കേരളത്തിലും ഹമാസിസമോ? ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധ ഭീഷണിയെ തുടര്‍ന്ന് കോഴിക്കോട്ടെ കലാസാഹിത്യോത്സവത്തില്‍ നിന്ന് തന്നെ ഒഴിവാക്കിയതിന് എതിരെ ദളിത് ചിന്തകനായ കാഞ്ച ഐലയ്യ; പ്രതിഷേധക്കാരെ ചൊടിപ്പിച്ചത് ഐലയ്യ എഴുതിയ ഇസ്രയേല്‍ അനുകൂല ലേഖനം

കേരളത്തിലും ഹമാസിസമോ?

Update: 2024-11-05 18:02 GMT

കോഴിക്കോട്: ഫലസ്തീന്‍ അനുകൂല ഗ്രൂപ്പുകളുടെ പ്രതിഷേധ ഭീഷണിയെ തുടര്‍ന്ന് ദളിത് ചിന്തകനും സാമൂഹ്യ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ കാഞ്ച ഐലയ്യയുടെ കേരളത്തിലെ പ്രഭാഷണം റദ്ദാക്കിയതായി റിപ്പോര്‍ട്ട്. ദി ന്യൂസ് മിനിറ്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

മലയാള മനോരമ കോഴിക്കോട്ട് സംഘടിപ്പിച്ച കലാസാഹിത്യോത്സവമായ ഹോര്‍ത്തൂസില്‍ നവംബര്‍ രണ്ടിനാണ് കാഞ്ച ഐലയ്യ പ്രഭാഷണം നടത്തേണ്ടിയിരുന്നത്. എന്നാല്‍, ഒക്ടോബര്‍ 29 ന് സംഘാടകര്‍ ഫലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധ ഭീഷണിയെ കുറിച്ച് അദ്ദേഹത്തെ ധരിപ്പിച്ചു. ഇസ്രയേല്‍-ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച് കാഞ്ച ഐലയ്യ സമീപകാലത്ത് എഴുതിയ വിവാദ ലേഖനമാകാം പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചതെന്നും സംഘാടകര്‍ അറിയിച്ചു.

കാഞ്ച ഐലയ്യ അതിന് മറുപടിയായി സംഘാടകര്‍ക്ക് അയച്ച ഇ മെയിലില്‍ പറയുന്നത് ഇങ്ങനെ: ' ഒരു പക്ഷേ കേരളത്തില്‍ വേരൂന്നുന്ന അത്തരം ഹമാസിസത്തിന് എതിരെ നിലപാട് സ്വീകരിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വമായിരുന്നു'.

'തങ്ങള്‍ക്ക് വിയോജിപ്പുള്ള എഴുത്തുകാരെ ഭയപ്പെടുത്തുകയും, സുപ്രധാനമായ ദേശീയ കലാസാഹിത്യോത്സവത്തെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് ഇന്ത്യയിലെയും ലോകത്തെ തന്നെയും അഭിപ്രായ സ്വാതന്ത്ര്യത്തിന് വന്‍ഭീഷണിയാണ്. അത് കേരളത്തിലെ മുസ്ലീങ്ങളാണ് ചെയ്യുന്നതെങ്കില്‍ അത് ഇന്ത്യയ്ക്ക് ഉയര്‍ത്തുന്ന ഭീഷണി വലുതാണ്,' കാഞ്ച ഐലയ്യ പ്രതികരിച്ചു.

കാഞ്ച ഐലയ്യ സമീപകാലത്ത് എഴുതിയ തെലുഗു ലേഖനത്തില്‍ ഇസ്രയേലിനെ രാജ്യമായി അംഗീകരിക്കാത്ത ഫലസ്തീനെയും ഇറാനെയും വിമര്‍ശിച്ചിരുന്നു. മതം മാത്രം ലക്ഷ്യമാക്കി നീങ്ങുന്ന ഫലസ്തീന്‍ പട്ടിണിയിലേക്ക് വഴുതി വീണപ്പോള്‍ ജൂതന്മാര്‍ ഇസ്രയേലിനെ വികസിത രാജ്യമാക്കി മാറ്റിയെന്നും അദ്ദേഹം ലേഖനത്തില്‍ എഴുതി.

കാഞ്ച ഐലയ്യയുടെ ലേഖനത്തിന്റെ സ്വരം ഇസ്ലാമോഫോബിക് ആണെന്നും ഫലസ്തീനില്‍ നടക്കുന്ന കൂട്ടക്കുരുതിക്ക് നേരേ ഐലയ്യ കണ്ണടയ്ക്കുകയാണെന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതേസമയം, തന്റെ ബ്ലോഗിലൂടെയാണ് ഐലയ്യ താനും സംഘാടകരും തമ്മിലുള്ള ഇ മെയില്‍ ആശയവിനിമയം പുറത്തറിയിച്ചത്.

'ഇത്തരത്തിലുള്ള അസഹിഷ്ണുതയെ താന്‍ അപലപിക്കുന്നതായും അത് അനുവദിച്ചുകൊടുത്താല്‍, ജനാധിപത്യം തന്നെ അപകടത്തിലാകുമെന്നും' ഒക്ടോബര്‍ 30 ന് പുറത്തിറക്കിയ പ്രസ്താവനയില്‍ ഐലയ്യ പറഞ്ഞിരുന്നു. കാഞ്ച ഐലയ്യയ്‌ക്കെതിരെ പ്രതിഷേധത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ വിവരം ധരിപ്പിച്ചതെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ എന്‍ എസ് മാധവന്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍, ഏതുസംഘടനയാണ് ഫെസ്റ്റിവല്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് സംഘാടകര്‍ വെളിപ്പെടുത്തണമായിരുന്നു എന്നാണ് കാഞ്ച ഐലയ്യ പ്രതികരിച്ചത്.

Tags:    

Similar News