മന്ത്രി പ്രസാദ് മറുനാടന്‍ മലയാളിയോട് പറഞ്ഞത് തള്ളല്ല, യുകെയില്‍ നിന്നും മടങ്ങുന്ന ചെറുപ്പക്കാര്‍ നാട്ടില്‍ എത്തിയാല്‍ കൃഷിയിലും കൈവയ്ക്കുന്നുണ്ട്; ഏതാനും വര്‍ഷം മുന്‍പ് യുകെയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അംബരീഷിന് ഈ വര്‍ഷത്തെ മികച്ച ചെമ്മീന്‍ കര്‍ഷകനുള്ള സര്‍ക്കാര്‍ അവാര്‍ഡ്; വിസ തീര്‍ന്നു നാട്ടില്‍ എത്തുന്നവര്‍ക്ക് കൃഷി മന്ത്രി സഹായമൊരുക്കുമോ?

യുകെയില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയ അംബരീഷിന് സര്‍ക്കാര്‍ അവാര്‍ഡ്

Update: 2025-07-16 03:01 GMT

ലണ്ടന്‍: കഴിഞ്ഞ മാസം യുകെയില്‍ സാംസ്‌കാരിക സംഘടനാ യുവകലാസാഹിതി സാഹിത്യ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ കൃഷി മന്ത്രി മറുനാടന്‍ മലയാളിക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വകുപ്പ് നടപ്പാക്കികൊണ്ടിരിക്കുന്ന യുവജന കേന്ദ്രീകൃതമായ വികസന കാഴ്ചപ്പാടുകള്‍ പങ്കുവച്ചപ്പോള്‍ ചെറുപ്പക്കാര്‍ ഒക്കെ നാട് വിടുക ആണല്ലോ എന്ന ചോദ്യം അദ്ദേഹത്തോട് ഉന്നയിച്ചിരുന്നു. അത് ശരിവച്ച അദ്ദേഹം കുറേപ്പേര്‍ ഒക്കെ ഇപ്പോള്‍ തിരിച്ചു വരാനുള്ള ആലോചനയില്‍ ആണെന്നും അങ്ങനെ വന്നവരില്‍ കുറേപ്പേരെങ്കിലും കൃഷി ഉപജീവന മാര്‍ഗം ആക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. ഇങ്ങനെ എത്തുന്ന ചെറുപ്പക്കാര്‍ക്ക് തിളങ്ങാന്‍ പറ്റുന്ന ഒട്ടേറെ പദ്ധതികള്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ഇപ്പോള്‍ കര്‍ഷകരില്‍ ചെറുപ്പക്കാര്‍ക്ക് കിട്ടുന്ന അവാര്‍ഡുകള്‍ പോലും ഇങ്ങനെ ഉള്ളവര്‍ക്ക് ആണെന്നും മന്ത്രി പറഞ്ഞ വാക്കുകളില്‍ നിറഞ്ഞു കിടന്നിരുന്നു.

ഒരു സാധാരണ രാഷ്ട്രീയക്കാരന്റെ വാക്കുകള്‍ എന്ന നിലയില്‍ തന്നെ മുഖവിലയ്ക്ക് എടുത്താണ് അന്ന് ആ വാക്കുകള്‍ അഭിമുഖത്തില്‍ ചേര്‍ത്തതും. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ നിന്നും എത്തുന്ന ഒരു വാര്‍ത്ത മന്ത്രി പ്രസാദ് പറഞ്ഞ വാക്കുകള്‍ അക്ഷരം പ്രതി ശരിയാണെന്നു തെളിയിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക അവാര്‍ഡ് ഇത്തവണ ലഭിക്കുന്നത് ഒരു മുന്‍ യുകെ മലയാളിയായ ചെറുപ്പക്കാരനാണ്. കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശിയായ അംബരീഷാണ് മികച്ച കര്‍ഷക അവാര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്.

ഇതോടെ പിഎസ്ഡബ്ല്യു അവസാനിച്ചു നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുന്ന കുറച്ചു പേര്‍ക്കെങ്കിലും ഈ വാര്‍ത്ത ഒരു പ്രചോദനം ആയി മാറിയേക്കും. കേരളത്തില്‍ ചെന്നാല്‍ സാങ്കേതിക വിദ്യയൊക്കെ കൂട്ടുപിടിച്ചാല്‍ കൃഷി ചെയ്തും ജീവിക്കാം എന്നാണ് അംബരീഷും മന്ത്രി പ്രസാദും ഒക്കെ ഇപ്പോള്‍ പറയുന്നതിന്റെ ചുരുക്കം. ബ്രിട്ടീഷ് മലയാളി ഇന്നലെ പ്രസിദ്ധീകരിച്ച പ്രധാന വാര്‍ത്തയും നാട്ടിലേക്ക് തിരിച്ചു മടങ്ങേണ്ടി വരുന്നവരുടെ ആശങ്കകളും അസ്വസ്ഥതകളും തന്നെ ആയിരുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് അംബരീഷിന്റെ വിജയകഥ സോഷ്യല്‍ മീഡിയ വഴി പുറത്തു വിട്ടത്. ഇതോടെ മാധ്യമങ്ങള്‍ക്കെല്ലാം അത് കൗതുകമുള്ള വാര്‍ത്തയായി മാറുക ആയിരുന്നു. പ്രത്യേകിച്ചും യുകെയുടെ സമ്പന്ന ലോകം വിട്ടു കേരളത്തില്‍ എത്തി കൃഷി ചെയ്തു ജീവിച്ചു വിജയം നേടി എന്നത് വെറും കൗതുകത്തിനും അപ്പുറമുള്ള വാര്‍ത്തയായി മാറുക ആയിരുന്നു.

മികച്ച ചെമ്മീന്‍ കര്‍ഷകനുള്ള മൂന്നാം സ്ഥാനമാണ് അംബരീഷിനെ തേടി എത്തിയിരിക്കുന്നത്. യുകെയില്‍ മാസ്റ്റേഴ്‌സ് ചെയ്യാന്‍ എത്തിയ അംബരീഷ് സീ ഫുഡ് എക്‌സ്‌പോര്‍ട് ആന്‍ഡ് സപ്ലൈ വിഭാഗത്തില്‍ ജോലി ചെയ്യുമ്പോഴാണ് നാട്ടില്‍ എത്തുന്നത്. പത്തു വര്‍ഷം മുന്‍പാണ് ഇത് സംഭവിക്കുന്നത്. നാട്ടില്‍ എന്തെങ്കിലും സംരംഭം തുടങ്ങാം എന്നാലോചിച്ച് എത്തിയ അംബരീഷിന് ഫ്രഷ് വാട്ടര്‍ ഫിഷ്, മറൈന്‍ വാട്ടര്‍ ഫിഷ് എന്നീ മേഖലകളില്‍ ജോലി ചെയ്ത പരിചയവും ഇദ്ദേഹത്തിന് പിന്നീട് തുണയായി മാറുക ആയിരുന്നു.

തുടര്‍ന്ന് ഏഴു വര്‍ഷം മുന്‍പ് ബന്ധുവില്‍ നിന്നും കടമെടുത്ത 18 ഏക്കര്‍ ഭൂമിയിലാണ് സ്വന്തം നിലയില്‍ മല്‍സ്യ കൃഷി ആരംഭിച്ചത്. തുടക്കത്തില്‍ അര്‍ദ്ധ ശാസ്ത്രീയ രീതിയില്‍ ആരംഭിച്ച മത്സ്യ കൃഷി പിന്നീട് വിപുലീകരിക്കുക ആയിരുന്നു. കേരളത്തില്‍ പലയിടത്തും മല്‍സ്യ ഫാമുകള്‍ സന്ദര്‍ശിച്ചു കൃഷി രീതികള്‍ പഠിച്ചാണ് അംബരീഷ് ഒടുവില്‍ ചെമ്മീന്‍ കൃഷിയില്‍ ശ്രദ്ധ നല്‍കുന്നത്. പൊതുവെ റിസ്‌ക് കൂടുതല്‍ ആണെങ്കിലും വിജയവും ഈ രംഗത്ത് അസാധാരണം അല്ലാത്തതും അംബരീഷിന് പ്രചോദനമായി.

നാലു വര്‍ഷം മുന്‍പ് യന്ത്ര സഹായത്തോടെ വലിയ കുളം നിര്‍മ്മിച്ച് ബണ്ടും ബയോ സുരക്ഷയും ഒക്കെ ഒരുക്കിയാണ് അംബരീഷ് വലിയ പ്രോജക്ടിലേക്ക് എത്തിയത്. രണ്ടു വലിയ കുളങ്ങളില്‍ തുടങ്ങിയ ഈ ചെറുപ്പക്കാരന്‍ രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ കുളങ്ങളുടെ എണ്ണം നാലാക്കി. ഇപ്പോള്‍ രണ്ടു റിസര്‍വോയര്‍ കുളങ്ങളും ഉണ്ട്. കഴിഞ്ഞ വര്‍ഷം 12.5 ടണ്‍ മത്സ്യ വിളവ് എടുത്താണ് അംബരീഷ് ഈ രംഗത്തെ പലരെയും ഞെട്ടിച്ചു കളഞ്ഞത്.

കഠിനാധ്വാനവും ആത്മ സമര്‍പ്പണവും ഉണ്ടെങ്കില്‍ കൃഷിയിലും മിന്നി തിളങ്ങാം എന്നതാണ് മുന്‍ യുകെ മലയാളിയായ അംബരീഷ് തെളിയിക്കുന്നത്. നാട്ടിലേക്ക് എങ്ങനെ മടങ്ങും എന്നാലോചിക്കുന്ന പതിനായിരക്കണക്കിന് മലയാളി ചെറുപ്പക്കാര്‍ക്ക് മുന്നില്‍ വലിയൊരു പാഠപുസ്തകം തന്നെയാണ് ഇപ്പോള്‍ അംബരീഷിന്റെ ജീവിത വിജയം. ഇത്തരം ചെറുപ്പക്കാരെ മനസില്‍ കണ്ടാണ് മന്ത്രി പ്രസാദ് നാട്ടിലും അവസരം ബാക്കി ഉണ്ടെന്ന് ഓര്‍മ്മിപ്പിച്ചതും. എട്ടു സ്ഥിരം ജീവനക്കാര്‍ക്ക് ജീവിത മാര്‍ഗം നല്‍കാനും അംബരീഷിന്റെ മത്സ്യ കൃഷി വഴി സാധിക്കുന്നുണ്ട്. എങ്ങനെ ജീവിക്കും എന്ന് ആലോചിക്കുന്നവര്‍ക്കിടയില്‍ തന്നെയാണ് അംബരീഷിനെ പോലെ മറ്റുള്ളവര്‍ക്കും ജീവിക്കാന്‍ അവസരം സൃഷ്ടിക്കുന്നവരുടെ ജീവിതങ്ങള്‍ മാതൃകയായി മാറുന്നത്.

Tags:    

Similar News