കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി; മുസ്ലിം ന്യൂനപക്ഷ വിഷയങ്ങളിലടക്കം ചര്‍ച്ച നടത്തി; കേരളത്തില്‍ റോഡ് വികസനം നന്നായി നടന്നു; വിമാനത്താവളങ്ങളിലും വേണ്ട നടപടികള്‍ ഉണ്ടാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടുവെന്ന് കാന്തപുരം

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

Update: 2026-02-16 11:07 GMT

ന്യൂഡല്‍ഹി: കാന്തപുരം എം പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയില്‍ രാവിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. വികസനവുമായി ബന്ധപ്പെട്ട് കേരള യാത്രയില്‍ ശേഖരിച്ച വിവരങ്ങള്‍ പ്രധാനമന്ത്രിക്ക് കൈമാറി. കേരളത്തില്‍ നടത്തിയ യാത്രയില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേട്ടുവെന്നും അതെല്ലാം ക്രോഡീകരിച്ച് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും നല്‍കിയെന്നും കാന്തപുരം അറിയിച്ചു.

'രാജ്യത്തെ മുസ്ലിം ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ പ്രതിപാദിച്ചു. കേരളത്തില്‍ റോഡ് വികസനം നന്നായി നടന്നു. വിമാനത്താവളങ്ങളിലും വേണ്ട നടപടികള്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു. അലിഗഡ് സര്‍വകലാശാലയുടെ കേരളത്തിലെ ബ്രാഞ്ച് ആരംഭിച്ചിട്ട് കുറെയായി. അതില്‍ വേണ്ട നടപടികള്‍ വേണം എന്ന് ആവശ്യപ്പെട്ടു'. കേന്ദ്രവുമായി ബന്ധപ്പെട്ടത് ചെയ്യാം എന്ന് പ്രധാനമന്ത്രി മറുപടി നല്‍കിയതായും കാന്തപുരം അറിയിച്ചു.

ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ സാമൂഹിക-മാനുഷിക-വിദ്യാഭ്യാസ-വികസന വിഷയങ്ങളും ന്യൂനപക്ഷ ക്ഷേമ കാര്യങ്ങളും രാജ്യാന്തര സംഭവങ്ങളും ചര്‍ച്ചയായി. റംസാന്‍ സന്ദേശവും കൈമാറിയ ശേഷമാണു കൂടിക്കാഴ്ച അവസാനിച്ചതെന്നും കാന്തപുരം ഉസ്താദ് പറഞ്ഞു.

എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടുള്ള വികസനം, സാമ്പത്തിക മുന്നേറ്റത്തിനൊപ്പം സന്തോഷ സൂചികയ്ക്കും മാനവ വികസനത്തിനും നല്‍കേണ്ട പരിഗണന, ജനസംഖ്യാനുപാതികവും പ്രാദേശിക സന്തുലിതവുമായി വിഭവങ്ങള്‍ ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം, വഖ്ഫ്-എസ്‌ഐആര്‍ ആശങ്കകള്‍, പുരാതന മസ്ജിദുകളും ഇസ്ലാമിക പൈതൃക സ്മാരകങ്ങളും സംരക്ഷിക്കല്‍, മൗലാനാ ആസാദ് നാഷനല്‍ ഫെല്ലോഷിപ്പ് ഉള്‍പ്പെടയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികളുടെ പുനഃസ്ഥാപനം, അലിഗഡ് സര്‍വകലാശാല മലപ്പുറം സെന്റര്‍ വികസനം, രാജ്യത്തെ ന്യൂനപക്ഷ ജനവിഭാഗവുമായി കേന്ദ്രസര്‍ക്കാര്‍ അടുത്തിടപെടേണ്ടതിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ സംസാരവിഷയമായി.

രാജ്യാന്തര തലത്തില്‍ സമാധാനം ഉറപ്പുവരുത്തുന്നതില്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന നയതന്ത്ര ഇടപെടലുകളെ കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ അഭിനന്ദിച്ചു.

Tags:    

Similar News