'ബൈത്തു സകാത്തില്‍ ആരും പെട്ടുപോവരുത്; നിസ്‌കാരവും നോമ്പും എല്ലാം തെറ്റിച്ചവരാണ് അവര്‍': മെക് സെവനു പിന്നാലെ ജമാഅത്തെ ഇസ്ലാമിയെ വീണ്ടും വിമര്‍ശിച്ച് കാന്തപുരം; നേരത്തെ സമസ്തയും മുന്നോട്ടുവെച്ചത് സമാന അഭിപ്രായം; കോടികള്‍ മറിയുന്ന സംഘടിത സകാത് പ്രതിക്കൂട്ടിലാവുമ്പോള്‍
സംഘടിത സകാത് പ്രതിക്കൂട്ടിലാവുമ്പോള്‍
കോഴിക്കോട്: മെക് സെവന്‍ എന്ന വ്യായാമമുറയുമായി ബന്ധപ്പെട്ട് ഏറ്റുമുട്ടിയതിന് പിന്നാലെ, ജമാഅത്തെ ഇസ്ലാമിയും കാന്തപുരം എ പി വിഭാഗവും വീണ്ടും നേര്‍ക്കുനേര്‍. കോടികള്‍ വരുമാനമുള്ള ജമാഅത്തെ ഇസ്ലാമിയുടെ സംഘടിത സകാതായ ബൈത്തു സകാത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ നടത്തിയത്.
'ബൈത്തു സകാത്തിന്റെ കമ്പനിയെ ആരും വിശ്വസിക്കരുത്. അതില്‍ ആരും പെട്ടുപോകരുത്. ഇപ്പോള്‍ സംഘടിത സകാത്തുമായി ഒരു കൂട്ടര്‍ വരികയാണ്. നിസ്‌കാരവും നോമ്പും എല്ലാം തെറ്റിച്ചവരാണ് അവര്‍''- കാന്തപുരം പറഞ്ഞു. അവസാനം സകാത്ത് എന്ന സല്‍കര്‍മ്മം മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. അത് കൂടി നശിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ ചില കുതന്ത്രങ്ങള്‍ കാണിച്ച് സാധുക്കളെ കബളിപ്പിച്ച് സംഘടിത സക്കാത്ത് കൊണ്ടുവരികയാണ്. അവര്‍ മുതലാളിമാരെ കബളിപ്പിച്ചാണ് സംഘടിത സകാത്ത് നടപ്പാക്കാന്‍ പോകുന്നത്. ആ സംഖ്യ മറ്റു മാര്‍ഗത്തിലേക്ക് ചെലവഴിക്കാനാണ് അവര്‍ നീക്കം നടത്തുന്നതെന്നും കാന്തപുരം പറഞ്ഞു.
നേരത്തെ മെക് സെവന്‍ എന്ന വ്യായാമ മുറ ജമാഅത്തെ ഇസ്ലാമിയുടെ ഹിഡണ്‍ അജണ്ടയാണെന്ന് കാന്തപുരം വിഭാഗം ആരോപിച്ചിരുന്നു. സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്ന് ചെയ്യുന്ന ഒരു വ്യായാമവും അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്.
രൂക്ഷവിമര്‍ശനവുമായി സമസ്തയും
നേരത്തെ ബൈത്തുല്‍ സക്കാത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്തയും രംഗത്ത് എത്തിയിരുന്നു. ബൈത്തുല്‍ സകാത്ത് പദ്ധതിയിലൂടെ ജമാഅത്തെ ഇസ്ലാമി ആരാധനയെ കളങ്കപ്പെടുത്തുന്നുവെന്നും, സംഘടിതമായി സകാത്ത് പിരിക്കുന്നത് ഇസ്ലാമിക വിരുദ്ധമാണെന്നും സമസ്ത മുഖപത്രമായ സുപ്രഭാതം ഈയിടെ വിമര്‍ശിച്ചിരുന്നു. ജമാഅത്തെ ഇസ്ലാമിയുടെ സകാത്ത് കമ്മിറ്റികളുടെ ഉദ്ഘാടനത്തില്‍ ലീഗ് നേതാക്കള്‍ പങ്കെടുക്കുന്നതില്‍ സമസ്ത നേതാക്കള്‍ അതൃപ്തിയും രേഖപ്പെടുത്തിയിരുന്നു.
കേവലമൊരു ചാരിറ്റി പ്രവര്‍ത്തനമാണ് സകാത്തെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് ജമാഅത്തെ ഇസ്ലാമി ഉള്‍പ്പെടെയുള്ള പലരുടേയും ബൈത്തുല്‍ സകാത്തുകളും സകാത്ത് കമ്മിറ്റികളും. എട്ട് വിഭാഗം ആളുകളാണ് സകാത്ത് വാങ്ങാന്‍ അര്‍ഹര്‍. എന്നാല്‍ ഖുര്‍ആനിന്റെ കല്‍പ്പനകള്‍ക്ക് വിരുദ്ധമായി വിശ്വാസികളുടെ സകാത്ത് വകമാറ്റി ചെലവഴിക്കാനാണ് മതത്തിനകത്തെ പുത്തന്‍ പ്രസ്ഥാനക്കാര്‍ ശ്രമിക്കുന്നത്. സകാത്ത് കേവലമൊരു ചാരിറ്റി പ്രവര്‍ത്തനമാണെന്ന് തെറ്റിദ്ധരിച്ച ജമാ അത്ത് കേന്ദ്രങ്ങള്‍ ബൈത്തുല്‍ സകാത്ത്, ബൈത്തുല്‍ മാല്‍, സകാത്ത് കമ്മിറ്റി എന്നിവ സ്ഥാപിച്ച് 'ശാസ്ത്രീയ വിതരണം' എന്ന ഓമനപ്പേരിട്ട് ആരാധനയെ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും സുപ്രഭാതത്തില്‍ വിമര്‍ശിച്ചു.
വിശ്വാസികളുടെ സകാത്ത് സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണമെന്ന് സ്വന്തം ഭരണഘടനയില്‍ എഴുതിവെച്ചവരാണ് ജമാഅത്തുകാര്‍. പട്ടിണിപ്പാവങ്ങളുടെ കഞ്ഞിക്കലത്തില്‍ കൈയിട്ടുവാരാനുള്ള ആസൂത്രിത ശ്രമങ്ങളാണ് ജമാഅത്തെ ഇസ്ലാമി ഇവിടെ പയറ്റുന്നതെന്നും സുപ്രഭാതം വിമര്‍ശിക്കുന്നു. ഇപ്പോള്‍ കാന്തപുരം എ പി വിഭാഗവും രംഗത്ത് എത്തിയതതോടെ ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമി ഒറ്റപ്പെട്ടിരിക്കയാണ്.
എന്താണ് ബൈത്തുസകാത്ത്?
എന്നാല്‍ ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇക്കാര്യമെല്ലാം നിഷേധിക്കയാണ്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഏറ്റവും സിസ്റ്റമാറ്റിക്കായ സംവിധാനമാണ് ഇത് എന്നാണ് അവര്‍ പറയുക. സമ്പത്തിന്റെ ശാസ്ത്രീയമായ വിതരണത്തിലൂടെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജമാണ് ഇതിന്റെ ലക്ഷ്യമെന്നാണ് ഇവര്‍ പറയുക. കേരളത്തിലുടനീളം സകാത്ത് പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെച്ച് ജമാഅത്തെ ഇസ്ലാമി അമീറായിരുന്ന, പ്രൊ. കെ എ സിദ്ദീഖ് സഹന്റെ നേതൃത്വത്തില്‍ 2000ത്തിലാണ് ബൈത്തുസകാത്ത് കേരള ആരംഭിച്ചത്. പുതുതായി വീടുകള്‍ നിര്‍മ്മിച്ചുകൊടുക്കുക, അറ്റകുറ്റപ്പണി നടത്തിക്കൊടുക്കുക, തൊഴില്‍ സഹായം, 300 പേര്‍ക്ക് ചികിത്സാസഹായം, പഠന സഹായം, കുടിവെള്ള പദ്ധതി, പെന്‍ഷന്‍ പദ്ധതി, കടബാധ്യത തീര്‍ക്കാന്‍ സഹായം എന്നിങ്ങനെ നിരവധി പദ്ധതികളാണ് ബൈത്തുസകാത്തില്‍ നടപ്പാക്കിയത്.
അഞ്ഞൂറോളം വീടുകള്‍ ഈ പദ്ധതിയില്‍ നിര്‍മ്മിച്ചുകഴിഞ്ഞു. സകാത്ത് സെമിനാര്‍, സകാത് മാനേജ്മെന്റിന് പ്രത്യേക മൊബൈല്‍ ആപ്പ് തുടങ്ങിയവയും ഇവര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ രീതിയില്‍ വിപുലമായ പദ്ധതിക്കെതിരെയാണ് ഇപ്പോള്‍, മതസംഘടനകള്‍ക്ക് അകത്തുനിന്നുതന്നെ വിമര്‍ശനം ഉയരുന്നത്. തീര്‍ത്തും മതപരമായ കാര്യമായ സകാതിന്റെ പേരില്‍ പണം പിരിച്ച് അത് പത്രത്തിലേക്കും ചാനലിലേക്കും വരെ വഴിമാറ്റുകയാണ്, ജമാഅത്തെ ഇസ്ലാമി ചെയ്യുന്നതെന്ന് വിമര്‍ശകര്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.