നേപ്പാളില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ നിരോധനത്തില്‍ യുവജന പ്രക്ഷോഭം; കാഠ്മണ്ഡുവില്‍ തെരുവുയുദ്ധം; ജെന്‍ സി പ്രതിഷേധത്തിന് നേരെ വെടിവയ്പ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു; നൂറോളം പേര്‍ക്ക് പരിക്കേറ്റു; പാര്‍ലമെന്റ് വളഞ്ഞു പ്രതിഷേധക്കാര്‍; പട്ടാളത്തെ വിന്യസിച്ചു; നിരോധനാജ്ഞ പ്രഖ്യാപിച്ചു; നിരോധനം അഴിമതി മൂടിവയ്ക്കാനെന്ന് ആരോപണം
നേപ്പാളില്‍ സോഷ്യല്‍ മീഡിയ സൈറ്റുകളുടെ നിരോധനത്തില്‍ യുവജന പ്രക്ഷോഭം
കാഠ്മണ്ഡു: നേപ്പാളില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ യുവജന പ്രക്ഷോഭം കടുക്കുന്നു. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ്, യൂട്യബ് തുടങ്ങിയ ആപ്പുകള്‍ക്കം 26 ഓളം സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിന് പിന്നാലെ ഉയര്‍ന്ന പ്രതിഷേധം തെരുവുയുദ്ധമായി മാറുകയായിരുന്നു. പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. തലസ്ഥാന നഗരമായ കാഠ്മണ്ഡുവില്‍ പലയിടങ്ങളിലും പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് തദ്ദേശ ഭരണകൂടങ്ങള്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
വെടിവയ്പ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ എവറസ്റ്റ് ആശുപത്രിയിലേക്കും സിവില്‍ ആശുപത്രിയിലേക്കും മാറ്റി. ന്യൂ ബനേശ്വറിലാണ് പ്രതിഷേധത്തിന് നേരെയുണ്ടായ പൊലീസ് വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാര്‍ നിരോധിത പ്രദേശങ്ങളിലേക്കും പാര്‍ലമെന്റ് പരിസരത്തേക്കും കടന്നതോടെയാണ് പൊലീസ് വെടിവയ്പ്പ് നടത്തിയത്. നേപ്പാള്‍ സര്‍ക്കാരിന്റെ അഴിമതിക്കെതിരെയും സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചതിനെതിരെയുമാണ് നേപ്പാളില്‍ ജെന്‍ സികളുടെ പ്രതിഷേധം.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഓഗസ്റ്റ് 28 വരെ നേപ്പാള്‍ സര്‍ക്കാര്‍ ഏഴ് ദിവസത്തെ സമയ പരിധി നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇത് ബുധനാഴ്ച രാത്രി അവസാനിച്ചതോടെയാണ് സൈറ്റുകള്‍ നിരോധിച്ചത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് മെസഞ്ചര്‍, യൂട്യൂബ്, വാട്സ്ആപ്പ്, എക്സ്, ലിങ്ക്ഡ് ഇന്‍, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, ഡിസ്‌കോര്‍ഡ്, പിന്ററസ്റ്റ്, സിഗ്‌നല്‍, ത്രെഡ്സ്, വീ ചാറ്റ്, ക്വോറ, ടംബ്ലര്‍, ക്ലബ് ഹൗസ്്, മാസ്റ്റോഡണ്‍, റംബിള്‍, വികെ, ലൈന, ഐഎംഒ, സാലോ, സോള്‍, ഹംറോ പാട്രോ എന്നിവ അടക്കമാണ് നിരോധിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
സാമൂഹ്യ മാധ്യമങ്ങളുടെ നിരോധനത്തിന് പുറമെ രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന അഴിമതിയുടെ സംസ്‌കാരത്തെ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് നേപ്പാളിലെ യുവജനങ്ങള്‍ വമ്പന്‍മാര്‍ച്ച് സംഘടിപ്പിച്ചത്. ആയിരക്കണക്കിന് നേപ്പാളി ജെന്‍ സി തലമുറയില്‍ പെട്ട യുവാക്കളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്.
രാജ്യത്ത് രജിസ്റ്റര്‍ ചെയ്യാത്ത 26 സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളെ സര്‍ക്കാര്‍ നിരോധിച്ചതിന് പിന്നാലെ ഫെയ്സ്ബുക്ക്, യൂട്യൂബ്, എക്സ് തുടങ്ങി നിരവധി സാമൂഹികമാധ്യമങ്ങള്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ നേപ്പാളില്‍ ലഭ്യമല്ലാതായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് യുവാക്കള്‍ പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചത്. പാര്‍ലമെന്റ് വളഞ്ഞ യുവാക്കള്‍, പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ ഭരണകൂടം അഭിപ്രാസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയാണെന്നും പൊതുജനങ്ങളുടെ ആശങ്കകളെ അവഗണിക്കുകയാണെന്നും ആരോപിച്ചു.
പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് റബര്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തു. ഇതിനിടെ പ്രതിഷേധക്കാരില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടമായതായും നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. പരിക്കേറ്റവരില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകരുമുണ്ടെന്നാണ് വിവരം. പ്രതിഷേധക്കാര്‍ പാര്‍ലമെന്റിന്റെ പ്രധാന കവാടം തകര്‍ക്കുകയും വളപ്പിലേക്ക് അതിക്രമിച്ച് കയറുകയും പ്രവേശന കവാടത്തിന് തീയിടുകയും ചെയ്തതിനെ തുടര്‍ന്നാണ് ആകാശത്തേക്ക് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു.
തുടക്കത്തില്‍ സമാധാനപരമായിരുന്ന പ്രകടനങ്ങള്‍ അക്രമാസക്തമായ ഏറ്റുമുട്ടലുകളിലേക്ക് മാറിയതിനെ തുടര്‍ന്ന്, ബാനേശ്വര്‍, ലൈന്‍ചൗര്‍ തുടങ്ങിയ തന്ത്രപ്രധാനമായ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേപ്പാളിലെ പുതിയ സോഷ്യല്‍ മീഡിയ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, എക്സ്, ലിങ്ക്ഡ്ഇന്‍ തുടങ്ങി 26 പ്രമുഖ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളെ തടയാന്‍ സര്‍ക്കാര്‍ നീങ്ങിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്.
രജിസ്റ്റര്‍ ചെയ്യാന്‍ ഏഴുദിവസത്തെ സമയം അനുവദിച്ചെങ്കിലും കമ്പനികള്‍ അത് പ്രയോജനപ്പെടുത്തിയില്ലെന്ന് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പറഞ്ഞു. ഇതിന് പിന്നാലെയാണ് നിരോധനം നിലവില്‍ വന്നത്.