പിണറായിയുടെ ബുള്‍ഡോസര്‍ നീതി പ്രയോഗത്തില്‍ കലി കയറിയ സിദ്ധരാമയ്യ മലയാള ഭാഷാ ബില്ലില്‍ പിടിച്ച് പ്രത്യാക്രമണം; മലയാളം അടിച്ചേല്‍പ്പിക്കുന്നുവെന്ന് കത്തും പരാതിയും; ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് വസ്തുതകള്‍ നിരത്തി പിണറായിയുടെ മറുപടി; അതിര്‍ത്തി കടന്ന് രാഷ്ട്രീയ പോര്
അതിര്‍ത്തി കടന്ന് രാഷ്ട്രീയ പോര്
ബെംഗളൂരു/ തിരുവനന്തപുരം: കര്‍ണാടകയിലെ ഭൂമിയൊഴിപ്പിക്കല്‍ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതോടെ തുടങ്ങിയ വാക്‌പോര് ഇപ്പോള്‍ ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള നയതന്ത്ര-ഭാഷാ തര്‍ക്കമായി മാറിയിരിക്കുന്നു. കേരളം കൊണ്ടുവന്ന 'മലയാള ഭാഷാ ബില്‍ 2025' ആണ് പുതിയ തര്‍ക്കവിഷയം.
പിണറായിയുടെ ബുള്‍ഡോസര്‍ നീതി പ്രയോഗത്തില്‍ തുടക്കം
യെലഹങ്കയിലെ ഫക്കീര്‍ കോളനി, വസീം ലേഔട്ട് എന്നിവിടങ്ങളില്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ഒഴിപ്പിക്കല്‍ നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയതാണ് തര്‍ക്കങ്ങള്‍ക്ക് തിരികൊളുത്തിയത്. ഉത്തരേന്ത്യന്‍ മോഡല്‍ 'ബുള്‍ഡോസര്‍ നീതി' ദക്ഷിണേന്ത്യയിലേക്ക് കോണ്‍ഗ്രസ് ഇറക്കുമതി ചെയ്യുന്നുവെന്ന് പിണറായി ആരോപിച്ചു. ഇത് ന്യൂനപക്ഷ വിരുദ്ധമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. പിണറായിയുടേത് രാഷ്ട്രീയക്കളിയാണെന്നും കര്‍ണാടകയിലെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്നും സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തിരിച്ചടിച്ചു.
മലയാള ഭാഷാ ബില്ലില്‍ പ്രതിഷേധിച്ച് കര്‍ണാടക
കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം, കാസര്‍കോട് താലൂക്കുകളിലെ കന്നഡ സംസാരിക്കുന്നവരുടെ മൗലികാവകാശങ്ങള്‍ ബില്ലിലൂടെ ലംഘിക്കപ്പെടുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സിദ്ധരാമയ്യയുടെ വാദം. ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രിക്ക് കത്തയച്ചു. കന്നഡ സംഘടനകള്‍ ഗവര്‍ണറെ കണ്ട് പ്രതിഷേധം അറിയിച്ചു. വിഷയം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വിമര്‍ശനങ്ങള്‍ തള്ളി പിണറായി
മലയാള ഭാഷാ ബില്‍ 2025 നെതിരായ സിദ്ധരാമയ്യയുടെ വിമര്‍ശനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തളള്ളി.ബില്‍ ഭരണഘടനയുടെ മതേതര, ബഹുസ്വരതാ മൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതാണെന്നും ഭാഷാ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനിര്‍മ്മാണത്തിലൂടെ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ കന്നഡ, തമിഴ് മീഡിയം സ്‌കൂളുകളില്‍ പ്രാഥമിക തലം മുതല്‍ മലയാള പഠനം നിര്‍ബന്ധമാക്കുന്ന ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും കാസര്‍കോട് ജില്ലയിലെ ഭാഷാ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങളെ തകര്‍ക്കുന്നതാണെന്നുമാണ് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രധാന ആരോപണം. കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയ്ക്ക് വടക്കുള്ള കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ കന്നഡയും തുളുവും സംസാരഭാഷയായി ഉപയോഗിക്കുന്നവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി.
കന്നഡിഗര്‍ക്ക് മേല്‍ മലയാളം അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തിനെതിരെ രാഷ്ട്രപതിയെ കണ്ട് പരാതി അറിയിക്കുമെന്നും കര്‍ണാടക സാംസ്‌കാരിക മന്ത്രി ശിവരാജ് തങ്കഡഗി അറിയിച്ചു. കന്നഡ സംഘടനകളും ബില്ലില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറെ സമീപിച്ചിരുന്നു.
എന്നാല്‍, ബില്ലുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ വസ്തുതകള്‍ക്കപ്പുറത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സമത്വത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ സമഗ്രവികസനമാണ് കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം. ഭാഷാ ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് കന്നഡ, തമിഴ് സംസാരിക്കുന്ന സമൂഹങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വ്യക്തമായ നിബന്ധനകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
വിജ്ഞാപനത്തില്‍ പറയുന്ന പ്രദേശങ്ങളില്‍, സെക്രട്ടേറിയറ്റ്, വകുപ്പ് മേധാവികള്‍, പ്രാദേശിക ഓഫീസുകള്‍ എന്നിവയുമായുള്ള ഔദ്യോഗിക കത്തിടപാടുകള്‍ക്കായി തമിഴ്, കന്നഡ സംസാരിക്കുന്നവര്‍ക്ക് അവരുടെ മാതൃഭാഷ തുടര്‍ന്നും ഉപയോഗിക്കാം. ഈ കത്തിടപാടുകള്‍ക്ക് അതേ ഭാഷകളില്‍ മറുപടികളും നല്‍കും. മലയാളം മാതൃഭാഷയല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയ വിദ്യാഭ്യാസ പാഠ്യപദ്ധതി അനുസരിച്ച് സ്‌കൂളുകളില്‍ ലഭ്യമായ ഭാഷകള്‍ തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ വിദേശ രാജ്യങ്ങളില്‍ നിന്നോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഒന്‍പത്, പത്ത്, ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ മലയാളം പരീക്ഷ എഴുതുന്നതില്‍ നിന്ന് ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
കേരള നിയമസഭ 2025 ഒക്ടോബര്‍ 9നാണ് മലയാള ഭാഷാ ബില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചത്. എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലും ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം ഒന്നാം ഭാഷയായി പഠിപ്പിക്കണമെന്നാണ് ഈ ബില്ലിലെ പ്രധാന വ്യവസ്ഥ
