പത്ത് മാസത്തെ കുടിശ്ശി 30 മുതല്‍ 40 കോടി; കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ 'കാരുണ്യ' പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ്

Update: 2024-10-22 04:47 GMT

തിരുവനന്തപുരം: കാരുണ്യയില്‍ നിന്ന് പിന്‍മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍. കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ അര്‍ഹരായവര്‍ക്ക് സൗജന്യചികിത്സ നല്‍കിയതിനുള്ള കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്‍മാറുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. പത്ത് മാസത്തെ കുടിശ്ശികയായി 30 മുതല്‍ 40 കോടിയാണ് ഓരോ കോളജിനും സര്‍ക്കാര്‍ നല്‍കാനുള്ളത്.

ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരടക്കം 45 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലുള്ളത്. ഇവര്‍ക്ക് സൗജന്യചികിത്സ നല്‍കുന്ന ആശുപത്രികളുടെ പട്ടികയില്‍ ഒട്ടുമിക്ക സ്വകാര്യ മെഡിക്കല്‍ കോളേജുകളുമുണ്ട്. ചികിത്സകഴിഞ്ഞാല്‍ 15 ദിവസത്തിനകം ചികിത്സച്ചെലവ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി വഴി ആശുപത്രികള്‍ക്ക് നല്‍കണമെന്നാണ് കരാര്‍. എന്നാല്‍, പത്തുമാസമായി കൃത്യമായി പണം നല്‍കുന്നില്ലെന്ന് പ്രൈവറ്റ് മെഡിക്കല്‍ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അനില്‍കുമാര്‍ വള്ളില്‍ പറഞ്ഞു.

പട്ടികജാതി-വര്‍ഗ, ഒ.ഇ.സി. വിദ്യാര്‍ഥികളുടെ ഫീസ് ഇനത്തിലും 30 കോടിവരെ ഓരോ കോളേജിനും സര്‍ക്കാരില്‍നിന്ന് കിട്ടാനുണ്ടെന്നും അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാരില്‍നിന്നുള്ള കുടിശ്ശിക ലഭിച്ചില്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുമെന്നും മെഡിക്കല്‍ കോളേജുകളുടെയും അനുബന്ധ ആശുപത്രികളുടെയും പ്രവര്‍ത്തനം സ്തംഭിക്കുമെന്നും അവര്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Tags:    

Similar News