വേനല്‍ക്കാലത്തും മഞ്ഞുമൂടുന്ന പഹല്‍ഗാമിനെ ചോരക്കളമാക്കിയ ഭീകരാക്രമണം; ജീവന്‍ പൊലിഞ്ഞ വിനോദസഞ്ചാരികളില്‍ ഐബി ഉദ്യോഗസ്ഥനും ഇസ്രായേല്‍, ഇറ്റലി പൗരന്മാരും; ഭീകരാക്രമണം ജെ.ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ; ആക്രമണത്തെ അപലപിച്ച് ഇസ്രയേലടക്കമുള്ള രാജ്യങ്ങള്‍; അമിത് ഷാ ശ്രീനഗറിലെത്തി; ഉന്നതതല യോഗം ചേര്‍ന്നു
വേനല്‍ക്കാലത്തും മഞ്ഞുമൂടുന്ന പഹല്‍ഗാമിനെ ചോരക്കളമാക്കിയ ഭീകരാക്രമണം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. ഹൈദരാബാദില്‍ നിന്നുള്ള ഐബി ഉദ്യോഗസ്ഥനും മൂന്ന് വിദേശികളും മരിച്ചവരില്‍ ഉള്‍പ്പെട്ടതായാണ് വിവരം. അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു. തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് സഞ്ചാരികള്‍. ദാരുണമായ സംഭവത്തില്‍ ഇസ്രായേല്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ പൗരന്മാരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മരിച്ചവരില്‍ ഒരു നേപ്പാള്‍ സ്വദേശിയുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്. പരിക്കേറ്റ 12 പേരെ അനന്ത്‌നാഗിലെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. ഭീകരാക്രമണം നടന്ന സ്ഥലം അമിത് ഷാ നാളെ സന്ദര്‍ശിക്കും. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഏഴ് ഭീകരരുടെ സംഘമാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ സേന വ്യക്തമാക്കി.
ഹൈദരാബാദില്‍ നിന്നുള്ള ഐബി ഉദ്യോഗസ്ഥന്‍ മനീഷ് രഞ്ജന്‍, കര്‍ണാടകയില്‍ നിന്ന് കുടുംബത്തോടൊപ്പം കശ്മീരിലെത്തിയ റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ മഞ്ജുനാഥ റാവു, ഒഡിഷയില്‍ നിന്ന് കുടുംബത്തോടൊപ്പം എത്തിയ പ്രശാന്ത് സത്പതി, കര്‍ണാടക ഹാവേരി റാണെബെന്നൂര്‍ സ്വദേശി ഭരത് ഭൂഷന്‍ എന്നിവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള മുന്നറിയിപ്പ് നല്‍കി.
കശ്മീരിലെ പഹല്‍ഗാം പട്ടണത്തിനടുത്തുള്ള പ്രശസ്തമായ പുല്‍മേട്ടില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഭീകരര്‍ തോക്കുകൊണ്ട് താണ്ഡവമാടിയപ്പോള്‍ 26 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഭൂരിഭാഗവും വിനോദ സഞ്ചാരികള്‍. 2019-ല്‍ പുല്‍വാമയിലെ സംഭവത്തിന് ശേഷം ജമ്മു കശ്മീരിലുണ്ടാകുന്ന ഏറ്റവും വലിയ ഭീകരാക്രമണമാണിത്.
കൊല്ലപ്പെട്ട 26 പേരില്‍ രണ്ട് വിദേശികളും രണ്ട് തദ്ദേശീയരും ഉള്‍പ്പെടുന്നുവെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മരണസംഖ്യ സംബന്ധിച്ച് അന്തിമ സ്ഥിരീകരണം വന്നിട്ടില്ല. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ് ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയിലും, സംസ്ഥാനത്തെ വിനോദസഞ്ചാര മേഖല ശക്തി പ്രാപിക്കുന്ന ഘട്ടത്തിലുംകൂടിയാണ് ഭീകരാക്രമണം അരങ്ങേറിയിരിക്കുന്നത്.
റിസോര്‍ട്ട് പട്ടണമെന്ന് അറിയപ്പെടുന്ന പഹല്‍ഗാമില്‍ നിന്ന് ഏകദേശം ആറ് കിലോമീറ്റര്‍ അകലെയുള്ള ബൈസാരനിലാണ് ആക്രണമുണ്ടായത്. ഇടതൂര്‍ന്ന പൈന്‍ വനങ്ങളാലും പര്‍വതങ്ങളാലും ചുറ്റപ്പെട്ട വിശാലമായ ഒരു പുല്‍മേടാണിവിടം. രാജ്യത്തിനകത്തും പുറത്തുമുള്ള സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാണിത്. മിനി സ്വിറ്റ്സര്‍ലന്‍ഡ് എന്ന് വിളിപ്പേരുള്ള ഈ പുല്‍മേട്ടിലേക്ക് കടന്നുവന്ന ആയുധധാരികളായ ഭീകരര്‍, ഭക്ഷണശാലകള്‍ക്ക് ചുറ്റും കൂടിനിന്നവരും കുതിര സവാരി നടത്തുകയായിരുന്നവരുമടക്കമുള്ള വിനോദസഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്ന് ഉദ്യോഗസ്ഥരും ദൃക്‌സാക്ഷികളും പറഞ്ഞു. 20 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്താന്‍ ആസ്ഥാനമായുള്ള ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) ഭീകര സംഘടനയുടെ നിഴല്‍ സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഭീകരാക്രമണത്തെ ശക്തമായി അപലപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആക്രമണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദേശീയ അന്വേഷണ ഏജന്‍സി സംഘം നാളെ പഹല്‍ഗാമില്‍ എത്തിച്ചേരും. ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആര്‍മി വടക്കന്‍ മേഖല കമാന്‍ഡറും ശ്രീനഗറിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസം കേന്ദ്രങ്ങളില്‍ നിരീക്ഷണം ശക്തമാക്കുമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. രാജ്യതലസ്ഥാനത്തെ മറ്റ് പ്രധാനപ്പെട്ട ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആക്രമണത്തെ ശക്തമായി അപലപിച്ച ആര്‍എസ്എസ്, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരായ ആക്രമണമെന്ന് സംഭവത്തെ വിമര്‍ശിച്ചു. സര്‍ക്കാര്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. രാഷ്ട്രീയ പാര്‍ട്ടികളെ കേന്ദ്രസര്‍ക്കാര്‍ വിശ്വാസത്തിലെടുക്കണമെന്നും ഈ ഭീകരാക്രമണത്തിന് മറുപടി നല്‍കാതിരിക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പ്രതികരിച്ചു. അതിനിടെ സംഭവം നടന്ന പഹല്‍ഗാമില്‍ മെഴുകുതിരിയേന്തി നാട്ടുകാര്‍ പ്രതിഷേധ പ്രകടനം നടത്തി. ആക്രമണം നടത്തിയ ഭീകരര്‍ക്കെതിരെയാണ് പഹല്‍ഗാമിലെ വ്യാപാരികള്‍ പ്രതിഷേധിച്ചത്.
ചോരക്കളമായി 'ഇടയന്മാരുടെ താഴ്വര'
സമുദ്രനിരപ്പില്‍നിന്ന് 7200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് പഹല്‍ഗാം. ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ അതിമനോഹരമായ സ്ഥലമാണിത്. വേനല്‍ക്കാലത്തുപോലും നേരിയ മഞ്ഞുപാളികളാല്‍ പൊതിഞ്ഞുനില്‍ക്കുന്ന പ്രദേശം. വലിയ പൈന്‍ വനങ്ങളാലും ഹിമാലയന്‍ കൊടുമുടികളാലും ചുറ്റപ്പെട്ടാണ് പഹല്‍ഗാം സ്ഥിതി ചെയ്യുന്നത്. 'ഇടയന്മാരുടെ താഴ്വര' എന്നറിയപ്പെടുന്ന പഹല്‍ഗാം, ശാന്തതയും പ്രകൃതിഭംഗിയുമാണ് വാഗ്ദാനം ചെയ്യുന്നത്. വേനല്‍ക്കാലത്ത് വിനോദസഞ്ചാരികള്‍ ഒഴുകിയെത്തുന്ന ഈയിടത്താണിപ്പോള്‍ അശാന്തി പടര്‍ന്നത്.
കാശ്മീരിന്റെ ഏറ്റവും ഭംഗിയാര്‍ന്ന പ്രദേശങ്ങളിലൊന്നാണ് പഹല്‍ഗാം. കുതിരസവാരിയാണ് ആളുകള്‍ സഞ്ചാരത്തിനായി ആശ്രയിക്കുന്നത്. വലിയ മരങ്ങളുടെ വേരുകളുള്ള പാതയോരങ്ങളാണിവിടെയുള്ളത്. ബൈസാറന്‍ താഴ്വര ഇവിടുത്തെ പ്രധാന ആകര്‍ഷണമാണ്. മിനി സ്വിറ്റ്‌സര്‍ലന്റ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. പച്ച പുല്‍ത്തടികള്‍കൊണ്ട് നിറഞ്ഞ ഇവിടുത്തെ മേച്ചില്‍ ഭൂമിക്ക് ചുറ്റിലും പൈന്‍ മരങ്ങളാണ്. ബജ്രംഗി ഭായിജാന്‍ അടക്കമുള്ള ചലച്ചിത്രങ്ങളുടെ ചിത്രീകരണം ഇവിടെവെച്ചാണ് നടത്തിയിട്ടുണ്ട്. പഹല്‍ഗാമിലെ പ്രധാനപ്പെട്ട മറ്റൊരു സ്ഥലമാണ് ബേതാബ് എന്ന താഴ്വര. 1983-ല്‍ പുറത്തിറങ്ങിയ 'ബേതാബ്'എന്ന സിനിമ ഇവിടെയാണ് ചിത്രീകരിച്ചത്. അങ്ങനെയാണ് ആ പേര് വന്നത്.
കശ്മീരിലെ ഗുല്‍മാര്‍ഗ്, സോനാമാര്‍ഗ്, ശ്രീനഗര്‍, പഹല്‍ഗാം എന്നീ സ്ഥലങ്ങളിലേക്ക് വര്‍ഷംതോറും നിരവധി സഞ്ചാരികളെത്താറുണ്ട്. സ്‌കീ റിസോര്‍ട്ടുകളാല്‍ പ്രശസ്തമായ സ്ഥലമാണ് ഗുല്‍മാര്‍ഗ്. സ്‌കീയിങ്ങിന് സൗകര്യങ്ങളുള്ളവയാണ് ഇത്തരം റിസോര്‍ട്ടുകള്‍. നീളത്തിലും ഉയരത്തിലും ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനമുള്ള ഗുല്‍മര്‍ഗ് ഗൊണ്ടോള എന്ന കേബിള്‍ കാറില്‍ സഞ്ചരിക്കാനും ആളുകള്‍ ഇവിടെയെത്തുന്നു. ഹിമാലയന്‍ മലനിരകള്‍ നിറഞ്ഞ കശ്മീര്‍ ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം അശാന്തഭൂമിയായി വാര്‍ത്തകളില്‍ നിറയുമ്പോഴും പ്രകൃതിരമണീയമായ കാഴ്ചകളാല്‍ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളാല്‍ എന്നും സമ്പന്നമാണ്.