1077 ദിവസങ്ങൾക്ക് ശേഷം ഐപിഎല്ലിൽ തിരിച്ചെത്തി; കരുൺ നായരുടെ വില്ലോയുടെ ചൂടറിഞ്ഞവരിൽ ട്രെന്റ് ബോൾട്ടും, ജസ്പ്രീത് ബുംമ്രയും; ടീമിന് വിജയത്തിലെത്താനായില്ലെങ്കിലും ഈ ഇന്നിങ്സ് ആരും മറക്കാൻ സാധ്യതയില്ല; ഇന്ത്യക്കായി ത്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം ടീമിൽ അവസരം ലഭിക്കാത്ത താരം; ആഭ്യന്തര ക്രിക്കറ്റിലെ ആധിപത്യം ഐപിഎല്ലിലും തുടരുമോ ?
ഡൽഹി: 1077 ദിവസങ്ങൾക്ക് ശേഷം ഐപിഎല്ലിലേക്ക് തിരിച്ചെത്തിയ കരുൺ നായർ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ കത്തിക്കയറുകയായിരുന്നു. ഇമ്പാക്ട് സബ് ആയാണ് ക്രീസിലെത്തിയത്. കിട്ടിയ അവസരത്തിൽ തകർത്തടിച്ചപ്പോൾ ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ടി20 ബൗളർക്കും കരുൺ നായരുടെ വില്ലോയുടെ ചൂടറിഞ്ഞു. 2021നു ശേഷം ഐപിഎല്ലിൽ ഒരു ഓവറിൽ ബുംറയെ ഒന്നിൽ കൂടുതൽ സിക്സറുകൾ അടിച്ച മറ്റൊരു ബാറ്ററില്ല.വേണ്ടപോലെ പരിഗണന ലഭിക്കാത്ത താരമാണ് ഈ 33കാരനെന്ന് പലതവണ ക്രക്കറ്റ് ലോകത്തിന് തോന്നിയിട്ടുണ്ടാകാം. 2016ൽ ചെന്നൈയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ത്രിപ്പിൾ സെഞ്ചുറി നേടിയ ശേഷം താരത്തിന് ഇന്ത്യൻ ടീമിൽ കളിക്കാൻ ഒരു തവണ പോലും അവസരം ലഭിച്ചിരുന്നില്ല. 2013ൽ ഐപിഎല്ലിൽ അരങ്ങേറിയ കരുണിന് കളിക്കാനായത് 77 മത്സരങ്ങൾ മാത്രം.
ഇന്നലെ മുബൈ ബൗളർമാരെ പ്രഹരിക്കുമ്പോൾ തന്നെ മറന്ന് തുടങ്ങിയ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ ഒരിക്കൽക്കൂടി താരം പിടിച്ചുപറ്റുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നാലിന് 205 റൺസെന്ന മികച്ച ടോട്ടൽ ഉയർത്തി. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ഡൽഹിക്ക് റൺസെടുക്കും മുമ്പെ ജെയ്ക് ഫ്രെയ്സർ മക്ഗർഗിനെ നഷ്ടമായി. മൂന്നാം നമ്പറിൽ ഇംപാക്ട് താരമായി കരുൺ ക്രീസിലെത്തി. വമ്പൻ വിജയലക്ഷ്യം മുന്നിൽ നിൽക്കെ കരുണിനെ കളത്തിലിറക്കാൻ കാണിച്ച ഡൽഹി ടീമിന്റെ ധൈര്യം സമ്മതിക്കുക തന്നെ വേണം. കഴിഞ്ഞ ഏഴ് വർഷത്തിൽ കരുണിന്റെ ഒമ്പതാമത്തെ മാത്രം ഐപിഎൽ മത്സരം. ലോകോത്തര ബൗളർമാരെ ആക്രമിച്ചു കളിക്കുന്ന ബാറ്റിംഗ് ശൈലി. ട്രെന്റ് ബോൾട്ടിന്റെ ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറികൾ. ജസ്പ്രീത് ബുംമ്രയെ രണ്ട് തവണ നിലംതൊടാതെ അനായാസം ഗ്യാലറിയിലെത്തിച്ചു. ഏഴ് വർഷത്തിന് ശേഷം കരുണിന് ഐപിഎൽ അർധ സെഞ്ച്വറി. ആദ്യ രണ്ട് ഓവറിൽ ബുംറ 29 റൺസ് വഴങ്ങി, ഇതിൽ കരുൺ മാത്രം ഒമ്പത് പന്തിൽ നിന്നും 26 റൺസാണ് നേടിയത്.
89 റൺസിൽ കരുൺ മിച്ചൽ സാന്റനറിന്റെ മനോഹരമായ ഒരു പന്തിൽ കീഴടങ്ങുമ്പോൾ ടീമിനെ മികച്ച നിലയിൽ എത്തിക്കാൻ താരത്തിനായി. എന്നാൽ പിന്നെ വന്ന ബാറ്സ്മാന്മാർക്ക് നിലയുറപ്പിച്ച് കളിക്കാൻ കഴിയാതെയായി. അവിടെയാണ് ഡൽഹിക്ക് കളിയും നഷ്ടമായത്. 12 റൺസ് അകലെ ഡൽഹി മത്സരം കൈവിട്ടു. പക്ഷേ കരുണിന്റെ പോരാട്ടം വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കുകയാണ്. ടീമിനെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞില്ല എന്നതാവും കരുണിന്റെ മനസ്സിലുണ്ടാകുക. അത്ര അനായാസമായാണ് ഇന്നലെ താരം ബാറ്റ് ചെയ്തത്. ഇനിയുള്ള മത്സരങ്ങളിൽ കരുണിന്റെ പ്രകടനം സെലറ്റർമാരടക്കം ഉറ്റുനോക്കുന്നുണ്ടാകും. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ആധിപത്യം ഐപിഎല്ലിലും കരുൺ തുടരുകയാണ്. 2024 ലെ വിജയ് ഹസാരെ ട്രോഫിയിൽ ടോപ് സ്‌കോറർ കരുണായിരുന്നു. ടൂർണമെന്റിൽ 124 എന്ന സ്ട്രൈക്ക് റേറ്റിൽ 779 റൺസാണ് താരം അടിച്ചു കൂട്ടിയത്.
അഞ്ച് സെഞ്ച്വറി ഉൾപ്പെടെയായിരുന്നു താരത്തിന്റെ പ്രകടനം. രഞ്ജി ട്രോഫിയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച കരുൺ ചാമ്പ്യൻമാരായ വിദർഭയ്ക്കായി 53.94 ശരാശരിയിൽ 863 റൺസ് നേടി. സയ്യിദ് മുഷ്താഖ് അലിക്കായി ആറ് ഇന്നിംഗ്‌സുകളിൽ നിന്ന് 255 റൺസ് നേടിയപ്പോൾ, കെഎസ്‌സിഎയുടെ പ്രാദേശിക ടി20 ലീഗായ പ്രഥമ മഹാരാജ ട്രോഫിയിൽ 181.82 എന്ന സ്ട്രൈക്ക് റേറ്റിൽ 560 റൺസ് നേടി ടോപ് സ്‌കോറർമാരുടെ പട്ടികയിൽ ഒന്നാമനായിരുന്നു. 50 ലക്ഷം രൂപക്ക് ഡൽഹി ടീമിലെത്തിയ താരത്തിന് ദക്ഷണാഫ്രിക്കൻ താരത്തിന്റെ പരിക്ക് കാരണമാണ് ടീമിൽ ഇടം ലഭിച്ചത്. കിട്ടിയ അവസരം മുതലാക്കാനും താരത്തിനായി. വരും മത്സരങ്ങളിൽ ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളായി തന്നെ കരുൺ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ പോലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനകൾക്കായി ക്രിക്കറ്റ് ലോകവും ഉറ്റുനോക്കുന്നു.