14 ലക്ഷവും പലിശയുമാണ് കിട്ടാനുള്ളത്; പൈസ അവിടെ നിക്ഷേപിക്കണോയെന്ന് സാബു ചോദിക്കുമായിരുന്നു; സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോള്‍ പണം എത്രയും വേഗം തരണമെന്ന് പറഞ്ഞിരുന്നു; അപ്പോള്‍ തന്നെ പന്തികേട് മനസിലായിരുന്നു; മുളങ്ങാശേരില്‍ സാബുവിന്റെ ജീവനെടുത്തതും സഹകരണ ചതി; കട്ടപ്പനയിലെ കള്ളക്കളികള്‍ മേരിക്കുട്ടി പറയുമ്പോള്‍

Update: 2024-12-21 04:59 GMT

കട്ടപ്പന: മുളങ്ങാശേരില്‍ സാബുവിന്റെ ഭാര്യ മേരിക്കുട്ടി ഭാര്യ വിതുമ്പി കരഞ്ഞ് ചതി പറയുമ്പോള്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വസ്തുത. കൈയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ കട്ടപ്പന റൂറല്‍ ഡവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിക്ഷേപിച്ച സാബു ഒടുവില്‍ ആ ബാങ്കിന് മുന്നില്‍ കെട്ടിതൂങ്ങി മരിച്ചു. പണം തിരകെ കിട്ടാന്‍ ഒരുപാട് ബുദ്ധിമുട്ടിയെന്നും നിവര്‍ത്തിയില്ലാതെയാണ് ആത്മഹത്യയെന്നും സാബുവിന്റെ ഭാര്യ തിരിച്ചറിയുന്നു. നിക്ഷേപകന് ഇട്ട പണം നല്‍കി കൊടുക്കാത്ത സൊസൈറ്റിയാണ് സാബുവിന്റെ ആത്മഹത്യയ്ക്ക് കാരണം.

2007 മുതല്‍ ആ ബാങ്കിലാണ് പണം നിക്ഷേപിക്കുന്നത്. പണം അവിടെ നിക്ഷേപിക്കണോ എന്ന് സാബു പലപ്പോഴും ചോദിക്കുമായിരുന്നു. ബാങ്കില്‍ നിന്ന് പണം തിരികെ ചോദിച്ച് സാബു മടുത്തിരുന്നുവെന്നും മേരിക്കുട്ടി പഞ്ഞു. ഭാര്യയുടെ ചികിത്സാ ആവശ്യത്തിന് നിക്ഷേപത്തുക ചോദിച്ചപ്പോള്‍ തിരികെ നല്‍കാത്തതിനെത്തുടര്‍ന്നാണ് കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേപകനുമായ മുളങ്ങാശേരില്‍ സാബു സഹകരണ സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്. സാബുവിനെ മുന്‍ ബാങ്ക് ഭാരവാഹിയും സിപിഎം മുന്‍ ഏര്യാ സെക്രട്ടറിയുമായ വിആര്‍ സജി ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. സിപിഎമ്മും എതിരാണെന്ന് ഈ ഫോണ്‍ സംഭാഷണത്തോടെ വ്യക്തമായി. ഇതേ തുടര്‍ന്നായിരുന്നു ബാബുവിന്റെ മരണം. മാധ്യമങ്ങളോട് സൊസൈറ്റിക്കെതിരെ മേരിക്കുട്ടി സംഭവിച്ചത് വിശദീകരിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയില്‍ പ്രവാസ ജീവിതം നയിച്ചിരുന്നു സാബു. അങ്ങനെ സമ്പാദിച്ച 60 ലക്ഷം രൂപ ഈ ബാങ്കില്‍ നിക്ഷേപിച്ചു. എന്നാല്‍ പണം തിരികെ കൊടുക്കാതെ വന്നു. പിന്നീട് പലപ്പോഴായി 40 ലക്ഷം കൊടുത്തു. ബാക്കി 20 ലക്ഷം ബാങ്കില്‍ ഇപ്പോഴുമുണ്ട്. ഇതിനിടെയാണ് ഭാര്യയ്ക്ക് അസുഖം വന്നത്. ആശുപത്രി ബില്‍ അടയ്ക്കാനാണ് പണം ചോദിച്ചത്. പക്ഷേ ആരും നല്‍കിയില്ല.

മേരിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത് ചുവടെ

ഉണ്ടായിരുന്ന പൈസ മുഴുവന്‍ അവിടെയാണ് നിക്ഷേപിച്ചിരുന്നത്. അടുത്തുള്ള സന്ധ്യ എന്ന കുട്ടി കുറച്ച് നിക്ഷേപം നടത്തുമോ എന്ന് ചോദിച്ചു. അങ്ങനെയാണ് പണം നിക്ഷേപിച്ചത്. 2007 മുതല്‍ ആ ബാങ്കിലാണ് പണം നിക്ഷേപിക്കുന്നത്. നമ്മുടെ പൈസകൊണ്ട് അവര്‍ നന്നായി പണമുണ്ടാക്കിയിട്ടുണ്ട്. അതുപോലെ പൈസ ഇട്ടിട്ടുണ്ട് ഞങ്ങള്‍. സ്ഥലക്കേസ് വന്നപ്പോഴാണ് അത്യാവശ്യമായി പണം എടുക്കേണ്ടി വന്നത്. അഡ്വാന്‍സ് കൊടുക്കാന്‍ പത്ത് ലക്ഷം രൂപ വേണ്ടിവന്നു. ഇതിനായി ചെന്നപ്പോള്‍ ഇപ്പോള്‍ ഉണ്ടാകില്ല, പെട്ടന്ന് പറഞ്ഞാല്‍ കാശ് ഉണ്ടാകില്ലെന്ന് സെക്രട്ടറിയും മറ്റു പറഞ്ഞു.

സ്ഥലം വാങ്ങാന്‍ ഒരുപാട് നാളായി ആലോചിക്കുന്നത്. എങ്ങനെയെങ്കിലും പണം തരണമെന്ന് ഒരുപാട് ആഭ്യര്‍ഥിച്ചപ്പോള്‍ കുറച്ച് പൈസ ആദ്യം തന്നു. മൂന്ന് ലക്ഷം രൂപ തരികയും അത് അഡ്വാന്‍സായി കൊടുക്കുകയും ചെയ്തു. സ്ഥലം വാങ്ങാന്‍ 34 ലക്ഷം രൂപ വേണ്ടിവന്നു. ബാങ്കില്‍ ചെല്ലുമ്പോള്‍ നടക്കുന്ന കേസല്ല, നിങ്ങള്‍ പറയുമ്പോള്‍ കാശുണ്ടികില്ലെന്ന് പറയും. ഞങ്ങള്‍ നിക്ഷേപിച്ച് പണത്തിന് വേണ്ടിയാണ് കേറിയിറങ്ങിയത്. അന്ന് 55-60 ലക്ഷം രൂപ അവിടെ കിടക്കുകയായിരുന്നു. ആ പൈസയില്‍നിന്ന് തരാനല്ലെ പറയുന്നത് എന്ന് ചോദിച്ചു. അതുപോലും തരാന്‍ അവര്‍ക്ക് പറ്റാത്ത അവസ്ഥയായിരുന്നു. ഒരുപാട് നടന്നാണ് അവസാനം ഒരുതരത്തില്‍ പൈസ വാങ്ങിയത്.

ഈ അടുത്ത് ഒരു ആശുപത്രി കേസ് വന്നു. ഇന്‍ഷുറന്‍സ് ഉണ്ടായിരുന്നു. പക്ഷേ, യൂട്രസ് സംബന്ധമായ അസുഖത്തിന് രണ്ട് വര്‍ഷം കഴിയാതെ ഇന്‍ഷുറന്‍സ് ലഭിക്കില്ലെന്ന് പറഞ്ഞു. ശസ്ത്രക്രിയ്ക്ക് രണ്ട് ലക്ഷം രൂപയെങ്കിലും വേണമായിരുന്നു. എന്റെ പേരിലുള്ളതും സാബുവിന്റെ പേരിലുള്ളതുമായ മൂന്ന് റസീപ്റ്റും കൊണ്ടാണ് ബാങ്കില്‍ ചെന്നത്. പൈസ തരാന്‍ ഒരു രക്ഷയുമില്ല. നിങ്ങള്‍ക്ക് മാസം മാസം തരാമെന്ന് പറഞ്ഞ വീതം കഴിഞ്ഞു, ഇനി നിങ്ങള്‍ അടുത്തമാസം 30-ാം തീയതി വന്നാല്‍ മതിയെന്ന് സെക്രട്ടറി പറഞ്ഞു. അതോടെ പൈസയില്ലാതെ ആശുപത്രിയില്‍ പോയി. പിറ്റേ ദിവസം സാബു ചെന്നിട്ട് നടന്നില്ല. പിന്നെ കൊച്ചിനെ പറഞ്ഞുവിട്ട്. അമ്മയുടെ അസുഖക്കേസാണ് പൈസ തരണമെന്ന് കൊച്ച് പറഞ്ഞു. അതോടെ വൈകുന്നേരമായപ്പോള്‍ 40,000 രൂപയും പിറ്റേ ദിവസം 40,000 രൂപയുമടക്കം മൊത്തം 80,000 രൂപ തന്നു.

പിറ്റേദിവസം 10 മണിയാകുമ്പോഴാണ് സാബു ബാങ്കില്‍ ചെല്ലുന്നത്. ബിനോയി എന്ന് പറയുന്നയാള്‍ പോടാ പുല്ലേ എന്ന് പറഞ്ഞു. പൈസ ഇപ്പോള്‍ ഉണ്ടാകില്ല, ഞാനാ സെക്രട്ടറി ഞാനാ പൈസ വാങ്ങിയത് എന്നോട് പറയാന്‍ സെക്രട്ടറി റെജി പറഞ്ഞു. അവര്‍ പിടിച്ചു തള്ളിയെന്നാണ് സാബു പറഞ്ഞത്. ഇതോടെ വലിയ വിഷമത്തിലായിരുന്നു സാബു. മൂന്ന് മണിക്ക് പൈസ ഇട്ടു തരാമെന്ന് അവര്‍ പറഞ്ഞത്. മൂന്ന് മണിക്ക് ആശുപത്രിയില്‍നിന്ന് ഞാന്‍ വിളിച്ചു. സെക്രട്ടറിയെ വിളിച്ചപ്പോള്‍ 80,000 രൂപ തന്നുവെന്നും ഈമാസത്തെ വിഹിതം കഴിഞ്ഞുവെന്നും പറഞ്ഞു. പണം ഇനി ഉണ്ടാകില്ലെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പൈസ തരാതെ പറ്റില്ല, ഓപ്പറേഷന്‍ കേസാണ് റെഡിയാക്കി തരണം എന്ന് ഞാന്‍ പറഞ്ഞു.

സാബു വീണ്ടും വിളിച്ചപ്പോള്‍ വേറെ ഒരാളാണ് ഫോണ്‍ എടുത്തത്. മറ്റൊരാളുടെ കൈയ്യില്‍ ഫോണ്‍ കൊടുക്കാമെന്ന് അയാള്‍ സാബുവിനോട് പറഞ്ഞു. വി.ആര്‍.സജിയാണ് സംസാരിച്ചത്. അപ്പോഴാണ് ഭീഷണി സന്ദേശം വന്നത്. നിനക്കിട്ട് പണി വെച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഇതെല്ലാം എന്നോട് പറഞ്ഞിരുന്നു. രാത്രി വിളിച്ചതുമാണ്. ഓപ്പറേഷന്‍ കഴിഞ്ഞ് വരട്ടെ, അതുകഴിഞ്ഞ് നമുക്ക് പോകാം. പൈസ എങ്ങനെലും ഉണ്ടാകും എന്ന് പറഞ്ഞതാണ്. നമ്മള്‍ ഒരു ട്രാപ്പില്‍പെട്ടുപോയി, ഇനി ആ പൈസ കിട്ടില്ല എന്ന് സാബു പറഞ്ഞു. ജോയി വെട്ടുകുഴി സാറിനെ പോയി കാണാമെന്ന് സാബു പറഞ്ഞു. നമ്മളായിട്ട് ഒരു സ്ഥാപനം നശിപ്പിക്കരുതെന്ന് പറഞ്ഞ് ഞാനാണ് സമാധാനിപ്പിച്ചത്. പലപ്രാവശ്യം സാബു പലരെ കൂട്ടി പോകാന്‍ ഒരുങ്ങിയതാണ്. ഒരുപാട് പിടിപാടൊന്നും ഇല്ലെങ്കിലും എന്നാലും പലരേയും കൂട്ടിക്കൊണ്ടുപോകാന്‍ നോക്കിയതാണ്. ഞാനാണ് തടഞ്ഞത്. ഒരു ബാങ്ക് അല്ലേ എന്ന് പറഞ്ഞ് ഞാനാണ് പിന്തിരിപ്പിച്ചത്. ഇപ്പോള്‍ ആര്‍ക്ക് പോയി.

ഇനി 14 ലക്ഷവും അതിന്റെ പലിശയുമാണ് കിട്ടാനുള്ളത്. പൈസ അവിടെ നിക്ഷേപിക്കണോയെന്ന് സാബു ചോദിക്കുമായിരുന്നു. സ്ഥലം വാങ്ങിക്കഴിഞ്ഞപ്പോള്‍ പണം എത്രയും വേഗം തരണമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ തന്നെ പന്തികേട് മനസിലായിരുന്നു. പണം കിട്ടാന്‍ അത്രയും ബുദ്ധിമുട്ടിയിരുന്നു. പലപ്പോഴും മണിക്കൂറുകള്‍ ഇരുന്നിട്ടാണ് പണം കിട്ടിയത്. ആദ്യം ബോര്‍ഡ് മെമ്പര്‍മാര്‍ മീറ്റിങ് കൂടി 5 ലക്ഷം രൂപ മാസം തരാമെന്ന് പറഞ്ഞത്. 5 ലക്ഷം രൂപവെച്ച് ഒരുമാസം പോലും തന്നില്ല. പിറ്റേമാസം ചെന്നപ്പോള്‍ അത് നടക്കില്ല, ലോണ്‍ ആയി മൊത്തം പുറത്ത് കിടക്കുകയാണ് പൈസ പിരിഞ്ഞു കിട്ടുന്നില്ല എന്ന് പറഞ്ഞു. അതുകഴിഞ്ഞ് 3 ലക്ഷം രൂപ വീതം തന്ന് ഒരുവര്‍ഷം കൊണ്ട് ക്ലിയര്‍ ആക്കാമെന്ന് പറഞ്ഞു. ജനുവരിയില്‍ മൂന്ന് ലക്ഷം തന്നു. ഫെബ്രുവരി മുതല്‍ അതും ഇല്ലെന്ന് പറഞ്ഞു. അതും കഴിഞ്ഞ് ഒരുപാട് നടത്തിച്ചു. ഒടുവില്‍ ഒരുലക്ഷം രൂപവെച്ച് തരാം അതങ്ങ് സമ്മതിക്കാന്‍ ബോര്‍ഡ് മെമ്പര്‍ പറഞ്ഞു. അത് ഞങ്ങള്‍ സമ്മതിക്കാന്‍ നിര്‍ബന്ധിതരായി. ചെല്ലുമ്പോള്‍ നാളെ വാ, നാളെ കഴിഞ്ഞുവാ എന്ന് പറയും. ഒടുവിലായപ്പോഴേക്കും സാബുവിന് മടുത്തിരുന്നു.

Tags:    

Similar News