ക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തും; കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര; കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം; കുടുംബങ്ങള്‍ക്ക് 25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്; യുവ സംരംഭകര്‍ക്ക് 5 ലക്ഷം പലിശരഹിത വായ്പ; കേരളം പിടിക്കാന്‍ ഗ്യാരണ്ടികളുമായി യുഡിഎഫ്; പ്രഖ്യാപനം നടത്തി രാഹുല്‍ ഗാന്ധി
അഞ്ച് ഗ്യാരൻ്റികൾ പ്രഖ്യാപിച്ച് യുഡിഎഫ്
തിരുവനന്തപുരം: കേരളം പിടിക്കാന്‍ ഗ്യാരണ്ടികളുമായി യുഡിഎഫ്. വി ഡി സതീശന്‍ നയിച്ച പുതുയുഗ യാത്രയുടെ സമാപന വേളയില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപനങ്ങള്‍ നടത്തി. സാമൂഹിക ക്ഷേമത്തില്‍ ഊന്നിയുള്ള പ്രഖ്യാപനമാണ് രാഹുല്‍ ഗാന്ധി നത്തിയത്. ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനുമായി അഞ്ച് വാഗ്ദാനലാണ് യുഡിഎഫ് മുന്നോട്ടുവെച്ചത്.
ഓരോ കുടുംബങ്ങള്‍ക്കും മികച്ച ആരോഗ്യപരിരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. കുടുംബങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങള്‍ ലഘൂകരിക്കാനും സംരംഭകത്വം, വയോജന സംരക്ഷണം എന്നീ മേഖലകളില്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കാനും സഹായകമാകുന്ന രീതിയിലാണ് ഈ ഗ്യാരന്റികള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
ഇവയാണ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച ഗ്യാരണ്ടികള്‍:
1. സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര, വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചിലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെണ്‍കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നല്‍കും.
2. ക്ഷേമ പെന്‍ഷന്‍ 3,000 ആയി ഉയര്‍ത്തും: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെന്‍ഷന്‍ 3,000 രൂപയായി വര്‍ദ്ധിപ്പിക്കും.
3. കുടുംബങ്ങള്‍ക്ക് 25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ്: 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി'യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കും. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവര്‍ക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
4. യുവ സംരംഭകര്‍ക്ക് 5 ലക്ഷം പലിശ രഹിത വായ്പ: സംരംഭങ്ങള്‍ തുടങ്ങുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും യുവാക്കള്‍ക്ക് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ നല്‍കും.
5. മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രത്യേക വകുപ്പ്: കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ് എന്നിവ ഉറപ്പാക്കുന്നതിന് പ്രത്യേക വകുപ്പ് രൂപീകരിക്കും.
കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക, സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുക, എല്ലാ പൗരന്മാര്‍ക്കും സമഗ്രമായ സാമൂഹിക സുരക്ഷ ഒരുക്കുക എന്നിവയാണ് ഈ പദ്ധതികളുടെ കാതല്‍. സാധാരണക്കാരുടെ ജീവിത നിലവാരം നേരിട്ട് മെച്ചപ്പെടുത്തുന്ന ഉള്‍ക്കൊള്ളുന്ന വികസനമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്.
ജനക്ഷേമം, പുതിയ തൊഴില്‍ അവസരങ്ങള്‍, അന്തസുള്ള ജീവിതം എന്നിവയില്‍ അധിഷ്ഠിതമായ ഗ്യാരന്റികളാണ് യു.ഡി.എഫ് ഈ വാഗ്ദാനങ്ങളിലൂടെ മുന്നോട്ട് വെക്കുന്നത്. യു.ഡി.എഫിന്റെ വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളില്‍ പുറത്തിറക്കും.
കേന്ദ്രത്തെയും കേരളത്തെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു. യുഎസുമായി വ്യാപാര കരാര്‍ ഒപ്പിട്ടതോടെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ വഞ്ചിച്ചതായി രാഹുല്‍ ഗാന്ധി പറഞ്ഞു. അമേരിക്ക പറയുന്നവരില്‍നിന്നു മാത്രമേ എണ്ണ വാങ്ങൂ എന്ന് പ്രധാനമന്ത്രി ധാരണയിലെത്തി. ജനങ്ങളുടെ ഡേറ്റ ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസിന് അടിയറവുവച്ചു. എപ്സ്റ്റീന്‍ ഫയലുകള്‍ ഇനിയും പുറത്തു വരാനുണ്ട്. ഫയലുകളില്‍ പ്രധാനമന്ത്രിയുടെ പേരുമുണ്ട്. പരിഭ്രമിച്ചാണ് അമേരിക്കയുമായുള്ള കരാറില്‍ പ്രധാനമന്ത്രി ഒപ്പിട്ടത്. ട്രംപാണ് പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത്. അതുപോലെയാണ് പ്രധാനമന്ത്രി കേരള മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.
'' എന്നെ 55 മണിക്കൂര്‍ ഇ.ഡി ചോദ്യം ചെയ്തു. എന്നാല്‍, മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഇ.ഡി ഒരു നടപടിയും സ്വീകരിച്ചില്ല. കാരണം വ്യക്തമാണ്, അവര്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സിപിഎംബിജെപി എന്നല്ല, കേരളത്തില്‍ 'സിജെപി' എന്നാണ്. അവര്‍ ഒറ്റക്കെട്ടാണെന്ന് എല്ലാപേര്‍ക്കും അറിയാം'' രാഹുല്‍ പറഞ്ഞു.
100 സീറ്റുമായി യുഡിഎഫ് അധികാരത്തില്‍ വരും
നൂറിലധികം സീറ്റുകള്‍ നേടി യു ഡി എഫ് അധികാരത്തില്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രഖ്യാപിച്ചു. തകര്‍ന്നടിഞ്ഞ കേരളത്തെ യു ഡി എഫ് കൈപിടിച്ചുയര്‍ത്തുമെന്നും വാഗ്ദാനം ചെയ്തു. ജാഥ നെഞ്ചേറ്റിയ കേരള ജനതയ്ക്ക് വികാരാധീനനായി അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു വി ഡി സതീശന്‍. പുതുയുഗ യാത്രയെ ജനങ്ങള്‍ അവരുടേതാക്കി. യാത്ര നെഞ്ചേറ്റിയവര്‍ക്ക് നിറകണ്ണുകളോടെ നന്ദി പറയുന്നതായും സതീശന്‍ വ്യക്തമാക്കി.. യു ഡി എഫ് കേരളത്തെ കൈപിടിച്ചുയര്‍ത്തും. നമ്മള്‍ ഇനി അധികാരത്തില്‍ വരാന്‍ പോകുന്ന മുന്നണി. ടീം യു ഡി എഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലേറുമെന്നും ജാഥാ ക്യാപ്റ്റന്‍ വി ഡി സതീശന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ഭരണമാറ്റത്തിനായി ജനങ്ങള്‍ കാതോര്‍ത്തു നില്‍ക്കുകയാണെന്ന് എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാര്‍ നാടിനെ നശിപ്പിച്ചെന്നും പിണറായി വിജയന്‍ നാട്ടുകാരനാണെന്ന് പറയാന്‍ ലജ്ജയുണ്ടെന്നും കെ.സുധാകരന്‍ പറഞ്ഞു. എത്ര പരസ്യം നല്‍കിയാലും സര്‍ക്കാരിന്റെ മുഖം നന്നാക്കാനാകില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒരു വന്‍കിട വികസനപ്രവര്‍ത്തനവും നടന്നില്ല. സാധാരണക്കാരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടായില്ല. ജനം തുടര്‍ ഭരണത്തിന് ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
സിഎംപി നേതാവ് സി.പി.ജോണ്‍ സ്വാഗതം പറഞ്ഞു. രാജ്യാന്തര ജനാധിപത്യസമൂഹം പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നേതാവാണ് രാഹുല്‍ഗാന്ധിയെന്ന് സി.പി.ജോണ്‍ പറഞ്ഞു. യാത്രയുടെ വിജയത്തിന് സഹകരിച്ച എല്ലാവര്‍ക്കും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് നന്ദി പറഞ്ഞു.
