പിതാവ് നേരത്തെ മരിച്ചു; അമ്മ ഒപ്പമില്ല; ദമ്പതികള്‍ക്ക് ഒപ്പമെത്തിയത് മാസങ്ങള്‍ക്ക് മുമ്പ്; തന്നോട് സ്‌നേഹം കുറവായിരുന്നു എന്ന് പെണ്‍കുട്ടിയുടെ മൊഴി; ഏഴാം ക്ലാസുകാരിയെ കുടുക്കിയത് രക്ഷിതാക്കള്‍ക്ക് തോന്നിയ സംശയം; കിണറ്റിലെറിഞ്ഞത് ഉറങ്ങിക്കിടന്ന കുഞ്ഞിനെ
ഏഴാം ക്ലാസുകാരിയെ കുടുക്കിയത് രക്ഷിതാക്കള്‍ക്ക് തോന്നിയ സംശയം
കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതികളുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലിട്ട് കൊലപ്പെടുത്തിയ സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പോലീസ്. കുടുംബത്തില്‍ നിന്ന് തനിക്ക് ലഭിക്കുന്ന സ്നേഹം കുറയുമെന്ന ഭയത്താലാണ് ബന്ധുവായ 12-കാരി കുഞ്ഞിനെ കൊന്നതെന്ന് വളപട്ടണം പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) കാര്‍ത്തിക് പറഞ്ഞു. ബന്ധുവായ 12-കാരിയെ സംശയമുള്ളതായി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
'കൃത്യം ചെയ്തത് പുറത്തുനിന്നുള്ള ആളല്ല എന്ന് ഉറപ്പായിരുന്നു. മരിച്ച നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ അച്ഛനും അമ്മയ്ക്കും ബന്ധുവായ 12-കാരിയെ സംശയമുണ്ടായിരുന്നു. 12 വയസുള്ള കുട്ടിക്ക് അസൂയ ഉണ്ടായി. തനിക്ക് കിട്ടേണ്ട സ്നേഹം ഇല്ലാതായി പോകുമെന്ന് കുട്ടിക്ക് ആശങ്കയുണ്ടായി. കുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.' -എസ്എച്ച്ഒ പറഞ്ഞു.
കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പന്ത്രണ്ടുകാരിയിലേക്ക് പൊലീസ് എത്തിയത് രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലായിരുന്നു. മരിച്ച കുട്ടിയുടെ പിതാവിനും മാതാവിനും ഉണ്ടായ ചില സംശയങ്ങളാണ് അന്വേഷണം വഴിതിരിച്ചുവിട്ടതെന്ന് വളപ്പട്ടണം എസ്എച്ച്ഒ ബി. കാര്‍ത്തിക് പറഞ്ഞു. രാത്രി ഉറങ്ങുന്നതിനു മുന്‍പ് വാതില്‍ അകത്ത് നിന്നും പൂട്ടിയിരുന്നു. പുറത്തുനിന്ന് ആര്‍ക്കും അകത്തേക്ക് കയറാനാകില്ലെന്നും മുത്തുവും ഭാര്യയും ഉറപ്പിച്ചു പറഞ്ഞു. ഇതോടെയാണ് അതുവരെ പൊലീസിനു യാതൊരു സംശയവും തോന്നാതിരുന്ന പെണ്‍കുട്ടിയിലേക്ക് അന്വേഷണം വിരല്‍ചൂണ്ടിയത്.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പിടിച്ചുനില്‍ക്കാന്‍ പെണ്‍കുട്ടിക്ക് സാധിച്ചില്ല. ഇന്നലെ രാത്രി 11 മണിയോടെയാണ് 4 മാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ കിടക്കുന്നു എന്ന വിവരം കിട്ടിയതെന്ന് എസ്എച്ച്ഒ കാര്‍ത്തിക് പറഞ്ഞു. പിന്നാലെ അന്വേഷണ സംഘത്തെ സംഭവം നടന്ന വീട്ടിലേക്ക് അയച്ചു. പ്രാഥമിക അന്വേഷണം അപ്പോള്‍ തന്നെ ആരംഭിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ നടന്നത് കൊലപാതകമാണെന്ന് മനസിലായി. ഏഴാം ക്ലാസിലാണ് പ്രതിയായ കുട്ടി പഠിക്കുന്നത്. കുട്ടി ഇന്നലെയും ഇന്നും പറഞ്ഞ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. മൊഴികള്‍ കൃത്യമായി പരിശോധിക്കുമെന്നും കാര്‍ത്തിക് പറഞ്ഞു.
മാതാപിതാക്കള്‍ക്ക് ചെറിയ കുഞ്ഞിനോട് സ്‌നേഹം കൂടിയതു കാരണമുണ്ടായ വൈരാഗ്യം തന്നെയാണ് കൊലപാതകത്തിനു പിന്നിലെ കാരണം. തന്നോട് സ്‌നേഹം കുറവായിരുന്നു എന്ന് പെണ്‍കുട്ടി മൊഴി നല്‍കി. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ പെണ്‍കുട്ടിയെ ഹാജരാക്കും. പ്രതിയായ കുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മ കുട്ടിയോട് ഒപ്പമില്ല. പിതാവ് മരിച്ച ശേഷം മാസങ്ങള്‍ക്ക് മുന്‍പാണ് കുട്ടി മുത്തുവിനും ഭാര്യയ്ക്കും ഒപ്പം എത്തിയതെന്നും കാര്‍ത്തിക് പറഞ്ഞു.
ഇവരുടെ ജീവിതത്തിലേക്ക് പുതിയ കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്‌നേഹം കുറയുമോയെന്ന് പന്ത്രണ്ടുകാരി ഭയന്നു. സ്‌നേഹം കുറഞ്ഞുപോയതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് വഴിയൊരുക്കിയത്.
തമിഴ് ദമ്പതികള്‍ക്ക് അരികെയാണ് 4 മാസം പ്രായമായ കുഞ്ഞ് ഇന്നലെ രാത്രി കിടന്നിരുന്നത്. ഇടയ്ക്ക് കുഞ്ഞിനെ കാണാതാവുകയായിരുന്നു. താന്‍ മൂത്രം ഒഴിക്കാന്‍ വേണ്ടി ഉണര്‍ന്നപ്പോള്‍ കുഞ്ഞ് ഉറങ്ങുന്നത് കണ്ടിരുന്നതായാണ് പന്ത്രണ്ടുകാരി ആദ്യം പൊലീസിനു നല്‍കിയ മൊഴി. തിരികെ വന്നപ്പോള്‍ കുഞ്ഞിനെ അവിടെ കണ്ടില്ലെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.
കുഞ്ഞിനെ കാണാതായതിനു പിന്നാലെ മുത്തുവും ഭാര്യയും സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളെ വിളിച്ചു കൂട്ടി. പൊന്ത കാടുകളില്‍ ഉള്‍പ്പെടെ കുഞ്ഞിനായി പരിശോധന നടന്നു. ഇതിനിടെ ഒരാള്‍ കിണറ്റിലേക്ക് നോക്കിയപ്പോഴാണ് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന കുഞ്ഞിനെ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പോലീസ് സ്ഥലത്തെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. രാത്രി ഒമ്പതരയോടെ താന്‍ ശൗചാലയത്തില്‍ പോയി തിരികെ വരുമ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നുവെന്നാണ് ബന്ധുവായ 12-കാരി ആദ്യം പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഈ മൊഴിയില്‍ അസ്വാഭാവികതയുള്ളതായി പോലീസ് സംശയിച്ചു. പിന്നീട് കുട്ടിയോട് വിശദമായി സംസാരിച്ചപ്പോഴാണ് കൊലപാതകവിവരം പുറത്തുവന്നത്.
തമിഴ്നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് ദീര്‍ഘകാലത്തെ കാത്തിരിപ്പിന് ശേഷം പിറന്ന കുഞ്ഞാണ് മരിച്ചത്. പിതാവ് മരിച്ചതിന് ശേഷം ഈ ദമ്പതിമാര്‍ക്കൊപ്പമാണ് ബന്ധുവായ 12-കാരിയായ പെണ്‍കുട്ടി ഒന്നരവര്‍ഷമായി താമസിച്ചിരുന്നത്. ഇക്കാലയളവില്‍ തനിക്ക് ലഭിച്ചിരുന്ന സ്നേഹം കഴിഞ്ഞ നാല് മാസമായി പുതിയ കുഞ്ഞിനാണ് കിട്ടുന്നത് എന്നതാണ് കുട്ടിയെ ഇത്തരമൊരു ദാരുണമായ കൃത്യത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.
കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംലം സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു. വളപട്ടണം എസ്.എച്ച്.ഒയുടെ ചുമതലയുള്ള ബി. കാര്‍ത്തിക്ക് ഐ.പി എസാണ് കേസ് അന്വേഷണം നടത്തിയത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.