ശ്വാസം വിടാന്‍ പോലും കഴിയാത്ത ആള്‍ക്കൂട്ടം; ഇടയില്‍ പെട്ടുഞെരുങ്ങി കുട്ടികള്‍; ബോധരഹിതരായി സ്ത്രീകള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍; നാമക്കലില്‍ നിന്ന് കരൂരിലേക്ക് എത്താന്‍ വിജയ് ആറുമണിക്കൂര്‍ വൈകിയതോടെ ജനക്കൂട്ടം നിയന്ത്രണാതീതമായി; ടിവികെ നേതാവിന്റെ പ്രസംഗത്തിനിടെ തിക്കുംതിരക്കുമേറി ദുരന്തം; കരൂരില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു; 58 പേര്‍ ആശുപത്രിയില്‍; അതീവദു:ഖകരമെന്ന് പ്രധാനമന്ത്രി

കരൂര്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു

Update: 2025-09-27 16:46 GMT

കരൂര്‍: നടനും, തമിഴക വെട്രികഴകം നേതാവുമായ വിജയ് നയിച്ച കരൂരിലെ റാലിയില്‍ ഉണ്ടായ കനത്ത തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 38 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 10 കുട്ടികളും, 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 58 പേരാണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ് നടത്തുന്ന സംസ്ഥാനതല പ്രചാരണത്തിന്റെ ഭാഗമായി കരൂരില്‍ സംഘടിപ്പിച്ച റാലിയിലാണ് ഈ ദാരുണമായ സംഭവം. നിയന്ത്രണാതീതമായ ആള്‍ക്കൂട്ടമാണ് അപകടത്തിലേക്ക് നയിച്ചത്. ഏകദേശം 30,000 ത്തിലേറെ പേര്‍ സ്ഥലത്ത് ഒത്തുകൂടിയതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നാമക്കലില്‍ നടന്ന റാലിക്ക് ശേഷമാണ് വിജയ് കരൂരില്‍ എത്തിയത്. എന്നാല്‍, അദ്ദേഹം കരൂരില്‍ എത്താന്‍ ആറുമണിക്കൂറോളം വൈകി. ആ സമയം ആയപ്പോഴേക്കും ആള്‍ക്കൂട്ടം നിയന്ത്രണാതീതമായിരുന്നു.

റാലിക്കിടെ വിജയ് പ്രസംഗിച്ചുകൊണ്ടിരിക്കെ, തിക്കും തിരക്കും രൂക്ഷമാവുകയും ചെയ്തതോടെ കുട്ടികളും, സ്ത്രീകളും പാര്‍ട്ടി പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ബോധരഹിതരായി കുഴഞ്ഞുവീഴുകയായിരുന്നു. ഇത് കണ്ട വിജയ് പ്രസംഗം നിര്‍ത്തിവെച്ച് ജനങ്ങളോട് ശാന്തരാകാന്‍ അഭ്യര്‍ത്ഥിച്ചു. രോഗികള്‍ക്ക് സഹായം എത്തിക്കാന്‍ ആംബുലന്‍സുകള്‍ക്ക് വഴി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ, ജനക്കൂട്ടത്തിലേക്ക് അദ്ദേഹം വെള്ളക്കുപ്പികളും എറിഞ്ഞുകൊടുത്തു.

ഈ ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍, ഒമ്പത് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു കുട്ടിയെ കണ്ടെത്താന്‍ പൊലീസിനോടും പ്രവര്‍ത്തകരോടും വിജയ് പരസ്യമായി സഹായം അഭ്യര്‍ത്ഥിച്ചു. സംഭവം ഗുരുതരമായതിനെത്തുടര്‍ന്ന്, വിജയ് തന്റെ പ്രസംഗം പൂര്‍ത്തിയാക്കാതെ കാരവാനിലേക്ക് മടങ്ങി. സ്ഥിതി കൂടുതല്‍ വഷളായതോടെ, പോലീസിന്റെ സഹായം തേടുകയായിരുന്നെന്നും വിവരമുണ്ട്. ഇതേത്തുടര്‍ന്നാണ് വിജയ് തന്റെ പ്രസംഗം പെട്ടെന്ന് അവസാനിപ്പിച്ചത്.




സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്, മുന്‍ മന്ത്രി സെന്തില്‍ ബാലാജി, ആരോഗ്യ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ കരൂരിലെ ആശുപത്രികളില്‍ സന്ദര്‍ശനം നടത്തി. കുഴഞ്ഞുവീണ മൂന്ന് കുട്ടികളെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതീവ ദു:ഖകരമെന്ന് പ്രധാനമന്ത്രി

കരൂരിലെ ദൗര്‍ഭാഗ്യകരമായ സംഭവം അതീവ ദു:ഖകരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് ഒപ്പമാണ് തന്റെ മനസ്സെന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷമകരമായ സാഹചര്യത്തെ നേരിടാന്‍ അവര്‍ക്ക് കരുത്തുണ്ടാകട്ടെയെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാനായി പ്രാര്‍ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

ഹൈക്കോടതി മുന്നറിയിപ്പ് അവഗണിച്ചു

ദുരന്തത്തിന് കാരണം ഒരാഴ്ച മുന്‍പ് മദ്രാസ് ഹൈക്കോടതി നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണെന്ന ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. പൊതുസമ്മേളനങ്ങളില്‍ പ്രവര്‍ത്തകരെ നിയന്ത്രിക്കേണ്ടത് നേതാക്കളുടെ ഉത്തരവാദിത്തമാണെന്നും, അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ആര് ഏറ്റെടുക്കുമെന്നും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. തിരുച്ചിറപ്പള്ളിയില്‍ നടന്ന ഒരു റാലിയില്‍ ഒരാള്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോടതിയുടെ ഈ നിരീക്ഷണം.

പരിപാടിയില്‍ പങ്കെടുത്തവരുടെ എണ്ണം പ്രതീക്ഷിച്ചതിലും വളരെയധികം ആയതാണ് ദുരന്തത്തിന് പ്രധാന കാരണമെന്ന് പ്രാഥമിക നിഗമനം വ്യക്തമാക്കുന്നു. പാര്‍ട്ടിയുടെ നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം കുട്ടികളും കൂട്ടത്തില്‍ കുഴഞ്ഞുവീണവരില്‍ ഉള്‍പ്പെടുന്നു. ജനബാഹുല്യം കാരണം ആംബുലന്‍സുകള്‍ക്ക് പോലും സംഘാടകര്‍ക്ക് സ്ഥലത്തേക്ക് എത്താന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി.




വിശദ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

സംഭവത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അതീവ ദുഃഖം രേഖപ്പെടുത്തി. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. മുന്‍മന്ത്രി വി. സെന്തില്‍ ബാലാജി, ആരോഗ്യവകുപ്പ് മന്ത്രി സുബ്രഹ്‌മണ്യന്‍ എന്നിവരോട് ഉടന്‍ കരൂരിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് തേടിയതായും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തസ്ഥലത്ത് ആവശ്യമായ എല്ലാ സഹായങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും, ജനങ്ങള്‍ പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എല്ലാവിധ സഹായങ്ങളും നല്‍കണമെന്നും സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചു. നാളെ മുഖ്യമന്ത്രി കരൂര്‍ സന്ദര്‍ശിക്കുമെന്നും വിവരമുണ്ട്.


Tags:    

Similar News