കുടുംബത്തിന്റെ ഏക അത്താണി, കഷ്ടപാടുകള്‍ മറച്ചുവെച്ചും അഭിനയിക്കാന്‍ പോകും, സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ട്; മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഭര്‍ത്താവിനെ ഏല്‍പ്പിച്ച് നാടകത്തിന് പോയതാണ്; തിരിച്ചെത്തിയില്ല; അഞ്ജലിയുടെ അപകടമരണത്തില്‍ ഞെട്ടി നാട്ടുകാര്‍

Update: 2024-11-15 09:42 GMT

കണ്ണൂര്‍: കണ്ണൂരില്‍ നടന്ന ദുരന്തകരമായ വാഹനാപകടത്തില്‍ മരിച്ച അഞ്ജലി കെപിഎസി, കൊല്ലം അസീസി പോലുള്ള നാടക സംഘങ്ങള്‍ അഭിനയിച്ച് മികവ് കാട്ടിയ നടിയാണ്. നാടക നടനായ ഉല്ലാസിന്റെ വിവാഹത്തിന് ശേഷം മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഞ്ജലി ദേവ കമ്മ്യൂണിക്കേഷനില്‍ ചേര്‍ന്നത്. നാടകത്തിനായി മൂന്ന് വയസ്സുള്ള കുഞ്ഞിനെ ഭര്‍ത്താവിന്റെ പരിചരണത്തില്‍ വിട്ട് യാത്രയായിരിക്കുമ്പോഴായിരുന്നു അപകടം. സംഭവത്തെക്കുറിച്ചുള്ള വാര്‍ത്ത അറിഞ്ഞ് ഭര്‍ത്താവും കുടുംബവും കണ്ണൂര്‍ക്ക് മടങ്ങി. കണ്ണൂര്‍ മലയാംപടിയിലാണ് നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേര്‍ മരിച്ചത്.

ഉല്ലാസിനെ വിവാഹം കഴിച്ചതിന് ശേഷമാണ് അഞ്ജലി കയംകുളത്ത് എത്തുന്നത്. ഉല്ലാസുമായി കെപിസിസിയില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുമുണ്ട്. കുടുംബത്തിന്റെ അത്താണിയായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുടുംബമാണ്. ഇതെല്ലാം അതിജീവിച്ചാണ് അഞ്ജലി അഭിനയിക്കുന്നതെന്ന് പഞ്ചായത്തംഗം പറഞ്ഞു.

അതേസമയം, അപകടത്തിന് കാരണം ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള യാത്രയാണെന്ന് നാട്ടുകാര്‍ പറയുന്നു. മാപ്പില്‍ കാണിച്ച എളുപ്പ വഴിയിലുടെയാണ് ബസ് പോയത്. വലിയ ബസ്സുകള്‍ക്ക് പോകാന്‍ സാധിക്കാത്ത ഇടുങ്ങിയ വഴിയാണ് മലയാം പടിയിലേത്. കുത്തനെ ഇറക്കവും വളവുകളും ഉണ്ട്. ഗൂഗിള്‍ മാപ്പിന്റെ നിര്‍ദ്ദേശം അനുസരിച്ച് ഇടുങ്ങിയ വഴിയിലൂടെ യാത്ര ചെയ്തതാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറയുന്നു.

അപകടത്തില്‍ രണ്ട് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹന്‍ എന്നിവരാണ് മരിച്ചത്. ഇരുവരും നാടക സംഘത്തിലെ പ്രധാന നടിമാരാണ്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാര്‍, ബിന്ദു, കല്ലുവാതുക്കല്‍ സ്വദേശി ചെല്ലപ്പന്‍, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കല്‍ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.

Tags:    

Similar News