടഞ്ഞിട്ട ടോറസുകള്‍ വൈകിട്ടോടെ വിട്ടയച്ചു.

അതേ സമയം, മണ്ണെടുപ്പ് ഒരു കാരണവശാലും തടയാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ദേശീയപാത നിര്‍മാണത്തിന് വേണ്ടിയാണ് മണ്ണെടുക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ മണ്ണെടുപ്പിന് അനുമതി നല്‍കിയിരിക്കുന്നത്. നിയമപരമായ രീതിയില്‍ നടക്കുന്ന മണ്ണെടുപ്പായതിനാല്‍ തടയാനോ നിര്‍ത്തി വയ്ക്കാനോ കഴിയില്ല.

Tags:    

Similar News